21
May, 2026

A News 365Times Venture

21
Thursday
May, 2026

A News 365Times Venture

റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്തി യു.എസ്; ക്യൂബയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാവും

Date:



Daily News


റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്തി യു.എസ്; ക്യൂബയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാവും

ഹവാന: ക്യൂബയ്ക്ക് മേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നതിനിടെ രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയ്ക്കെതിരെ 90കളിലെ ഒരു വിമാന ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തി യു.എസ്. 1996ല്‍ ബ്രദേഴ്സ് ടു റെസ്‌ക്യൂ എന്ന മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ രണ്ട് വിമാനങ്ങള്‍ ക്യൂബന്‍ സൈന്യം വെടിവെച്ചിട്ട സംഭവത്തിലാണ് റൗളിനെതിരെ കുറ്റം ചുമത്തിയത്.

ഫിദല്‍ കാസ്ട്രോയുടെ സഹോദരനും 94 വയസ്സുകാരനുമായ റൗള്‍ കാസ്ട്രോയെ ഇപ്പോഴും ക്യൂബയിലെ ഏറ്റവും അധികാരമുള്ള നേതാവായാണ് കണക്കാക്കുന്നത്. വര്‍ഷങ്ങളായി യു.എസിനും ക്യൂബയ്ക്കും ഇടയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവാന്‍ റൗളിനെതിരായ നടപടി കാരണമാവുമെന്ന് വിലയിരുത്തപ്പെടുന്നു.

1996 ഫെബ്രുവരി 24ന് ബ്രദേഴ്‌സ് ടു റെസ്‌ക്യൂവിന്റെ രണ്ട് സിവിലിയന്‍ വിമാനങ്ങള്‍ വെടിവച്ചിടാനുള്ള തീരുമാനത്തിലേക്ക് ക്യൂബന്‍ സൈന്യം എത്തിച്ചേരുന്നതില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന റൗള്‍ കാസ്‌ട്രോയ്ക്ക് നേതൃപരമായ പങ്കുണ്ടെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിക്കുന്നു.

യു.എസ് പൗരരെ കൊല്ലുന്നതിനായുള്ള ഗൂഡാലോചന, കൊലപാതകം, വിമാന ആക്രമണം എന്നീ കുറ്റങ്ങള്‍ റൗള്‍ കാസ്‌ട്രോയ്ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമത്തിയിട്ടുണ്ട്.

1996ല്‍ ബ്രദേഴ്‌സ് ടു റെസ്‌ക്യൂ വിമാനം തകര്‍ന്ന് നാല് പേരായിരുന്നു കൊല്ലപ്പെട്ടത്. സംഭവം ആഗോള തലത്തില്‍ അപലപിക്കപ്പെട്ടിരുന്നു. യു.എസിനും ക്യൂബക്കും ഇടയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവാനും ഇത് കാരണമായിരുന്നു.

വിമാനം ആക്രമിക്കാന്‍ താനോ ആഭ്യന്തരമന്ത്രി റൗള്‍ കാസ്‌ട്രോയോ ഉത്തരവിട്ടില്ലെന്നായിരുന്നു അന്നത്തെ ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിഡല്‍ കാസ്‌ട്രോ പ്രതികരിച്ചത്.

അതേസമയം, ഇപ്പോള്‍ റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ യു.എസ് കുറ്റം ചുമത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ക്യൂബയുടെ ഇപ്പോഴത്തെ ഭരണാധികാരി മിഗ്വേല്‍ ഡയസ്-കാനല്‍ അഭിപ്രായപ്പെട്ടു. റൗള്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ക്യൂബന്‍ ഭരണാധികാരി നിഷേധിച്ചു.

റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്തുന്നത് ക്യൂബയ്ക്ക് മേലുള്ള സമ്മര്‍ദം ശക്തമാവാന്‍ കാരണമാവുമെന്ന് വിലയിരുത്തപ്പെടുന്നു

. ക്യൂബയ്‌ക്കെതിരെ യു.എസ് പ്രയോഗിക്കുന്ന മൊത്തത്തിലുള്ള സമ്മര്‍ദങ്ങളുടെ ഭാഗമാണ് പുതിയ നടപടിയെന്ന് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഒര്‍ലാന്റോ പെരെസിനെ അധികരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സി.ഐ.എ ഡയരക്ടര്‍ ജോണ്‍ റാഡ്ക്ലിഫിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘം ഹവാനയില്‍ ക്യൂബന്‍ ഭരണതലത്തിലെ ഉന്നതരുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘അര്‍ത്ഥവത്തായ പരിഷ്‌കരണങ്ങള്‍’ നടത്തിയാല്‍ ക്യൂബക്ക് 10 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാമെന്ന് അന്നത്തെ കൂടിക്കാഴ്ചയില്‍ യു.എസ്. സംഘം ക്യൂബക്ക് വാഗ്ദാനം നല്‍കുകയും ചെയ്തു. യു.എസ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം തന്നെ റൗളിനെതിരേ കുറ്റം ചുമത്താന്‍ യു.എസ്. ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്തിരുന്നു.

ക്യൂബയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തനിക്ക് അട്ടിമറിക്കണമെന്ന് ട്രംപ് പലതവണ പറഞ്ഞിരുന്നു. വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ യു.എസ്. ഭരണകൂടം തട്ടിക്കൊണ്ടു പോയതിന് ശേഷം ക്യൂബയാണ് അടുത്തതെന്ന് ട്രംപ് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

യു.എസിന്റെ ഉപരോധ സമാനമായ നടപടികള്‍ കാരണം ക്യൂബയിലേക്കുള്ള ഇന്ധന ഇറക്കുമതി ഏതാണ്ട് പൂര്‍ണമായും നിലച്ചിരുന്നു. വെനസ്വേലയില്‍ നിക്കോളാസ് മഡുറോ സര്‍ക്കാരിനെ യു.എസ് പുറത്താക്കിയതിന് പിറകെ ക്യൂബയിലും ഭരണമാറ്റത്തിനായി യു.എസ് ശ്രമിക്കുന്നതിന്റെ ഭാഗമായി ഉപരോധം വിലയിരുത്തപ്പെട്ടിരുന്നു.

Content Highlight: US Trump administration indicts Cuba’s Raul Castro over 1996 plane shootdown




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related