India
NCERT പുസ്തക വിവാദം; ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല, ഖേദം പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി
ന്യൂദല്‍ഹി: എന്‍.സി.ആര്‍.ടി പുസ്തക വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കോടതിയലക്ഷ്യ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായും പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതിയുടെ കര്‍ശനമായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ജുഡീഷ്യറിയുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
തങ്ങള്‍ ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായതില്‍ ദുഖമുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിനും അത്തരമൊരു ഉദ്ദേശമില്ലായിരുന്നു. വിഷയം ഗൗരവമായി തന്നെ കാണുന്നുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ജംഷഡ്പൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യല്‍ അഴിമതിയെ കുറിച്ചുള്ള അധ്യായം തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജുഡീഷ്യറിയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആവര്‍ത്തിച്ചു. നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു.
അതേസമയം ‘ജുഡീഷ്യറിയിലെ അഴിമതി’യെന്ന അധ്യായം ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസിലെ പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു. പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത എല്ലാ പതിപ്പുകളും പിടിച്ചെടുക്കാനും ഡിജിറ്റല്‍ പതിപ്പുകള്‍ പിന്‍വലിക്കാനും ഉത്തരവുണ്ട്.
ഉത്തരവ് വൈകാതെ തന്നെ പാലിക്കണമെന്നാണ് നിര്‍ദേശം. ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
വിഷയത്തില്‍ എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിക്കും കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിവാദമായ അധ്യായം ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കേണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവുണ്ട്.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് എട്ടാം ക്ലാസിലെ പാഠഭാഗത്തെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചത്. വിഷയത്തില്‍ ഗുരുതരമായ ആശങ്കയുണ്ടെന്നും അന്വേഷണ ഏജന്‍സികളും രാഷ്ട്രീയക്കാരും നടത്തുന്ന അഴിമതിയെ കുറിച്ച് പാഠപുസ്തകത്തില്‍ മൗനമാണെന്നും കപില്‍ സിബല്‍ പ്രതികരിച്ചിരുന്നു.
Content Highlight: NCERT book controversy; Didn’t mean to defame judiciary, Union Education Minister expresses regret
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




