World
അമേരിക്കയ്‌ക്കെതിരെ റഷ്യയും; ഹോര്‍മുസ് ഉപരോധം തീക്കളിയെന്ന് മുന്നറിയിപ്പ്; ചൈനയുമായി നിര്‍ണായക ചര്‍ച്ച
മോസ്‌കോ: ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധവുമായി റഷ്യ. യു.എസ് നടപടി ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ചൈനയുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തുന്നതിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ചൊവ്വാഴ്ച ബീജിങ്ങിലെത്തി.
ഇറാനിലേക്കുള്ള എണ്ണ വിതരണം തടയാനും ഹോര്‍മുസ് ഉപരോധിക്കാനുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ലോക വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ലാവ്റോവ് ബീജിങ്ങിലെത്തിയത്. ഏപ്രില്‍ 14, 15 തീയതികളില്‍ നടക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തില്‍, ഹോര്‍മുസ് കടലിടുക്കിലെ യു.എസ് ഇടപെടലുകളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും പ്രധാന ചര്‍ച്ചാവിഷയമാകും.
ഷി ജിന്‍പിങ്ങും വ്ളാഡിമിര്‍ പുടിനും വിഭാവനം ചെയ്ത അതിരുകളില്ലാത്ത പങ്കാളിത്തമെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളെ സംയുക്തമായി നേരിടാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
ആഗോള ഊര്‍ജ്ജ സുരക്ഷ അപകടത്തിലാക്കുന്ന യു.എസ് നീക്കങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ഒന്നിച്ച് നില്‍ക്കാന്‍ ചൈനയും റഷ്യയും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധം ആഗോള സാമ്പത്തിക വിപണികളെ തകിടം മറിക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവും മുന്നറിയിപ്പ് നല്‍കി.
എണ്ണ കയറ്റുമതി തടസ്സപ്പെടുന്നത് വ്യാപകമായ സാമ്പത്തിക അസ്ഥിരതയ്ക്കും ഊര്‍ജ്ജ പ്രതിസന്ധിക്കും കാരണമാകും. ഇറാനില്‍ നിന്നുള്ള എണ്ണ വിതരണത്തെ ആശ്രയിക്കുന്ന ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ട്രംപിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും റഷ്യ പറഞ്ഞു.
സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സെര്‍ജി ലാവ്റോവുമായി ഫോണില്‍ സംസാരിച്ചിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും അമേരിക്ക നടത്തുന്ന പ്രകോപനപരമായ ഇടപെടലുകള്‍ ആഗോള സുരക്ഷയ്ക്ക് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ ഉപരോധ ഭീഷണികള്‍ക്കിടയിലും വര്‍ഷങ്ങളായി ഇറാനില്‍ നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഗള്‍ഫ് മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബീജിങ്ങില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു ശ്രമങ്ങളേയും പ്രോത്സാഹിപ്പിക്കാന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
ഇറാനെ സാമ്പത്തികമായി തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ഉപരോധ നീക്കം ചൈനയേയും റഷ്യയേയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്.
ലാവ്റോവിന്റെ ഈ സന്ദര്‍ശനം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
Content Highlight: Russian FM Sergey Lavrov arrives in China for talks amidst West Asia tensions




