5
May, 2026

A News 365Times Venture

5
Tuesday
May, 2026

A News 365Times Venture

കേരളം നല്‍കിയ കരുത്തില്‍ ഡോംകല്‍ വീണ്ടും ചുവപ്പണിഞ്ഞു; ബംഗാളില്‍ സി.പി.ഐ.എമ്മിന് ഉജ്ജ്വല തിരിച്ചുവരവ്; ആരാണ് മുസ്താഫിസുര്‍ റഹ്‌മാന്‍?

Date:



India


‘കേരളം നല്‍കിയ കരുത്തില്‍’ ഡോംകല്‍ വീണ്ടും ചുവപ്പണിഞ്ഞു; ബംഗാളില്‍ സി.പി.ഐ.എമ്മിന് ഉജ്ജ്വല തിരിച്ചുവരവ്; ആരാണ് മുസ്താഫിസുര്‍ റഹ്‌മാന്‍?

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് കരുത്തുറ്റ തിരിച്ചുവരവ് നടത്തി സി.പി.ഐ.എം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും നേടാനാകാതിരുന്ന പാര്‍ട്ടി മുര്‍ഷിദാബാദിലെ ഡോംകല്‍ തിരിച്ചുപിടിച്ചാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.

‘റാണ’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുവനേതാവ് മുസ്താഫിസുര്‍ റഹ്‌മാനിലൂടെയാണ് ബംഗാള്‍ നിയമസഭയിലേക്ക് പാര്‍ട്ടി വീണ്ടും ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹുമയൂണ്‍ കബീറിനെ 16,296 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്താഫിസുര്‍ റഹ്‌മാന്‍ പരാജയപ്പെടുത്തിയത്.

റഹ്‌മാന്‍ 1,07,882 വോട്ടുകള്‍ നേടിയപ്പോള്‍ ഹുമയൂണ്‍ കബീറിന് 91,586 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ 47,229 വോട്ടുകള്‍ക്ക് പരാജയപ്പെട്ട പാര്‍ട്ടി അഞ്ച് വര്‍ഷത്തിനിപ്പുറം ആ പരാജയഭാരം കഴുകിക്കളഞ്ഞ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറിയത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

അതിഥി തൊഴിലാളികളുടെ ഇടയിലുള്ള ശക്തമായ സ്വാധീനമാണ് റഹ്‌മാന്റെ വിജയത്തിലെ നിര്‍ണായക ഘടകം. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ജനകീയ നേതാവായ അദ്ദേഹം, തെരഞ്ഞെടുപ്പിന് മുന്നോടിയായി 400ലധികം അതിഥി തൊഴിലാളി കുടുംബങ്ങളെ തൃണമൂലില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് എത്തിച്ചിരുന്നു.

മുര്‍ഷിദാബാദ് മേഖലയിലെ പ്രധാന വിഷയമായ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു റഹ്‌മാന്റെ പ്രചാരണം. ഇതില്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത് കേരളത്തിലാണ്. ഈ വോട്ടര്‍മാരെ നേരില്‍ കാണാനായി നാല് മാസം മുന്‍പ് അദ്ദേഹം കേരളത്തിലെ പെരുമ്പാവൂരില്‍ എത്തി പ്രചാരണം നടത്തിയിരുന്നു.

സി.പി.ഐ.എം കേരള ഘടകത്തിന്റെ സഹായത്തോടെ നടന്ന കണ്‍വെന്‍ഷനുകള്‍ വലിയ വിജയമായിരുന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് തൊഴിലാളികളെ കേരളത്തില്‍ നിന്നും വോട്ട് ചെയ്യാന്‍ നാട്ടിലെത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹുമയൂണ്‍ കബീര്‍ പുറം ജില്ലക്കാരനായതും റഹ്‌മാന് പ്രാദേശിക തലത്തില്‍ മുന്‍തൂക്കം നല്‍കി.

1967ല്‍ രൂപീകൃതമായ ഡോംകല്‍ മണ്ഡലം ചരിത്രപരമായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ്. ഇതുവരെ നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ 11 തവണയും സി.പി.ഐ.എം ഇവിടെ വിജയിച്ചിട്ടുണ്ട്. 1977 മുതല്‍ 2016 വരെ തുടര്‍ച്ചയായി ഒന്‍പത് തവണ പാര്‍ട്ടി ഇവിടെ ആധിപത്യം പുലര്‍ത്തി.

പ്രമുഖ നേതാവ് അനിസുര്‍ റഹ്‌മാന്‍ 1991 മുതല്‍ 2016 വരെ തുടര്‍ച്ചയായി ആറ് തവണ ഈ സീറ്റില്‍ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. 1969 ലും 1972 ലും മാത്രമാണ് കോണ്‍ഗ്രസ് ഇവിടെ വിജയിച്ചത്. 2021 ലും ഡോംകലില്‍ റഹ്‌മാന്‍ മത്സരിച്ചിരുന്നു. അന്ന് 47,229 വോട്ടിനായിരുന്നു പരാജയം.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത് (92.47%). ഏപ്രില്‍ 23ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഡോംകലില്‍ 96.43% പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇത് 2021ലെ 84.63 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.

ഇടതുമുന്നണി 250ലധികം സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ സി.പി.ഐ.എം 195 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. അതില്‍ വിജയിച്ച ഏക സീറ്റ് ഡോംകല്‍ ആണ്. സഖ്യകക്ഷിയായ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ നൗസാദ് സിദ്ദിഖി ഭംഗര്‍ സീറ്റ് നിലനിര്‍ത്തി.

2011ല്‍ ഭരണം നഷ്ടമായ ശേഷം 40, 26, പൂജ്യം എന്നിങ്ങനെ താഴേക്ക് പോയ സി.പി.ഐ.എമ്മിന്റെ സീറ്റ് നില ഈ വിജയത്തോടെ വീണ്ടും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.

ബി.ജെ.പി ഉള്‍പ്പെടെയുള്ള 13 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന ഡോംകലില്‍, തൃണമൂലിന്റെ ആധിപത്യത്തെയും ബി.ജെ.പിയുടെ വെല്ലുവിളിയെയും അതിജീവിച്ചാണ് റഹ്‌മാന്‍ സി.പി.ഐ.എം പ്രതിനിധിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബംഗാളി വിരുദ്ധതയും അതിഥി തൊഴിലാളികളുടെ ദുരവസ്ഥയും പ്രചാരണ വിഷയമാക്കിയാണ് മുസ്താഫിസുര്‍ റഹ്‌മാന്‍ ഇത്തവണ ജയിച്ചുകയറിയത്.

Content Highlight: CPI(M) ends drought in Bengal with lone win in Domkal: Who is Mostafijur Rahaman?




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related