നടിയെ ആക്രമിച്ച കേസ്; അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു, ദിലീപിനും പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായി നടന്‍ ദിലീപിനും കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
ദിലീപ് അടക്കമുള്ള വെറുതെ വിട്ട പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നവരെ ശിക്ഷിക്കണം, വിചാരണക്കോടതി ശിക്ഷ വിധിച്ച പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിന തടവിന് പകരം പരമാവധി ശിക്ഷ നല്‍കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പ്രതികള്‍ക്ക് ജയില്‍ സൂപ്രണ്ട് മുഖേനെ നോട്ടീസ് നല്‍കും.
വെറുതെ വിട്ട ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി നോട്ടീസ് അയക്കണമെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന അപ്പീലുകള്‍ ശിക്ഷ വിധിച്ച് 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍, 77 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഈ 17 ദിവസത്തെ കാലതാമസവും ഹൈക്കോടതി ഇന്ന് (ചൊവ്വാഴ്ച) തീര്‍പ്പാക്കി. എതിര്‍ കക്ഷികളുടെ വാദം കേള്‍ക്കാതെ ഹൈക്കോടതി സ്വമേധയാ കാലതാമസം തീര്‍പ്പാക്കുകയായിരുന്നു.
സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ താമസിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും 90 ദിവസം വരെ സമയമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കൃത്യമായി വിധി പഠിച്ചതിന് ശേഷമാണ് അപ്പീല്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
കോടതി അയച്ച നോട്ടീസിന് മറുപടി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും കോടതിയുടെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍. കേസ് വാദത്തിലേക്ക് കടക്കുന്നതിന് മുമ്പ് മറുപടി ലഭിക്കേണ്ടതുണ്ട്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസില്‍ 2025 ഡിസംബറിലാണ് 1700ലേറെ പേജുകളുള്ള വിധി ന്യായം വിചാരണക്കോടതി പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക് ശിക്ഷ കുറഞ്ഞുപോയതും ദിലീപ് ഉള്‍പ്പടെ രണ്ട് പേരെ വിചാരണക്കോടതി വെറുതെ വിട്ടതും വലിയ വിവാദമായിരുന്നു.
Content Highlight: Actress attack case; Appeal accepted, High Court notice to Dileep and accused




