15
June, 2026

A News 365Times Venture

15
Monday
June, 2026

A News 365Times Venture

ബംഗ്ലാദേശി എന്ന് വിളിച്ചു; ഇഷ്ടിക കൊണ്ടിടിച്ചു- തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രമണം

Date:

‘ബംഗ്ലാദേശി’ എന്ന് വിളിച്ചു; ഇഷ്ടിക കൊണ്ടിടിച്ചു: തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എ.ഐ.ടിസി) ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രമണം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങള്‍ ബാധിച്ച കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനായി സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സോനാര്‍പൂര്‍ സൗത്തിലെത്തിയപ്പോഴായിരുന്നു ഒരു സംഘം ആളുകള്‍ ടി.എം.സി നേതാവിനെ ആക്രമിച്ചത്.

ആക്രമിക്കപ്പെട്ട തൃണമൂല്‍ എം.പിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ബാനര്‍ജി ആരോപിച്ചു. ആ പ്രദേശത്ത് പൊലീസുകാര്‍ ആരും ഉണ്ടായിരുന്നില്ല. അവര്‍ തന്നെ കൊല്ലാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇത് ബി.ജെ.പി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണെങ്കില്‍ താന്‍ കോടതിയെ സമീപിക്കുമെന്നും ബാനര്‍ജി വ്യക്തമാക്കി. തന്റെ കണ്ണിന് അക്രമികള്‍ ഇഷ്ടിക വച്ച് അടിച്ചെന്നും ഇപ്പോള്‍ തന്റെ ഒരു കണ്ണ് തുറക്കാനാവുന്നില്ലെന്നും വീഡിയോയില്‍ ബാനര്‍ജി പറയുന്നുണ്ട്.

പ്രദേശത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ബാനര്‍ജി സന്ദര്‍ശിച്ചു. അവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും അത് വരെ താന്‍ പ്രദേശം വിട്ട് പോകില്ലെന്നും ബാനര്‍ജി പറഞ്ഞു.

‘അവര്‍ എന്നെ ഇഷ്ടിക വെച്ച് എറിഞ്ഞു, എന്റെ നേരെ മുട്ടകൊണ്ട് എറിഞ്ഞു, കല്ലേറ് നടത്തി. ഇതെന്താണ് സംഭവിച്ചത്. ആ പ്രദേശത്തെ ആളുകള്‍ ഞങ്ങളെ കാണുകയും സ്‌നേഹത്തോടെ ഇടപഴകുകയും ചെയ്തിരുന്നു. അപ്പോള്‍ ആരാണ് ഈ ഗുണ്ടായിസം ചെയ്തത്,’ ബാനര്‍ജി ചോദിച്ചു.

‘തന്റെ കാലിനും കൈക്കും മുതുകിലും നെഞ്ചത്തുമെല്ലാം അവര്‍ മര്‍ദിച്ചു. പിന്നീട് ഹെല്‍മറ്റ് വച്ചതിനാല്‍ മാത്രമാണ് എന്റെ തല പൊട്ടിപ്പോവാതിരുന്നത്,’ ബാനര്‍ജി പറയുന്നു.

സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയെ വിമര്‍ശിച്ചു. ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടുവെന്ന് ആക്രമണത്തെക്കുറിച്ച് തൃണമൂല്‍ പ്രതികരിച്ചു. ‘ബി.ജെ.പിയുടെ നാണം കെട്ട ഭരണത്തില്‍ ക്രമസമാധാനം വഷളായി’ എക്‌സ് പോസ്റ്റില്‍ പാര്‍ട്ടി പ്രതികരിച്ചു.

അക്രമങ്ങളും, ഭീഷണിപ്പെടുത്തലും, രാഷ്ട്രീയ ഗുണ്ടായിസവും ബി.ജെ.പി ഭരണത്തിന്റെ പ്രത്യേകതയാണെന്നും തൃണമൂല്‍ എക്‌സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴവര്‍ക്ക് രാഷ്ട്രീയമായി മേല്‍ക്കൈ കിട്ടിയാലും നാളെ അവര്‍ ചോദ്യം ചെയ്യപ്പെടുമെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. ‘ബംഗാള്‍ ഇത് കാണുന്നുണ്ട്, ഇന്ത്യ ഇത് കാണുന്നുണ്ട്, ലോകം ഇത് കാണുന്നുണ്ട്,’ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറയുന്നു.

ഭരണാധികാരികള്‍ കൊലയാളികളായി മാറി എന്ന് തൃണമൂല്‍ നേതാവ് മമത ബാനര്‍ജി പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും ആക്രമണത്തെ അപലപിച്ചു.

പ്രദേശത്ത് പൊലീസിനെ വിന്യസിക്കാതെയുള്ള കരുതിക്കൂട്ടിയുള്ള നീക്കം ബി.ജെ.പിയുടെ രാഷ്ട്രീയ വൈരം എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതായി ഖാര്‍ഗെ അഭിപ്രായപ്പെട്ടു. ബിജെപിയാണ് ആക്രമണം ചിട്ടപ്പെടുത്തിയതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

  

Content Highlight: AITC leeader Abhishek Banerjee attacked in west Bengal. called ‘Bangladeshi,’ attacked with stones, eggs




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related