Kerala
ഐഷ പോറ്റി ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിരുന്നു; ഫോട്ടോ പുറത്തുവിടും: മുൻ എൻ.ഡി.എ സ്ഥാനാർത്ഥി വയക്കല്‍ സോമന്‍
കൊട്ടാരക്കര: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഐഷ പോറ്റി ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി നേതാവ് അഡ്വ. വയക്കല്‍ സോമന്‍.
ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ ശേഷം ഐഷ പോറ്റി ഷാള്‍ സ്വീകരിച്ചതാണെന്നും വയക്കല്‍ സോമന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഷാള്‍ സ്വീകരിച്ച ഐഷ പോറ്റിയുടെ ഫോട്ടോ പുറത്തുവിടുമെന്നും സോമന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ബി.ജെ.പി നേതാവുമായാണ് ഐഷ ചര്‍ച്ച നടത്തിയതെന്നും വയക്കല്‍ സോമന്‍ പറയുന്നു.
എന്നാല്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ സോമന്‍ തയ്യാറായില്ല. എവിടെയാണ് ചര്‍ച്ച നടത്തിയതെന്ന ചോദ്യത്തിന് ‘ചത്ത കുഞ്ഞിന്റെ ജാതകം വായിച്ചിട്ട് കാര്യമില്ലല്ലോ’ എന്നാണ് സോമന്‍ മറുപടി നല്‍കിയത്. ഫോട്ടോ പുറത്തുവിടുമ്പോള്‍ ചര്‍ച്ച നടന്നത് എവിടെയാണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈശ്വരവിശ്വാസിയായിരുന്ന ഐഷ പോറ്റിയെ, ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റിയെ പിന്നീട് നിരീശ്വവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും സോമന്‍ പറഞ്ഞു.
‘പോറ്റിയെന്ന് പേരിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ഐഷ തന്നെ പറഞ്ഞത്. അച്ഛന്‍ ഐഷ എന്നാണ് പേരിട്ടതെന്നും പോറ്റി എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ പേരാണെന്നും ഐഷ പറഞ്ഞിരുന്നു. ഈ പേരിടല്‍ കര്‍മം നിര്‍വഹിക്കുന്നത് ജാതീയവും വര്‍ഗീയവുമായ ചേരിതിരിവിന് വേണ്ടിയല്ലേ എന്ന് ചിന്തിക്കണം,’ എന്നും വയക്കല്‍ സോമന്‍ പറഞ്ഞു.
സി.പി.ഐ.എം കോട്ട വിട്ടാണ് ഐഷ പോറ്റി കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയത്. നേരത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണ വേദിയില്‍ എത്തിയതിന് പിന്നാലെ ഐഷ പോറ്റി പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.
ഇതിനുപിന്നാലെയായിരുന്നു ഐഷയുടെ അപ്രതീക്ഷിതമായ കളംവിടല്‍. 2006ലാണ് ഐഷ പോറ്റി ആദ്യമായി കൊട്ടാരക്കരയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. ആര്‍. ബാലകൃഷ്ണപിള്ളയെ 12,968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു വിജയം.
2011ല്‍ ഭൂരിപക്ഷം 20,592 ആയി വര്‍ധിപ്പിച്ച ഐഷാ പോറ്റി, 2016ല്‍ 42,632 വോട്ടുകളുടെ കൂറ്റന്‍ ലീഡുമായാണ് വിജയം സ്വന്തമാക്കിയത്.
Content Highlight: Aisha Potty held discussions with BJP; photo will be released: Vayakkal Soman
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




