Kerala
ക്രിസ്തീയ ഗാനം പാടിയത് വലിയ അപരാധമല്ല; ദേശത്തിന്റെ സൗഹൃദം തകര്‍ക്കരുത്: നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി
കോട്ടയം: കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജന്‍സ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കണ്‍വീനര്‍.
ക്രിസ്തീയ ഗാനം പാടുന്നത് വലിയ അപരാദമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് കമ്മിറ്റി പറഞ്ഞു.
ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും, അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയതെന്ന് കണ്‍വീനര്‍ വ്യക്തമാക്കി.
ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കമ്മിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഈ നാട്ടിലുള്ള എല്ലാവര്ക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതി മത ഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നു.
അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികളിലും എല്ലാ മതസ്ഥരും സഹകരിക്കാറുണ്ടെന്നും അങ്ങനെ ഒരു ഗാനം പാടുന്നതില്‍ തങ്ങള്‍ ഒരു തെറ്റും കാണുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.
‘ഈ അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മള് വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട് താലപ്പൊലി കടന്നു പോകുമ്പോള്‍ അവര്‍ വഴിയരിയില്‍ തിരി തെളിയുന്നതും എല്ലാം വര്‍ഷവും നടക്കുന്നതാണ്.
അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല.
അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട്നിലവിലുള്ള സൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ,’ കണ്‍വീനര്‍ വ്യക്തമാക്കി.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ കൃസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാനെയാണ് വിശദീകരണവുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രംഗത്തെത്തിയത്.
ചിക്കന്‍മസാല നല്ലതാണ് എന്നാല്‍ പായസത്തിലിടരുതെന്നായിരുന്നു ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികലയുടെ പരിഹാസം.
ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്ന് ശശികല പറഞ്ഞു. നന്ദഗോവിന്ദം ഭജന്‍സിന് അഭിനന്ദന പ്രവാഹമെന്ന മനോരമ ഓണ്‍ലൈനിന്റെ കാര്‍ഡ് പങ്കുവച്ചായിരുന്നു ശശികലയുടെ കുറിപ്പ്. ‘ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങള്‍ മണിക്കൂറുകള്‍ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ?
ചെറിയ പ്രവാഹം അരുവിയാണ് തോടാണ് ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്!
പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാല്‍ അത് പലതിനേയും ഒഴുക്കി കളയും! ചൂരല്‍മലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. ചിക്കന്‍ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത് ഒരു വീട്ടമ്മയുടെ ഉപദേശമാണ്, ശശികല കുറിച്ചു.
ശശികലയ്ക്ക് പുറമെ ഹൃദയവിദ്യ ഫൗണ്ടേഷന് ചെയര്മാന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയും നന്ദഗോവിന്ദം ഭജന്‍സ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരുന്നു.
സംഘത്തെ ‘നന്ദകുന്തിരിക്കം ഭജന്‍സ്’ എന്ന് പരിഹസിച്ച അദ്ദേഹം ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ക്ഷേത്ര വേദികളില്‍ ഹലേലൂയ പാടുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു പറഞ്ഞത്.
മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെ.ജെ യേശുദാസ് പാടിയ ‘ഈ പരദേവനഹോ’ എന്ന ഗാനമായിരുന്നു നന്ദഗോവിന്ദം ഭജന്‍സ് ടീം പാടിയത്. ഈ ഗാനം ആലപിക്കുന്നതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്ന് ഭജനസംഘം വേദിയില്‍ അറിയിച്ചിരുന്നു.
ക്ഷേത്രവും തൊട്ടടുത്തുള്ള പള്ളിയും തമ്മിവുള്ള ദൃഢമായ ബന്ധം ഉയര്‍ത്തിക്കാട്ടാനായിരുന്നു അവര്‍ ഗാനം ആലപിച്ചത്. ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയില്‍ വിളക്ക് തെളിയിക്കുന്നതും, ഉത്സവത്തിനെത്തുന്നവര്‍ക്ക് പള്ളിയുടെ വാഹനപാര്‍ക്കിങ് സൗകര്യം നല്‍കുന്നതും ചൂണ്ടിക്കാട്ടിയാണ് മതസൗഹാര്‍ദത്തിന്റെ ഭാഗമായി ഈ ഗാനം അവതരിപ്പിച്ചത്. ഇതിന് വലിയ അഭിനന്ദനം നന്ദഗോവിന്ദം ഭജന്‍സിന് ലഭിക്കുന്നതിനിടെയാണ് ഹിന്ദു ഐക്യവേദിയുടേയും ഹൃദയവിദ്യ ഫൗണ്ടേഷന്റേയും വിമര്‍ശനം.
വിമര്‍ശനങ്ങള്‍ ഒരുവശത്ത് ശക്തമാകുമ്പോഴും, കലയ്ക്ക് അതിര്‍വരമ്പുകളില്ലെന്നും മതസൗഹാര്‍ദത്തിന്റെ മാതൃകയാണിതെന്നും പറഞ്ഞ് ഒരു വലിയ വിഭാഗം ആളുകള്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണയ്ക്കുന്നുണ്ട്.
Content Highlight: Singing a Christian song is not a big crime; Don’t break the nation’s friendship: Temple committee supports Nandagovindam Bhajans
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




