India
ബുള്‍ഡോസര്‍രാജ്; ഫരീദാബാദില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് ആയിരങ്ങള്‍
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ ബുള്‍ഡോസര്‍ രാജിനെതിരെ വന്‍ പ്രതിഷേധം. നെഹ്‌റു കോളനിയിലും പരിസര പ്രദേശങ്ങളിലും നടന്ന നിയമവിരുദ്ധ പൊളിച്ചുമാറ്റലുകളില്‍ പ്രതിഷേധിച്ചാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.
ഫരീദാബാദിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ വെച്ച് നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് സി.ഐ.ടി.യു നേതാക്കളാണ്. നെഹ്‌റു കോളനി ബച്ചാവോ സംഘര്‍ഷ് സമിതിയുടെ ഭാഗമായിട്ടായിരുന്നു സമരം.
കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം.
70 വര്‍ഷത്തോളം പഴക്കമുള്ള നെഹ്റു കോളനിയിലെ നൂറുകണക്കിന് വീടുകളും ആരാധനാലയങ്ങളും മെയ് 29, 30 തീയതികളിലായി അര്‍ദ്ധരാത്രിയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ചേര്‍ന്ന് പൊളിച്ചുനീക്കിയത്.
തങ്ങള്‍ പതിറ്റാണ്ടുകളായി ഇവിടെയാണ് താമസിക്കുന്നതെന്നും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, വൈദ്യുതി മീറ്റര്‍ തുടങ്ങിയ കൃത്യമായ രേഖകള്‍ കൈവശമുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ഒഴിഞ്ഞുപോകാന്‍ ഔദ്യോഗികമായി യാതൊരുവിധ നോട്ടീസും മുന്‍കൂട്ടി നല്‍കിയിരുന്നില്ലെന്നും വെറും വാക്കാലുള്ള ഭീഷണികള്‍ മാത്രമാണ് ഉണ്ടായതെന്നും അവര്‍ പറയുന്നു.
പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ രണ്ടിനാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഔദ്യോഗിക നോട്ടീസ് പുറപ്പെടുവിച്ചത്. മെട്രോ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ വീടുകള്‍ തകര്‍ത്തതിന് ശേഷം നോട്ടീസ് നല്‍കിയതിന്റെ യുക്തിയെ പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു.
പ്രതിഷേധ മാര്‍ച്ചിന് ശേഷം ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിക്ക് സമരക്കാര്‍ നിവേദനം സമര്‍പ്പിച്ചു. കോളനികളിലെ പൊളിക്കല്‍ നടപടികള്‍ ഉടനടി നിര്‍ത്തലാക്കുക, തകര്‍ത്ത വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുക, പ്രദേശത്ത് വിച്ഛേദിച്ച കുടിവെള്ള-വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുക, ബുള്‍ഡോസര്‍ രാജിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍.
Content Highlight: Bulldozer rule; Thousands take to the streets in Faridabad to protest
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




