World
മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് മെറ്റ; മാധ്യമ സ്വാതന്ത്ര്യത്തിന് നല്‍കേണ്ടി വന്ന ചെറിയ വിലയെന്ന് ഹെല്ലെ ലിങ്
ഓസ്ലോ: നോര്‍വേയില്‍ വെച്ച് നടന്ന സംയുക്ത പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ചതിന് പിന്നാലെ, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റ സസ്പെന്‍ഡ് ചെയ്തതായി നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ്.
ഓസ്ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ദിനപത്രമായ ‘ഡാഗ്സാവിസെന്റെ’ റിപ്പോര്‍ട്ടറായ ഹെല്ലെ ലിങ്ങിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് മെറ്റ സസ്പെന്‍ഡ് ചെയ്തത്.
തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നഷ്ടപ്പെട്ടതായി വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അവര്‍ പങ്കുവെച്ചത്.
പത്രസ്വാതന്ത്ര്യത്തിന് നല്‍കേണ്ടി വന്ന ചെറിയ വിലയാണ് ഇതെന്നായിരുന്നു തന്റെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള ഹെല്ലെ ലിങ്ങിന്റെ പ്രതികരണം.
‘നിങ്ങള്‍ ഇന്‍സ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍, എന്റെ രണ്ട് അക്കൗണ്ടുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. പത്രസ്വാതന്ത്ര്യത്തിന് നമ്മള് നല്കേണ്ടിവരുന്ന ഒരു ചെറിയ വിലയാണിത്. എന്നാല്‍ ഇതുപോലൊരു അനുഭവം എന്റെ ജീവിതത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല.’ ഹെല്ലെ ലിങ് പറഞ്ഞു.
പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ ഈ നടപടിയുണ്ടായതെന്ന സൂചനയാണ് പോസ്റ്റിലൂടെ അവര്‍ നല്‍കിയത്.
ഹെല്ലെ ലിങ്ങിന്റെ ചോദ്യങ്ങളും ഇടപെടലുകളും മിനിറ്റുകള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
വിഷയം വിശദീകരിക്കാനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുചേര്‍ത്ത പ്രസ് ബ്രീഫിങ്ങിലും ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ലിങ് ചോദ്യങ്ങള്‍ ഉന്നയിച്ചു.
സംഭവത്തിന് പിന്നാലെ ഹെല്ലെ ലിങ്ങിന്റെ ഡിജിറ്റല്‍ ജീവിതവും മുന്‍കാല ചരിത്രവും സോഷ്യല്‍ മീഡിയയില്‍ നെറ്റിസണ്‍സിന്റെ പരിശോധനയ്ക്ക് വിധേയമായി.
ബീജിങ്ങിനേയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും പുകഴ്ത്തിക്കൊണ്ട് അവര്‍ മുന്‍പ് എഴുതിയ ലേഖനങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ അവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കും ആരംഭിച്ചിരുന്നു.
ഹെല്ലെ ലിങ് വെറുമൊരു മാധ്യമപ്രവര്‍ത്തകയല്ലെന്നും, മറിച്ച് ഒരു ‘വിദേശ ചാരയും ‘ചൈനീസ് പ്രോക്സി’ യുമാണെന്ന വിമര്‍ശനമായിരുന്നു ചില ഇന്ത്യന്‍ ഹാന്‍ഡിലുകളഇല്‍ നിന്ന് ഉയര്‍ന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഹെല്ലെ ലിങ് നിഷേധിച്ചിട്ടുണ്ട്.
മെറ്റാ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നഷ്ടപ്പെടുകയും കടുത്ത ഓണ്‍ലൈന്‍ ആക്രമണം നേരിടേണ്ടി വരികയും ചെയ്തെങ്കിലും, ഹെല്ലെ ലിങ്ങിന്റെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ഒറ്റരാത്രികൊണ്ട് 45,000-ത്തിലധികമായിട്ടാണ് വര്‍ധിച്ചത്.
നോര്‍വെ പ്രധാനമന്ത്രി എാനാസ് ഗാര് സ്റ്റോറുമായി സംയുക്ത വാര്‍ത്താ കുറിപ്പ് വായിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ മോദി വേദി വിടാനൊരുങ്ങിയതിനെയായിരുന്നു ലിങ് ചോദ്യം ചെയ്തത്.
ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ടാണ് താങ്കള്‍ മറുപടി നല്‍കാത്തതെന്നായിരുന്നു ചോദ്യം. ഈ വീഡിയോ മിനുട്ടുകള്‍ക്കകം ലോകമെമ്പാടും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
Content Highlight: Norwegian reporter who heckled PM Modi says Meta suspended her accounts




