എ.ഐ സമ്മിറ്റിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ന്യൂദല്‍ഹി: എ.ഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ചുമായി യുവമോര്‍ച്ച. രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
‘രാഹുല്‍ ഗാന്ധി മൂര്‍ദാബാദ്’ എന്നെഴുതിയ ബാനറുകളുമായാണ് യുവമോര്‍ച്ച പ്രകടനം നടത്തിയത്. പ്രതിഷേധത്തിന് പിന്നാലെ യുവമോര്‍ച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
‘എ.ഐ ഉച്ചകോടിയില്‍ ഇരച്ചുകയറി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യയുടെ പ്രശസ്തിക്ക് കളങ്കം വരുത്തി. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി തുടരുകയാണ്,’ യുവമോര്‍ച്ച നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ടാണ് യുവമോര്‍ച്ച നേതാക്കള്‍ പ്രതികരിച്ചത്.
പ്രതിഷേധം നയങ്ങള്‍ക്ക് എതിരെയായിരിക്കണം. രാജ്യത്തിന് എതിരെയല്ല പ്രതിഷേധിക്കേണ്ടതെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. നിലവില്‍ കണ്ടത് രാജ്യത്തിനെതിരായ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തെയാണെന്നും യുവമോര്‍ച്ച നേതാക്കള്‍ കുറ്റപ്പെടുത്തി.
VIDEO | Delhi: BJP Yuva Morcha (BJYM) stages a protest outside the residence of Congress MP Rahul Gandhi over the Youth Congress ‘shirtless’ demonstration at the ongoing India AI Impact Summit.
(Full video available on https://t.co/n147TvrpG7) pic.twitter.com/UYnfsZ401E
— Press Trust of India (@PTI_News) February 20, 2026
ദല്‍ഹിയിലെ പ്രതിഷേധം സംഘര്‍ഷത്തിലാണ് അവസാനിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. സമാനമായി ഛത്തീസ്ഗഡിലും രാജസ്ഥാനിലും ശ്രീനഗറിലും രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം നടന്നു. രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചും ചിത്രത്തിൽ ചെരുപ്പ് കൊണ്ട് തല്ലിയുമാണ് പ്രതിഷേധം നടന്നത്.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ.ഐ ഉച്ചകോടിയില്‍ എത്തിയതും അസഭ്യം വിളിച്ചുപറഞ്ഞതെന്നും രാജസ്ഥാന്‍ യുവമോര്‍ച്ച ശങ്കര്‍ ഗോറ പറഞ്ഞു.




