രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; പ്രണയബന്ധമാണ് കാരണമെന്ന് ബി.ജെ.പിയുടെ ന്യായീകരണം



national news


രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; പ്രണയബന്ധമാണ് കാരണമെന്ന് ബി.ജെ.പിയുടെ ന്യായീകരണം

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് പ്രണയബന്ധം കാരണമെന്ന് ബി.ജെ.പിയുടെ ന്യായീകരണം. കോട്ടയില്‍ ജെ.ഇ.ഇ പ്രവേശന പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്ന പതിനാറുകാരന്‍ ഇന്നലെ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പി രംഗത്തെത്തിയത്.

ഈ വര്‍ഷത്തിന്‍ തന്നെ നാല് വിദ്യാര്‍ത്ഥി ആത്മഹത്യയാണ് രാജസ്ഥാനിലെ കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജെ.ഇ.ഇ പ്രവേശന പരീക്ഷയുടെ പരിശീലന കേന്ദ്രമാണ് രാജസ്ഥാനിലെ കോട്ട നഗരം.

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ക്ക് കാരണം പ്രണബന്ധങ്ങളാണെന്നും മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നുമാണ് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദലന്‍ ദിലാവര്‍ പറയുന്നത്.

‘വിദ്യാര്‍ത്ഥികളെല്ലാം ആത്മഹത്യ ചെയ്യാന്‍ കാരണം പ്രണയബന്ധമാണ്. പഠനകാര്യത്തിലുള്‍പ്പെടെ മാതാപിതാക്കള്‍ സമ്മര്‍ദം ചെലുത്തരുത്. മാതാപിതാക്കള്‍ ശ്രദ്ധാലുവായിരിക്കണം,’ ദിലാവര്‍ പറഞ്ഞു.

പ്രണയബന്ധങ്ങളുള്ള വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞ മന്ത്രി കുട്ടികളുടെ ചലനങ്ങളും ദിനചര്യകളും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും പറയുന്നുണ്ട്.

തന്റെ വാക്കുകള്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുമെന്നും മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ പൂര്‍ണശ്രദ്ധ പുലര്‍ത്തണമെന്നും പറഞ്ഞ മന്ത്രി ഓരോ വിദ്യാര്‍ത്ഥിക്കും അവരുടേതായ താത്പര്യമുണ്ടെന്നും അതിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടായാല്‍ അവര്‍ പരാജയപ്പെടുമെന്നും വിഷാദത്തിലേക്ക് എത്തുമെന്നും മന്ത്രി പറയുകയുണ്ടായി.

ആത്മഹത്യയിലേക്ക് നയിക്കുന്നതില്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ചെറിയ പങ്കുണ്ടായിരിക്കാമെന്നും മന്ത്രി പറഞ്ഞു.

രാജസ്ഥാനിലെ കോട്ടയില്‍ 16 വയസുള്ള ജെ.ഇ.ഇ വിദ്യാര്‍ത്ഥിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ജവഹര്‍ നഗറിലെ മുത്തച്ഛന്റെ വീട്ടില്‍ വെച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

മൂന്നുവര്‍ഷമായി കോട്ടയിലെ കോച്ചിങ് സെന്ററില്‍ പരിശീലനത്തിലായിരുന്നു. ജനുവരി 17ന് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു.

സമാനമായി ജനുവരി ഏഴിനും എട്ടിനും തുടര്‍ച്ചയായി ഹരിയാനയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പഠന സമ്മര്‍ദം താങ്ങാനാവാതെയാണ് തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 2024ല്‍ 17 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.

Content Highlight: Another student suicide in Rajasthan’s Kota; BJP justified that it was a love affair




Source link