gulf countries
യു.എ.ഇയില്‍ മൂന്ന് മരണം, കൊല്ലപ്പെട്ടത് വിദേശ പൗരന്മാര്‍, ഇന്ത്യക്കാരുള്‍പ്പെടെ 58 പേര്‍ക്ക് പരിക്ക്
അബുദാബി: യു.എ.ഇയില്‍ ഇറാന്റെ ആക്രമണത്തില്‍ മൂന്ന് മരണം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്റെ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടയത് യു.എ.എയിലാണെന്നാണ് വിവരം. ഏകദേശം 541 ഡ്രോണുകളാണ് യു.എ.ഇയ്ക്ക് നേരെ ഇറാന്‍ വിക്ഷേപിച്ചത്.
ഇതില്‍ 311 എണ്ണം യു.എ.ഇ തടഞ്ഞിട്ടു. 21 എണ്ണം ജനവാസ മേഖലയില്‍ വീണു. 21 ബാലിസ്റ്റിക് മിസൈലുകളും യു.എ.ഇയ്ക്ക് നേരെ ഇറാന്‍ പ്രയോഗിച്ചു.
നിലവില്‍ കര്‍ശനമായ നിര്‍ദേശങ്ങളാണ് യു.എസ്, യു.കെ അടക്കമുള്ള രാജ്യങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നീങ്ങണമെന്നും അധികാരികളുടെ ഉത്തരവുകള്‍ കൃത്യമായി പാലിക്കണമെന്നുമാണ് നിര്‍ദേശം.
ഒമാന്‍ ഉള്‍പ്പെടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഇറാന്‍ ആക്രമണം നടത്തി. കുവൈത്തിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 32 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനിലെ തുറമുഖത്തും എണ്ണക്കപ്പലിന് നേരെയും ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ജി.സി.സി രാജ്യങ്ങള്‍ അടിയന്തിരമായി യോഗം ചേര്‍ന്നു.
ഇറാനെതിരെ രൂക്ഷവിമര്‍ശനമാണ് ജി.സി.സി രാജ്യങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ പക വീട്ടുമെന്ന് ഇറാന്റെ നിലപാട്. ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം തുടരുന്നത്.
ഇന്നലെ (ശനി) മുതല്‍ ഇസ്രഈലും യു.എസും സംയുക്തമായി ആരംഭിച്ച ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടിരുന്നു. റഷ്യ, ചൈന, ഉത്തര കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഖാംനഇയുടെ കൊലപാതകത്തില്‍ അപലപിച്ചു.
ഇറാന്റെ തിരിച്ചടിയില്‍ ഇസ്രഈലിലെ ബെയ്റ്റ് ഷെമെഷില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Iran attack, Three killed in UAE
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




