22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

ട്രംപിന്റെ തീരുവ റദ്ദാക്കിയ കോടതി വിധി; പ്രത്യാഘാതങ്ങളടക്കം സൂക്ഷ്മമായി പഠിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

Date:



India


ട്രംപിന്റെ തീരുവ റദ്ദാക്കിയ കോടതി വിധി; പ്രത്യാഘാതങ്ങളടക്കം സൂക്ഷ്മമായി പഠിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവ റദ്ദാക്കിയ യു.എസ് സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍.

കോടതി വിധിയുടെ നടപടികളും പ്രത്യാഘാതങ്ങളും വിലയിരുത്തുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച പ്രതികരിച്ചു.

‘വെള്ളിയാഴ്ച പുറപ്പെടുവിച്ച തീരുവകളെക്കുറിച്ചുള്ള യു.എസ് സുപ്രീം കോടതി വിധി ഞങ്ങള്‍ ശ്രദ്ധിച്ചു. യു.എസ് ഭരണകൂടം ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

സംഭവവികാസങ്ങളുടെ ആഘാതം സൂക്ഷ്മമായി പരിശോധിക്കും,’ വാണിജ്യ,വ്യവസായ മന്ത്രാലയം പ്രതികരിച്ചു.

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ യു.എസ് സുപ്രീം കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയും ട്രംപിന്റെ പ്രസ്താവനകളും പരാമര്‍ശിച്ചു.

വെള്ളിയാഴ്ചയാണ് 1977ലെ ഐ.ഇ.ഇ.പി ആക്ട് പ്രകാരം വിദേശ രാജ്യങ്ങള്‍ക്കുമേല്‍ തീരുവകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ യു.എസ് പ്രസിഡന്റിന് വീഴ്ച സംഭവിച്ചെന്നും അധികാര പരിധി മറികടന്നുവെന്നും യു.എസ് സുപ്രീംകോടതി വിധിച്ചത്.

പ്രസിഡന്റ് തന്റെ അധികാര പരിധി ലംഘിച്ചെന്ന കീഴ്‌ക്കോടതിയുടെ ഉത്തരവ് 6-3 വോട്ടിന് ശരിവെച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി.

തീരുവകള്‍ ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇറക്കുമതി നിയന്ത്രിക്കാനുള്ള അധികാരമാണ് പ്രസിഡന്റിനുള്ളതെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

ട്രംപ് ഏര്‍പ്പെടുത്തിയ അമിത തീരുവകള്‍ കോടതി റദ്ദാക്കിയതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഫെബ്രുവരി 24ന് ഈ തീരുവകള്‍ നിലവില്‍ വരും.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ യു.എസുമായി ഒപ്പുവെച്ച പുതിയ വ്യാപാര കരാര്‍ പ്രകാരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യു.എസില്‍ ഇറക്കണമെങ്കില്‍ 18 ശതമാനം തീരുവ നല്‍കേണ്ടി വരും. യു.എസ് ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ പൂജ്യം തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന നിബന്ധനകളും കരാറിലുണ്ടെന്നാണ് വിവരം.

ട്രംപിന്റെ തന്നെ മുന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഈ വിവരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, കരാറിന്റെ വിശദാംശങ്ങള്‍ മാര്‍ച്ചില്‍ മാത്രമെ പുറത്തുവിടൂ എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

ഇതിനിടെ ട്രംപിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യു.എസ്-ഇന്ത്യ വ്യാപാര കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രംഗത്തെത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന ഭീഷണികളുടെ നിയമപരമായ അടിത്തറയെയാണ് യു.എസ് കോടതി വിധി തകര്‍ത്തത്.

ഇന്ത്യയുടെ താത്പര്യങ്ങള്‍ പണയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഈ കരാറില്‍ ഒപ്പിട്ടതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ ചോദിച്ചു.

Content Highlight: Supreme Court order on Trump’s tariffs; Central government says it is studying the implications carefully




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related