Kerala
‘കേരള സ്റ്റോറി’ക്കെതിരെ ഹരജി; സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയച്ച് ഹൈക്കോടതി
കൊച്ചി: കേരളത്തിനെതിരായ പ്രൊപ്പഗണ്ട സിനിമ ‘ദി കേരള സ്റ്റോറി 2’വിനെതിരെ ഹരജി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹൈക്കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് സിനിമക്കെതിരെ ഹരജി നല്‍കിയത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
സിനിമയുടെ ടീസറിലും ട്രെയ്ലറിലും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ കഥയാണ് പറയുന്നതെന്നും എന്നാല്‍ കേരള സ്റ്റോറിയെന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.
ചിത്രം കേരളത്തെ മനപൂര്‍വം അവഹേളിക്കുന്നതിന് വേണ്ടിയാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നതെന്നും ശ്രീദേവ് നമ്പൂതിരി ചൂണ്ടിക്കാട്ടി. ടീസറിന്റെ അവസാന ഭാഗത്ത് ‘ഇനി സഹിക്കില്ല, പോരാടും’ എന്ന് പറയുന്നുണ്ടെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കുമെന്നും അക്രമത്തിന് പ്രേരിപ്പിക്കുമെന്നും ഹരജിക്കാരന്‍ പറയുന്നു.
ചിത്രത്തിന്റെ പ്രദര്‍ശനം ക്രമസമാധാനം തകര്‍ക്കുമെന്നും ശ്രീദേവ് ചൂണ്ടിക്കാട്ടി. ബി.എന്‍.എസ് സെക്ഷന്‍ 196, 197 എന്നീ വകുപ്പുകള്‍ പ്രകാരം, മതവിഭാഗങ്ങള്‍ക്ക് ഇടയിലും പ്രാദേശിക ഗ്രൂപ്പുകള്‍ക്കിടയിലും സ്പര്‍ധ വളര്‍ത്തുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കമെന്നും ഹരജിയില്‍ പരാമര്‍ശമുണ്ട്.
സിനിമയുടെ ഒന്നാം ഭാഗത്തിലും ഇത്തരത്തില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ അത് കോടതിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ശ്രീദേവ് നമ്പൂതിരി വ്യക്തമാക്കി.
സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പുനപരിശോധന ഹരജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ ശ്രീദേവിന്റെ ഹരജി പരിഗണിച്ച കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിന് സിനിമയുടെ നിര്‍മാതാക്കളായ സണ്‍ ഷൈന്‍ പിക്‌ചേഴ്‌സ് ഉള്‍പ്പെടെ മറുപടി നല്‍കണം.
ഇന്നലെ (ബുധൻ) മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം കേരള സ്റ്റോറിക്കെതിരെ രംഗത്തെത്തിയിരുന്നു. വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Content Highlight: Petition against ‘Kerala Story’; High Court issues notice to Censor Board
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




