22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

പ്രതിമ തകര്‍ത്തതിനേക്കാള്‍ വലിയ പാപമാണ് കുഞ്ഞുങ്ങളെ കൊല്ലുന്നത്; നെതന്യാഹുവിന്റെ ഖേദപ്രകടനത്തിനെതിരെ ജറുസലേം ബിഷപ്പ്

Date:



Trending


പ്രതിമ തകര്‍ത്തതിനേക്കാള്‍ വലിയ പാപമാണ് കുഞ്ഞുങ്ങളെ കൊല്ലുന്നത്; നെതന്യാഹുവിന്റെ ഖേദപ്രകടനത്തിനെതിരെ ജറുസലേം ബിഷപ്പ്

ജറുസലേം: തെക്കന്‍ ലെബനനിലെ നബതിയേഹ് പ്രവിശ്യയിലുള്ള ഡെബെല്‍ പട്ടണത്തില്‍ ഇസ്രഈലി സൈനികന്‍ യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത സംഭവം ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

വിഷയത്തില്‍ ഇസ്രഈലിന്റെ നടപടിയെ അപലപിച്ചും ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരതയ്‌ക്കെതിരെ വിമര്‍ശനമുന്നറിയിച്ചും രംഗത്തെത്തിയിരിക്കുകയാണ് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ സഹായ ബിഷപ്പായ വില്യം ഷോമാലി.

അനഡോലു ഏജന്‍സിയോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. വിഷയത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഖേദപ്രകടനത്തോടുള്ള പ്രതികരണവും അദ്ദേഹം അറിയിച്ചു.

ഈ പ്രവൃത്തി കേവലം ഒരു പ്രതിമ തകര്‍ക്കല്‍ മാത്രമല്ലെന്നും, മറിച്ച് മതങ്ങളോടുള്ള അങ്ങേയറ്റത്തെ അനാദരവാണെന്നും ബിഷപ്പ് ഷോമാലി പറഞ്ഞു.

‘ഇത് തികച്ചും അസ്വീകാര്യമാണ്, ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാന്‍ പാടില്ല. ഇത് ലജ്ജാകരവും അപമാനകരവുമാണ്. കൂടാതെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനവും മതവിശ്വാസങ്ങളെ അവഹേളിക്കലുമാണ്,’ ബിഷപ്പ് വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവന നടത്തിയിരുന്നു. ഇസ്രഈല്‍ ‘എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’ എന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ഇതിനെതിരെയായിരുന്നു ബിഷപ്പ് രംഗത്തെത്തിയത്.

പ്രതിമ തകര്‍ത്തതിനേക്കാള്‍ വലിയ ദുരന്തമാണ് ലെബനനില്‍ നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് എന്നായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം.

‘പ്രതിമയോ കുരിശോ തകര്‍ക്കുന്നത് മാത്രമല്ല ലെബനനിലെ ദുരന്തം. നിരപരാധികളായ സാധാരണക്കാരും കുട്ടികളും എല്ലാ ദിവസവും അവിടെ കൊല്ലപ്പെടുന്നുണ്ട്. അത് ഇതിലും ഗുരുതരമായ കാര്യമാണ്. ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം,’ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇസ്രഈലി പത്രമായ ഹാരെറ്റ്സ് തന്നെ സൈനികന്‍ പ്രതിമ തകര്‍ക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരുന്നു. വിഷയം വിവാദമായതോടെ തങ്ങളുടെ സൈനികരില്‍ ഒരാളാണ് ഈ പ്രവര്‍ത്തി ചെയ്തതെന്ന് ഇസ്രഈല്‍ സൈന്യത്തിന് ഔദ്യോഗികമായി സമ്മതിക്കേണ്ടി വന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം മാര്‍ച്ച് 2 മുതല്‍ ലെബനനില്‍ തുടരുന്ന ഇസ്രഈലി ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 2,294 പേരാണ് ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ ലെബനനില്‍ കൊല്ലപ്പെട്ടത്. 7,544 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1 ദശലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി.

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലെബനനില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രഈല്‍ ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വ്യാഴാഴ്ച തീരുമാനം ഉണ്ടായത്.

എന്നാല്‍ ഇതിന് പിന്നാലെയും ലെബനനില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ തകര്‍ക്കുന്നതും സാധാരണക്കാരെ ലക്ഷ്യം വെക്കുന്നതുമായ ആക്രമണങ്ങള്‍ ഇസ്രഈല്‍ നടത്തുന്നുണ്ട്. മേഖലയില്‍ വലിയ തോതിലുള്ള അസ്വസ്ഥതകള്‍ക്ക് ഇത് കാരണമായിട്ടുണ്ട്.

Content Highlight: Killing children is a greater sin than destroying a statue; Jerusalem Bishop against Netanyahu’s apology




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related