3
April, 2026

A News 365Times Venture

3
Friday
April, 2026

A News 365Times Venture

ഇനിയൊന്ന് ശ്രമിച്ചുനോക്കൂ; എങ്ങനെ ചെറുക്കണമെന്ന് ഞങ്ങള്‍ക്കറിയാം; വസതി ആക്രമിച്ച ബി.ജെ.പിക്കാരോട് മമത

Date:



India


ഇനിയൊന്ന് ശ്രമിച്ചുനോക്കൂ; എങ്ങനെ ചെറുക്കണമെന്ന് ഞങ്ങള്‍ക്കറിയാം; വസതി ആക്രമിച്ച ബി.ജെ.പിക്കാരോട് മമത

കൊല്‍ക്കത്ത: ബി.ജെ.പി പ്രവര്‍ത്തകര്‍ തന്റെ കാളിഘട്ടിലുള്ള വസതി ലക്ഷ്യം വെച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാള്‍ഡ ജില്ലയില്‍ ഏഴ് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ഘെരാവോ ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ അവര്‍ തന്റെ വസതിയും ആക്രമിച്ചുവെന്ന് ബംഗാളില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത ആരോപിച്ചു. ‘എന്റെ വീടും ഇന്നലെ ആക്രമിക്കപ്പെട്ടു. മറ്റ് ടി.എം.സി നേതാക്കളുടെയും വീടുകള്‍ ആക്രമിക്കാന്‍ ഞാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നു. എങ്ങനെ ചെറുക്കണമെന്ന് ഞങ്ങള്‍ക്കറിയാം,’ മമത ബാനര്‍ജി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മമത പുറത്തുവിട്ടിട്ടില്ല. ഇതുവരെ പൊലീസും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

കൊല്‍ക്കത്തയില്‍ നടന്ന ഒരു റാലിയില്‍ തന്റെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും വീടുകള്‍ ധൈര്യമുണ്ടെങ്കില്‍ ആക്രമിക്കൂവെന്ന് രണ്ടാഴ്ച മുമ്പ് ബി.ജെ.പിയെ മമത വെല്ലുവിളിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നതെന്ന് മമത പറഞ്ഞു.

മാള്‍ഡ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഒമ്പത് മണിക്കൂറോളം റോഡില്‍ തടഞ്ഞുവെച്ചതിന് പിന്നില്‍ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം), ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐ.എസ്.എഫ്) തുടങ്ങിയവയാണെന്നും മമത റാലിയില്‍ കുറ്റപ്പെടുത്തി.

സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ അഭിഭാഷകന്‍ മൊഫക്കരുള്‍ ഇസ്‌ലാമിനെ ബാഗ്‌ദോഗ്ര വിമാനത്താവളത്തില്‍ നിന്ന് സി.ഐ.ഡി അറസ്റ്റ് ചെയ്തതും മമത ചൂണ്ടിക്കാണിച്ചു.

‘ബിജെപി അദ്ദേഹത്തെ എ.ഐ.എം.ഐ.എമ്മില്‍ നിന്ന് കടമെടുത്ത് ബംഗാളിലേക്ക് കൊണ്ടുവന്നു. ഐ.എസ്.എഫ് അവരോടൊപ്പമുണ്ട്; കോണ്‍ഗ്രസും ബി.ജെ.പിയും ഇതിന് പിന്തുണ നല്‍കിയിട്ടുണ്ട്. മാള്‍ഡയിലെ മൊത്തബാരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് അവരാണ്,’ മമത കുറ്റപ്പെടുത്തി.

2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടിക എന്തുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുവദിക്കുന്നില്ലെന്ന് മമത ചോദിച്ചു. ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തരം ക്രമക്കേടുകള്‍ മുമ്പ് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു.

‘വോട്ടര്‍ പട്ടികയില്‍ നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ ഉണ്ടെങ്കില്‍, മോദിയും അവരുടെ വോട്ടുകള്‍ ഉപയോഗിച്ച് നേരത്തെ വിജയിച്ചു, അതിനാല്‍ അദ്ദേഹം ആദ്യം രാജിവയ്ക്കണം,’ മമത പറഞ്ഞു.

പശ്ചിമ ബംഗാളിലേക്ക് പുറത്തുനിന്നുള്ളവരുടെ സ്വതന്ത്രമായ നീക്കം സുഗമമാക്കുന്നതിനാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നും സി.ആര്‍.പി.എഫ് വാഹനങ്ങളിലാണ് പണം കൊണ്ടുപോകുന്നതെന്നും അവര്‍ ആരോപിച്ചു.

ഇക്കാര്യങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ട്. ഉചിതമായ സമയത്ത് അവ പുറത്തുകൊണ്ടുവരുമെന്നും മമത പറഞ്ഞു.

Content Highlight: Try again; we know how to fight back; Mamata to BJP workers who attacked her residence




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related