Kerala
വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്; 178 വീടുകളുടെ താക്കോല്‍ദാനം നടക്കും
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പായിരുന്നില്ലെന്നും ഇതൊരു ഉദ്ഘാടനം മാത്രമല്ല, കേരളം നടത്തിയ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
178 വീടുകളാണ് ഈ ഘട്ടത്തില്‍ കൈമാറുക. ഏഴ് സെന്റില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയിലാണ് മുഴുവന്‍ വീടുകളും. ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേര്‍ക്ക് പട്ടയങ്ങളും വിതരണം ചെയ്യും. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട ഇവരാണ് ആദ്യ ഫേസില്‍ ഉള്‍പ്പെട്ടത്.
ആകെ 327 ഗുണഭോക്താക്കളാണ് ഉള്ളത്. അടുത്ത മഴക്കാലത്തിന് മുമ്പായി ഇവര്‍ക്ക് ഭൂമിയും വീടും നല്‍കി പൂര്‍ണ പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടി വന്ന വിപത്തില്‍ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് ഫെബ്രുവരി 25ന് പാലിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘കേരളം ഒറ്റക്കെട്ടായി നിന്ന് ഈ നാടിനെ വീണ്ടെടുക്കും’ എന്നാണ് അന്ന് നമ്മള്‍ തീരുമാനമെടുത്തത്. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വാഗ്ദാനങ്ങള്‍ നല്‍കാനല്ല, നടപ്പാക്കാനാണ് സര്‍ക്കാര്‍’ എന്ന വിശ്വാസത്തിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തനമുദ്ര ചാര്‍ത്തുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നേട്ടത്തിലെത്താന്‍ ശ്രമിക്കുന്നതിനിടെ നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അര്‍ഹമായ സഹായങ്ങള്‍ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകര്‍ക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ആ കരുത്തില്‍ സര്‍ക്കാര്‍ മുന്നേറി. പിന്നോട്ട് പോകാതെ, വഴിമാറാതെ. ഈ മഹാദൗത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസുകളും കൈകോര്‍ത്ത് നിന്നു. യുവജനങ്ങളും സ്‌കൂള്‍ കുട്ടികളും തങ്ങള്‍ക്ക് കഴിയാവുന്ന വിധത്തില്‍ അധ്വാനിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കല്‍പ്പറ്റ ബൈപ്പാസിന് സമീപത്തായാണ് ടൗണ്‍ഷിപ്പ് ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ അകെ 410 വീടുകളാണ് നിര്‍മിക്കുന്നത്. കിഫ്ബിയുടെ കീഴിലുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ കിഫ്‌കോണിന്റെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മാണം.
Content Highlight: The first phase of Wayanad Township will be inaugurated on February 25
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




