നടന്നത് വോട്ടുമോഷണം; മുഖ്യമന്ത്രിപദം രാജിവെക്കില്ലെന്ന് മമത
കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും പ്രഖ്യാപിച്ച് മമതാ ബാനർജി. കൊൽക്കത്തയിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മമതയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളും വോട്ടർ പട്ടികയിൽ കൃത്രിമത്വവും നടന്നതായി അവർ പറഞ്ഞു. 100 സീറ്റുകൾ മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞ മമതാ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും കൂട്ടിച്ചേർത്തു.
തങ്ങൾ ബി.ജെ.പിയോട് മാത്രമല്ല ഈ സംവിധാനത്തോട് മുഴുവനായുമാണ് പോരാടുന്നതെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലും വോട്ടെണ്ണൽ സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയും പക്ഷപാതപരമായി പെരുമാറിയെന്നും ഒത്തുകളിച്ചുവെന്നുമുള്ള ആരോപണങ്ങൾ അവർ വീണ്ടും ആവർത്തിച്ചു.
294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകൾ നേടിയപ്പോൾ, ബി.ജെ.പി 207 സീറ്റുകൾ നേടി. സ്വന്തം മണ്ഡലമായ ഭവാനിപൂരിലും മമത പരാജയപ്പെട്ടു.
എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽ നിന്നും ഏകദേശം 90 ലക്ഷം പേരുകൾ നീക്കം ചെയ്തതായി മമത പറഞ്ഞു. വിവിധ ജില്ലകളിൽ തൃണമൂൽ കോൺഗ്രസ് ഏജന്റുമാരെയും സ്ഥാനാർത്ഥികളെയും ലക്ഷ്യം വെച്ചതായും കേന്ദ്ര സേന വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും അവർ കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും, തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ 15 അംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മമതാ ബാനർജി പറഞ്ഞു.
വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയപ്പോൾ തന്നെ കായികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും പല മണ്ഡലങ്ങളിലും വോട്ടെണ്ണൽ തടസപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കരിദിനം എന്നാണ് വോട്ടെണ്ണൽ ദിനത്തെ അവർ വിശേഷിപ്പിച്ചത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഹേമന്ത് സോറൻ എന്നിവരടങ്ങുന്ന ഇന്ത്യാ മുന്നണിയിലെ നിരവധി നേതാക്കൾ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മമത കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഐക്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
Content Highlight: What happened was vote rigging; Mamata says she will not resign as CM




