national news
കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും; സംസ്ഥാനം കടക്കെണിയില്‍, പോയ സര്‍ക്കാരിനെ പഴിച്ച് ധവളപത്രം
ചെന്നൈ: തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കി വിജയ് നയിക്കുന്ന ടി.വി.കെ സര്‍ക്കാര്‍.
നേരത്തെ അധികാരത്തിലിരുന്ന ഡി.എം.കെ സര്‍ക്കാര്‍ ഖജനാവ് പൂര്‍ണമായും കാലിയാക്കിയെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക നില നിലവില്‍ അതീവ ഗുരുതരമാണെന്നുമാണ് ധവളപത്രത്തിലുള്ളത്.
തമിഴ്‌നാടിന്റെ മൊത്തം സാമ്പത്തിക ബാധ്യത നിലവില്‍ 13.18 ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ബജറ്റിന് പുറത്തുള്ള വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യതകളും ഉള്‍പ്പെടെയാണിത്.
2021 ഏപ്രില്‍ ഒന്നിന് 5.13 ലക്ഷം കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം, 2026 മാര്‍ച്ച് 31 ആയപ്പോഴേക്കും ഏകദേശം 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അതായത്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിവര്‍ഷം 14.3 ശതമാനം എന്ന ഭീതിദമായ നിരക്കിലാണ് കടം വര്‍ധിച്ചത്.
അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് ധവളപത്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 22.8 ശതമാനവും മുന്‍പെടുത്ത കടങ്ങളുടെ പലിശ അടയ്ക്കാനായി മാത്രം ചിലവാകുകയാണ്.
തമിഴ്‌നാടിന്റെ പലിശ ഭാരം ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടേതിനേക്കാള്‍ ഏകദേശം ഇരട്ടിയാണ്.
സംസ്ഥാനത്തിന്റെ വരുമാനക്കമ്മി കര്‍ണാടകയുടേയോ മഹാരാഷ്ട്രയുടേയോ വരുമാനക്കമ്മിയുടെ രണ്ടര ഇരട്ടിയോളം വരും. ഗുജറാത്ത് മിച്ച ബജറ്റ് നിലനിര്‍ത്തുമ്പോഴാണ് തമിഴ്‌നാട് ഈ വലിയ പ്രതിസന്ധി നേരിടുന്നത്.
തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലവും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന കാര്യവും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ഈ ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്.
ടി.വി.കെ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കണമെങ്കില്‍ പ്രതിവര്‍ഷം 70,000 കോടി രൂപ അധികമായി ആവശ്യമായി വന്നേക്കും.
എന്നാല്‍, നിലവിലുള്ള ഒരു ക്ഷേമപദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി എന്‍. മേരി വില്‍സണ്‍ ഉറപ്പുനല്‍കി. അതേസമയം, പുതിയ വാഗ്ദാനങ്ങള്‍ എപ്പോള്‍ നടപ്പിലാക്കുമെന്നതിന് കൃത്യമായ ഒരു സമയപരിധി നിശ്ചയിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടികളും സ്വീകരിക്കാതെ, ഡി.എം.കെ സര്‍ക്കാര്‍ അഞ്ച് ലക്ഷം കോടിയിലധികം രൂപയാണ് കടമെടുത്തതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കര്‍ണാടകയും ഗുജറാത്തും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തിയപ്പോള്‍ തമിഴ്‌നാടിന്റെ അവസ്ഥ വഷളാവുകയായിരുന്നു.
അഴിമതിരഹിതമായ ഭരണത്തിലൂടെയും കൃത്യമായ സാമ്പത്തിക മാനേജ്‌മെന്റിലൂടെയും മാത്രമേ സംസ്ഥാനത്തെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സാധിക്കൂ എന്നും ധവളപത്രം വ്യക്തമാക്കുന്നു.
Content Highlight: TVK has released a white paper on the financial situation of the state government in Tamil Nadu.
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




