ഇന്ത്യയിൽ പാകിസ്ഥാനായി ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറത്ത് നിന്നെന്ന് സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി
ഇന്ത്യയിൽ പാകിസ്ഥാനായി ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറത്ത് നിന്നായിരുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു മലപ്പുറത്ത് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞതെന്നും മുൻ മന്ത്രികൂടിയായ പാലൊളി മുഹമ്മദ് കുട്ടി പറയുന്നു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിലാണ് പാലൊളിയുടെ പ്രതികരണമുള്ളത്.
പാലൊളി മുഹമ്മദ് കുട്ടിയുടെ വാക്കുകൾ ഇങ്ങനെ..
‘മുസ്ലിംലീഗ് മുന്നോട്ട് വെച്ചത് പാക്കിസ്ഥാൻ വാദമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നുമായിരുന്നു. അന്ന് മുസ്ലിം സമുദായത്തിലുള്ള ആളുകൾ ബ്രിട്ടീഷ് അനുകൂലികൾ ആയിരുന്നു. അതുകൊണ്ടുതന്നെ അവർ ഉന്നയിച്ച പാകിസ്ഥാൻ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചു.
അന്ന് മലബാറിലെ മുസ്ലിം ലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെഎം സീതി സാഹിബ്, സത്താർ സേട്ട് എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു മലപ്പുറത്ത് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞത്’.
അതേസമയം മുസ്ലിംലീഗ് വർഗീയ ശക്തികളോട് കീഴ്പ്പെടുന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന വിമർശനമാണ് സിപിഎം മലപ്പുറം സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി ഉയർത്തിയത്. ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കിൽ വൻദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.