ദേശീയപാതയോരത്തേയ്ക്ക് കൂപ്പുകുത്തിയ ചെറുവിമാനം വിമാനം കത്തിയമര്‍ന്നു: റോഡിലുണ്ടായിരുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടു
നെയ്‌റോബി: ദേശീയപാതയോരത്തെ ചെറുപട്ടണത്തിലേക്ക് കൂപ്പുകുത്തിയ വിമാനം കത്തിയമര്‍ന്നു. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കെനിയയിലെ തീരപ്രദേശ നഗരമായ കിലിഫിക്ക് സമീപത്തായാണ് ചെറുവിമാനം തകര്‍ന്ന് വീണ് കത്തിയമര്‍ന്നത്. വിമാനം കൂപ്പുകുത്തുമ്പോള്‍ ഈ സ്ഥലത്തുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ ടാക്‌സി ഡ്രൈവര്‍ അടക്കമുള്ള മൂന്ന് പേരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്.
മാലിന്ദി മൊംബോസ ദേശീയ പാതയ്ക്ക് സമീപത്തായി ക്വാചോചയിലാണ് വിമാനം തകര്‍ന്ന് വീണത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ മോട്ടോര്‍ സൈക്കിള്‍ ടാക്‌സിയിലുണ്ടായിരുന്ന സ്ത്രീയും കൊലപ്പെട്ടിട്ടുണ്ട്. മേഖലയിലെ ഒരു കെട്ടിടത്തില്‍ ഇടിച്ച് വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറി നിലത്തേക്ക് വീഴുകയായിരുന്നു. ടാക്‌സി വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ ദേഹത്തേക്കും വിമാനത്തിന്റെ ചിറക് അടക്കമുള്ള ഭാഗങ്ങള്‍ വീണിരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍ വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലത്ത് വീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ചെറുവിമാനത്തിലുണ്ടായിരുന്ന പൈലറ്റും രണ്ട് ട്രെയിനി പൈലറ്റുകളും ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. വിമാനം കൂപ്പുകുത്തുന്നതിന് മുന്‍പായി ഇവര്‍ നിലത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഈ വീഴ്ചയിലാണ് ഇവര്‍ക്ക് പരിക്കേറ്റിട്ടുള്ളത്. മാലിന്ദി വിമാനത്താവളത്തിനായുള്ള സ്ഥലം ഏറ്റെടുപ്പിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ നഷ്ടപരിഹാരം നല്‍കാത്തതിനേത്തുടര്‍ന്ന് കോടതിയുടെ പരിഗണനയിലാണുള്ളത്. ഇതിനാല്‍ തന്നെ വിമാനത്താവളത്തിന് ചുറ്റും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.