ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ ഫാസിസത്തെ നേരിടാന്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല; എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിനെതിരെ എം.എസ്.എഫ്
തിരുവനന്തപുരം: കേരളത്തില്‍ ബീഫ് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നുവെന്ന തരത്തിലുള്ള വിദ്വേഷ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച പ്രോപഗണ്ട ചിത്രം ദി കേരളാ സ്‌റ്റോറി ടൂ വിനെതിരായി എസ്.എഫ്.ഐ നടത്തുന്ന ബീഫ് ഫെസ്റ്റിനെതിരെ എം.എസ്.എഫ്.
ഹിന്ദു വിഭാഗത്തില്‍ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരും വെജിറ്റേറിയരായ ആളുകളുമെല്ലാമുണ്ട് എന്നിരിക്കെ ബീഫ് കഴിക്കാത്തവരെ വ്രണപ്പെടുത്തുന്ന രീതിയില്‍ ബീഫ് ഫെസ്റ്റ് നടത്തുന്നത് ശരിയല്ലെന്നും അങ്ങനെയല്ല കേരളത്തില്‍ സംഘപരിവാറിനെ നേരിടേണ്ടതെന്നും എം.എസ്.എഫ് പറഞ്ഞു. എം.എസ് സംസ്ഥാന നേതാവ് സി.കെ നജാഫിന്റെതായിരുന്നു പ്രതികരണം.
‘വിശ്വാസവും വര്‍ഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്. വിശ്വാസികളെല്ലാം വര്‍ഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആര്‍.എസ്.എസ്സിനെ നേരിടാന്‍ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല.
കേരളത്തിലെ ഹൈന്ദവരില്‍ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്.
കഴിക്കുന്നവര്‍ കഴിക്കട്ടെ പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂര്‍വം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കില്‍ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികള്‍ക്ക് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആര്‍.എസ്.എസ്സ് അല്ല,’സി.കെ നജാഫ് പറഞ്ഞു.
ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും ആരോടും ബീഫ് കഴിക്കരുതെന്ന് മലയാളികള്‍ പറയാറില്ല. അതുപോലെ ബീഫ് കഴിക്കാന്‍ ആരെയും നിര്‍ബന്ധിക്കാറുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ – ഫാസിസത്തെ നേരിടാന്‍ ബീഫ്
ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഒരു മുസ്‌ലിം വിശ്വാസിയാണെങ്കില്‍ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിര്‍ബന്ധവും ഇല്ല . പക്ഷെ ഒരു പോര്‍ക്ക് ഫെസ്റ്റ് നടത്തി ആഘോഷിച്ചാല്‍ അതില്‍ മതവിരുദ്ധതയുണ്ട്.
പരിഹാസവുമുണ്ട്,’ നജാഫ് കൂട്ടിച്ചേര്‍ത്തു.
എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണമെന്നും അല്ലാതെ വിശ്വാസികളെ മുഴുവന്‍ വര്‍ഗീയതയുടെ ആലയില്‍ കൊണ്ടുപോയി കെട്ടരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കേരള സ്റ്റോറി ഒരു മുസ്‌ലിം വിരുദ്ധ സിനിമ ആയത് കൊണ്ടല്ല നാം ഒറ്റക്കെട്ടായി എതിര്‍ത്തത്.
കേരളത്തിനെതിരെയുള്ള പ്രോപ്പഗണ്ട സിനിമയായത് കൊണ്ടാണ്. അതിന് ബീഫ് ഫെസ്റ്റ് നടത്തി പ്രധിരോധിക്കേണ്ട കാര്യമെന്തെന്ന് മനസിലാവുന്നില്ല. ഇത്തരം സമരാഭാസമല്ല വേണ്ടത്. ക്രിയാത്മകമായ പ്രതിരോധമാണ്,’ നജാഫ് പറഞ്ഞു.
‘നല്ല ചൂട് പൊറോട്ടയും ബീഫും’ എന്ന പേരില്‍ ദി കേരളാ സ്‌റ്റോറിക്കെതിരെ ക്യാമ്പെയ്ന്‍ നടത്താനാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ വൈകീട്ട് ആറ് മണിക്ക് പൊറോട്ടയും ബീഫും വിതരണം ചെയ്ത് പ്രതിഷേധിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.
സംഘികള്‍ക്കും സ്വാഗതം, ഉള്ളി പ്രത്യേകം ചേര്‍ത്തുണ്ടാക്കുന്നതാണ്’ എന്ന് പരിപാടിയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് എഴുതി.
സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ തീരുമാനം.
നേരത്തെ ബീഫ് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ‘ബീഫ് ഫെസ്റ്റ്’ നടന്നിരുന്നു.
Content Highlight: Kerala does not have the conditions to organize a beef fest to counter the communal fascism of the RSS; MSF against SFI’s beef fest
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ




