ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയിൽ നേടിയ സ്ഥാനം; സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധവുമായി കെ.എസ്.യു നേതാവ്
തിരുവനന്തപുരം: കെ.സി വേണുഗോപാലിനെ പിന്തള്ളി വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ വിമർശനവുമായി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് ആന്റണി.
തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ മാരുടെയും എം.പി മാരുടെയും സാമുദായിക സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടായിട്ടും കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയില്ലെന്നും എന്നിട്ടും അദ്ദേഹം പാർട്ടിക്ക് വേണ്ടിയാണ് പിന്മാറിയതെന്നും അനീഷ് ആന്റണി ഫേസ്ബുക്കിൽ പ്രതികരിച്ചു.
പത്ത് ദിവസക്കാലം കെ.സി വേണുഗോപാലിന്റെ പ്രവർത്തന പാരമ്പര്യത്തെയും, മെറിറ്റിനെയും തെരുവിൽ വലിച്ചഴച്ചു ചോദ്യം ചെയ്തവർക്കും തെരുവിൽ വേട്ടയാടിയവർക്കും സമാധാനമായെന്ന് കരുതുന്നുവെന്നും അനീഷ് ആന്റണി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
‘ഹൈക്കമാൻഡ് നേതൃത്വത്തെ സമ്മർദത്തിലാക്കി തീവ്ര നിലപാടുകളുടെ ആശയ പാരമ്പര്യമുള്ളവരെ കൂട്ട് പിടിച്ചും ജമാഅത്തെ ഇസ്‌ലാമിയുടെയും ഘടക കക്ഷിയെന്ന പേരിൽ എല്ലാ കാലത്തും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ മുസ്ലീം ലീഗിന്റെയും പിന്തുണ കരസ്ഥമാക്കിയും നേടിയെടുത്ത സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ,’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
10 കൊല്ലം പ്രതിപക്ഷത്തായിരുന്നെന്നും ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളിമായാണ് കെ.എസ്.യു നേതാവ് കുറിപ്പ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കെ.സി വേണുഗോപാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടില്ല. ഒരക്ഷരം കൊണ്ട് പോലും. തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം എം.എൽ.എ മാരുടെ പിന്തുണ,
കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ പിന്തുണ, കേരളത്തിലെ എല്ലാ നേതാക്കളുടെയും, സാമുദായിക സ്ഥാപനങ്ങളുടെയും പിന്തുണ,
എന്നിട്ടും കെ.സി. പാർട്ടിക്ക് വേണ്ടിയാണ് പിന്മാറിയത്.
10 ദിവസത്തോളം അയാളുടെ പ്രവർത്തന പാരമ്പര്യത്തെയും, മെറിറ്റിനെയും തെരുവിൽ വലിച്ചഴച്ചു ചോദ്യം ചെയ്തവരെ, അയാളെ വേട്ടയാടിവരെ നിങ്ങൾക്ക് സമാധാനമായെന്ന് കരുതുന്നു.
ഹൈക്കമാൻഡ് നേതൃത്വത്തെ സമ്മർദത്തിലാക്കി തീവ്ര നിലപാടുകളുടെ ആശയ പാരമ്പര്യമുള്ളവരെ കൂട്ട് പിടിച്ചു, ജമാഅത്തെ ഇസ്‌ലാമിയും, ഘടക കക്ഷിയെന്ന പേരിൽ എല്ലാ കാലത്തും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ മുസ്‌ലിം ലീഗിന്റെയും പിന്തുണ കരസ്ഥമാക്കി നേടിയെടുത്ത സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ. 10 കൊല്ലം പ്രതിപക്ഷത്തായിരുന്നു ഇനിയും അത് അങ്ങനെ തന്നെ. കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ.
Content Highlight: KSU leader protests K.C. Satheesan’s appointment as Chief Minister, a position he gained with the support of Jamaat-e-Islami and Muslim League




