ഇസ്രഈല്‍ രഹസ്യ സൈനികതാവളം; ആഭ്യന്തര പ്രതിരോധ മന്ത്രിമാരോട് വിശദീകരണം തേടാനൊരുങ്ങി ഇറാഖ് പാര്‍ലമെന്‌റ്
ബഗ്ദാദ്: രാജ്യത്ത് ഇസ്രഈല്‍ രഹസ്യ സൈനിക താവളം നിര്‍മിച്ചതായുള്ള റിപ്പോര്‍ട്ടുകളില്‍ ആഭ്യന്തര മന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും വിശദീകരണം തേടാനൊരുങ്ങി ഇറാഖ് പാര്‍ലമെന്‌റ്. ഇറാഖില്‍ ഇസ്രഈല്‍ രഹസ്യ സൈനിക താവളം നിര്‍മിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ ചുമതലയുള്ള മന്ത്രിമാരെ ചോദ്യം ചെയ്യാനാണ് ഇറാഖി പാര്‍ലമെന്‌റിന്‌റെ തീരുമാനം.
ഇറാനെതിരായ യുദ്ധത്തിനിടെ ഇസ്രഈല്‍ ഇറാഖില്‍ രഹസ്യ സൈനിക താവളം നിര്‍മിച്ചതായി ദ ന്യൂ അറബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രഈല്‍ ഇറാഖിന്‌റെ പടിഞ്ഞാറന്‍ മേഖലയില്‍ രഹസ്യ ഔട്ട് പോസ്റ്റ് സ്ഥാപിച്ചതായി ശനിയാഴ്ച ദ വാള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ക്ക് ഈ ഇടങ്ങളെ ഇസ്രാഈല്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങുന്നതിന് തൊട്ട് മുമ്പ് ഈ ഇടങ്ങള്‍ സൈനികാവശ്യങ്ങള്‍ക്ക് ഇസ്രഈല്‍ സജ്ജമാക്കിയെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇറാഖിലെ പടിഞ്ഞാറന്‍ മരുഭൂമി പ്രദേശത്ത് ഒരു താത്കാലിക എയര്‍സ്ട്രിപ്പിന്‌റേതെന്ന് സംശയിക്കുന്ന മാര്‍ച്ച് മാസത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഓപ്പണ്‍ സോഴ്‌സ് ഇന്‌റലിജന്‍സ് പ്ലാറ്റ്‌ഫോമായ ഫയ്തുക്‌സ് നെറ്റ്‌വര്‍ക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രദേശത്ത് യുദ്ധവിമാനങ്ങളും താത്കാലിക നിര്‍മാണങ്ങളും കണ്ടതായും വാര്‍ത്തകള്‍ പുറത്ത് വന്നു.
നജഫിനും കര്‍ബലക്കും ഇടയിലെ മരുഭൂമി പ്രദേശത്ത് തിരിച്ചറിയാനാവാത്ത ഒരു വിദേശ സേനയുമായുള്ള ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് നാലിന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈനിക ഹെലികോപ്റ്ററുകള്‍ പ്രദേശത്ത് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇറാഖി സേന അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്‌റെ ഭാഗമായി ഇറാഖി സൈനികരെ ഈ മേഖലയില്‍ വിന്യസിക്കുകയും ചെയ്തു.
അന്താരാഷ്ട്ര സഖ്യത്തിന്‌റെ ഭാഗമായുള്ള യു.എസ് സൈന്യമാണ് രാജ്യത്തെ പടിഞ്ഞാറന്‍ മേഖലയിലെത്തിയതെന്നാണ് ആദ്യ ഘട്ടത്തില്‍ വിശ്വസിച്ചിരുന്നതെന്ന് ദ ന്യൂ അറബിനോട് ഒരു ഇറാഖി പാര്‍ലമെന്‌റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ ഈ മേഖലയില്‍ ഇസ്രഈല്‍ സൈനിക സാന്നിദ്ധ്യമില്ലെന്നും ഇറാഖ് സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവര്‍ വിവിധ അറബ് മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രഈല്‍ സൈനിക സാന്നിദ്ധ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഈ വിഷയത്തില്‍ ഇറാഖില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യുദ്ധസമയത്ത് യു.എസ് ആണ് ഇറാഖ് വ്യോമമേഖല ഇസ്രഈലിനു നല്‍കിയതെന്ന് ഇറാഖി എം.പി റഈദ് അല്‍ മാലിക്ക ആരോപിച്ചു. ഇറാഖ് സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും പുറത്തുവന്നിട്ടില്ല.
Content Highlight: Iraq Parliament to Summon Defense and Interior Ministers on Reports of Israel Bases




