national news
സെയ്ഫ് അലിഖാനെതിരായ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ സ്വവസതിയില്‍ വെച്ച് ആക്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശില്‍ നിന്നുമുള്ള വ്യക്തിയെയാണ് മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. മറ്റ് കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണം നേരിട്ട് 50 മണിക്കൂറിലധികം കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് 30 അംഗസംഘത്തെ പൊലീസ് വിന്യസിച്ചിരുന്നു.
ഇന്നലെയും സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുമായി രൂപസാദൃശ്യം മാത്രമേ ഉള്ളൂവെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെന്നും പൊലീസ് അറിയിച്ചിരുന്നു.
ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫ് അലിഖാന് വസതിയില്‍ വെച്ച് കുത്തേറ്റത്. ഫയര്‍ എസ്‌ക്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വസതിയുടെ 11ാം നിലയിലേക്ക് പ്രവേശിച്ചതെന്നും മോഷണത്തിന്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്നും പ്രാഥമിക വിവരം വന്നിരുന്നു
മോഷണത്തിനായി ഫ്‌ളാറ്റില്‍ നുഴഞ്ഞുകയറിയ പ്രതി ഒന്നിലധികം തവണ സെയ്ഫ് അലിഖാനെ കുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആക്രമണത്തില്‍ സെയ്ഫ് അലിഖാന് നട്ടെല്ലിന് പരിക്കേറ്റതായും പ്രതി ആക്രമണത്തിനുപയോഗിച്ച ആക്‌സോ ബ്ലെയ്ഡിന്റെ ഭാഗം ശരീരത്തില്‍ നിന്നും നീക്കം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
പുറത്തും കഴുത്തിനും കയ്യിലും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
സംഭവസമയത്ത് സെയ്ഫ് അലിഖാനും ഭാര്യയും നടിയുമായ കരീന കപൂറും രണ്ട് മക്കളും അഞ്ച് ജോലിക്കാരും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു.
Content Highlight: NM Vijayan’s suicide: Anticipatory bail for the accused