India
സ്ത്രീകൾ നിങ്ങളോട് ക്ഷമിക്കില്ല; പാർലമെന്റിൽ ഭേദഗതികളെ എതിർത്ത പ്രതിപക്ഷത്തിനെതിരെ മോദി
ന്യൂദൽഹി: പാർലമെന്റിൽ ഏകപക്ഷീയമായി അവതരിപ്പിച്ച നിയമഭേദഗതികളെ എതിർത്ത പ്രതിപക്ഷത്തിനെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുതിയ ബില്ലുകളിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അത് കാലത്തിന്റെ ആവശ്യമായിക്കണ്ട് പാസ്സാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീ സംവരണത്തെ എതിർത്ത പ്രതിപക്ഷത്തോട് സ്ത്രീകൾ പകരം ചോദിക്കുമെന്ന് പറഞ്ഞ മോദി ഈ ബില്ല് വികസിത ഭാരതത്തിനുള്ള ചുവടുവെപ്പായി കാണണമെന്നും പറഞ്ഞു.
ലോക്‌സഭാ സീറ്റുകളിലെ സ്ത്രീ സംവരണം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിലെ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
ബി.ജെ.പി യെ പരിഹസിച്ച അദ്ദേഹം, ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള തീരുമാനം എങ്ങനെയാണ് ഉണ്ടായതെന്നും ഈ സംഖ്യ നാഗ്പൂരിൽ ആർ.എസ്.എസ് ആസ്ഥാനത്തുനിന്നാണോ വന്നതെന്നും ചോദിച്ചു.
ബില്ലുകളെ അനുകൂലിച്ച് സംസാരിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഈ ക്വാട്ട നടപ്പിലാക്കുന്നതിലൂടെ ഒരു സംസ്ഥാനത്തിനും യാതൊരുവിധ നഷ്ടവും സംഭവിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ, വനിതാ സംവരണ നിയമത്തെ മറയാക്കി പിൻവാതിലിലൂടെ മണ്ഡല പുനർനിർണയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗൗരവ് ഗോഗോയ് തിരിച്ചടിച്ചു.
മണ്ഡല പുനർനിർണയ ബില് നടപ്പാക്കാൻ തീരുമാനിച്ചതുമുതൽ പ്രതിപക്ഷ പാർട്ടികൾ ആശങ്ക ഉയർത്തുന്നുണ്ട്, പാർലമെന്റിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ല് മുൻപ് പാർലമെന്റിൽ ഐക്യകണ്‌ഠേനയായിരുന്നു അംഗീകരിച്ചത്.
എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങളോടുപോലും കൂടിയാലോചിക്കാതെ മണ്ഡല പുനർനിർണയത്തിന് ബി.ജെ.പി വനിതാ സംവരണത്തിന്റെ മറയാക്കിയിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഭരണഘടനാ ഭേദഗതി ബില്ലിന്റെ കരട് പ്രകാരം, 2029 ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപായി വനിതാ സംവരണ നിയമം പ്രായോഗികമാക്കുന്നതിനായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ൽ നിന്ന് പരമാവധി 850 ആയി ഉയർത്തും. 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡല പുനർനിർണ്ണയം നടക്കുക.
Content Highlight: Women will not forgive you; Modi attacks opposition for opposing amendments in Parliament
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




