World
അമേരിക്കയുമായുള്ള ബന്ധത്തിലൂടെ ലഭിച്ചിരുന്ന കരുത്തുകൾ ദുർബലമായി; യു.എസുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിക്കാനൊരുങ്ങി കാനഡ
ഒട്ടാവ: പതിറ്റാണ്ടുകളായുള്ള പങ്കാളിത്തത്തിന് ശേഷം അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം ദൃഢതയില്ലാത്തതായി മാറിയിരിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞായറാഴ്ച പുറത്തുവിട്ട 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് മാർക്ക് കാർണി ഈ പരാമർശങ്ങൾ നടത്തിയത്. ഏതെങ്കിലും ഒരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്ന രീതിയിൽ നിന്ന് കാനഡ മാറി ചിന്തിക്കണമെന്ന സൂചനയും അദ്ദേഹം വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.
‘ലോകം കൂടുതൽ അപകടകരവും വിഭജിക്കപ്പെട്ടതുമായിരിക്കുന്നു,’ കാർണി പറഞ്ഞു.
അമേരിക്ക തങ്ങളുടെ വ്യാപാര സമീപനത്തിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നുവെന്നും മഹാമാന്ദ്യത്തിന് ശേഷം രാജ്യം കണ്ടിട്ടില്ലാത്ത വിധം ഉയർന്ന നിരക്കിലാണ് അമേരിക്കൻ വ്യാപാര നികുതികളെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള ബന്ധത്തിലൂടെ തങ്ങൾക്ക് ലഭിച്ചിരുന്ന പല കരുത്തുകളും ഇപ്പോൾ ദുർബലമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകരാജ്യങ്ങളുമായി നിലനിൽക്കുന്ന വ്യാപാര ബന്ധങ്ങളെ തകിടം മറിക്കുന്ന വിധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന ഇറക്കുമതി നികുതി വലിയ ഭീഷണിയായ സാഹചര്യത്തിക്കാന് കാർണിയുടെ ഈ പ്രതികരണം.
‘ഇന്നത്തെ സാഹചര്യം സവിശേഷമായി തോന്നാം, എന്നാൽ ഇതിനുമുമ്പും നാം ഇത്തരത്തിലുള്ള ഭീഷണികളെ നേരിട്ടിട്ടുണ്ട്,’ 1812 ലെ യു.എസ് അധിനിവേശത്തെ ഓർമിപ്പിച്ചുകൊണ്ട് മാർക്ക് കാർണി പറഞ്ഞു.
ഈ മാസം ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പിൽ കാർണിയുടെ ലിബറൽ പാർട്ടി പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു. ഇത് അമേരിക്കയുമായുള്ള വ്യാപാര ബന്ധം പോലുള്ള പ്രധാന സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് കരുത്ത് നൽകുമെന്നാണ് റിപ്പോർട്ടുകൾ.
യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ പുനപരിശോധന ജൂലൈയിൽ നടക്കാനിരിക്കുകയാണ്.
Content Highlight: The strengths gained through ties with the United States have weakened; Canada is preparing to end economic ties with the US
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




