Trending
അമേരിക്കന്‍ ഭീഷണികള്‍ ചൈനയ്ക്ക് മേല്‍ വിലപ്പോകില്ല; റിഫൈനറികള്‍ക്കുള്ള യു.എസ് ഉപരോധം നടപ്പിലാക്കാനാവില്ലെന്ന് വാണിജ്യകാര്യ മന്ത്രാലയം
ഷാങ്ഹായ്: ഇറാനിയന്‍ എണ്ണ വാങ്ങിയതായി ആരോപിച്ച് ചൈനീസ് റിഫൈനറിക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം തടയാന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ച് ചൈനീസ് വാണിജ്യകാര്യ മന്ത്രാലയം.
അമേരിക്കയുടെ ഏകപക്ഷീയമായ നിയമങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തടയാനുള്ള ചൈനയുടെ നിര്‍ണായക നീക്കമാണിത്. അമേരിക്കയുടെ ഉപരോധങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും ചൈനയില്‍ നടപ്പിലാക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.
അമേരിക്കയുടെ ഉപരോധങ്ങള്‍ അംഗീകരിക്കാനോ നടപ്പിലാക്കാനോ പാടില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ചൈനയുടെ പരമാധികാരവും വികസന താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമപരമായ നടപടിയായാണ് ഇതിനെ ചൈന വിശേഷിപ്പിക്കുന്നത്.
ഹെങ്ലി പെട്രോകെമിക്കല്‍ (ഡാലിയന്‍) റിഫൈനറി, ഷാന്‍ഡോംഗ് ജിന്‍ചെങ് പെട്രോകെമിക്കല്‍ ഗ്രൂപ്പ്, ഹെബെയ് സിന്‍ഹായ് കെമിക്കല്‍ ഗ്രൂപ്പ്, ഷൗഗുവാങ് ലുക്കിംഗ് പെട്രോകെമിക്കല്‍, ഷാന്‍ഡോംഗ് ഷെങ്സിംഗ് കെമിക്കല്‍ എന്നീ അഞ്ച് കമ്പനികള്‍ക്കെതിരെയുള്ള ഉപരോധമാണ് ചൈന തടഞ്ഞത്.
ചൈനീസ് കമ്പനികള്‍ മൂന്നാം രാജ്യങ്ങളുമായി നടത്തുന്ന സാധാരണ വ്യാപാര ഇടപാടുകളെ തടയാന്‍ അമേരിക്കയ്ക്ക് അവകാശമില്ലെന്നും, ഐക്യരാഷ്ട്രസഭയുടെ അനുമതിയില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി.
‘മേല്‍പ്പറഞ്ഞ അഞ്ച് ചൈനീസ് കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അംഗീകരിക്കാനോ നടപ്പിലാക്കാനോ പാലിക്കാനോ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് കഴിയില്ലെന്ന് ഈ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു,’ മന്ത്രാലയം പറഞ്ഞു.
ഇറാന്റെ വരുമാന സ്രോതസ്സുകള്‍ തടയാനായി അമേരിക്കന്‍ ട്രഷറി വിഭാഗം ചൈനീസ് റിഫൈനറികള്‍ക്കും കപ്പല്‍ കമ്പനികള്‍ക്കുമെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ തിരിച്ചടി.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചൈനയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ ഹെങ്ലി പെട്രൊ കെമിക്കല്‍ റിഫൈനറി കമ്പനിക്കും ഷിപ്പിങ് കമ്പനിക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഇറാന്റെ അനധികൃത എണ്ണ വ്യാപാരം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി എന്നായിരുന്നു ഉപരോധത്തെകുറിച്ചുള്ള അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് തോമസ് പിഗോട്ടിന്റെ അവകാശവാദം.
ലോകരാഷ്ട്രങ്ങള്‍ക്ക് മേല്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക ഉപരോധങ്ങളെ ആയുധമാക്കുകയാണെന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പ്രതികരിച്ചത്.
‘അന്താരാഷ്ട്ര നിയമത്തില്‍ അടിസ്ഥാനമില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന എപ്പോഴും എതിര്‍ക്കുന്നു,’ ജിയാന്‍ പറഞ്ഞു.
മേഖലയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളും ആഗോള ഊര്‍ജ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.
തങ്ങളുടെ കമ്പനികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
ഇറാനുമായുള്ള ആണവ പദ്ധതിയെക്കുറിച്ചുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ ആത്മാര്‍ത്ഥത കാണിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight: US threats will not work on China; US sanctions on refineries cannot be implemented, says Ministry of Commerce
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




