25
June, 2026

A News 365Times Venture

25
Thursday
June, 2026

A News 365Times Venture

സുവേന്ദുവുമായി ആഴത്തിലുള്ള അടുപ്പമെന്ന് മഹുവ മൊയിത്ര;ചര്‍ച്ചയായി തൃണമൂല്‍ നേതാവിന്റെ അഭിമുഖം

Date:



India


സുവേന്ദുവുമായി ആഴത്തിലുള്ള അടുപ്പമെന്ന് മഹുവ മൊയിത്ര;ചര്‍ച്ചയായി തൃണമൂല്‍ നേതാവിന്റെ അഭിമുഖം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയിത്രയുടെ അഭിമുഖം. കഴിഞ്ഞ ദിവസം പുറത്തുവന്ന, ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെക്കുറിച്ചും ബി.ജെ.പിയെ കുറിച്ചും മഹുവ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഇന്ന് വലിയ രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിലും സുവേന്ദു അധികാരിയുമായി ആഴത്തിലുള്ള വൈകാരിക അടുപ്പം നിലനില്‍ക്കുന്നതായി ഇന്റര്‍വ്യൂവില്‍ മഹുവ പറഞ്ഞു. ‘വ്യക്തിപരമായി എനിക്ക് സുവേന്ദുവുമായി നല്ല ബന്ധമാണുള്ളത്. പാര്‍ട്ടിയില്‍ ഒരുമിച്ചുള്ളപ്പോള്‍ സുവേന്ദു എന്നെ ധാരാളം സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,’ മഹുവ പറഞ്ഞു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും അന്ന് സുവേന്ദു അധികാരി തന്നെ ആശ്വസിപ്പിക്കാന്‍ ഒപ്പം നിന്നതിനെക്കുറിച്ചും ഇന്നലെ പുറത്തുവന്ന ബി.ബി.സിയുടെ അഭിമുഖത്തില്‍ മഹുവ പറഞ്ഞിരുന്നു. അന്ന് സുവേന്ദു മാത്രമായിരുന്നു തനിക്കൊപ്പം നിന്നതെന്നും മഹുവ പറഞ്ഞിരുന്നു.

‘2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് സീറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, അത് അവസാന നിമിഷം എനിക്ക് നിഷേധിക്കപ്പെട്ടു. അന്ന് രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. ആ സമയത്ത് എന്നെ ആശ്വസിപ്പിക്കാനും എനിക്കൊപ്പം നില്‍ക്കാനും സുവേന്ദു മാത്രമാണുണ്ടായിരുന്നത്’ മഹുവ പറഞ്ഞു.

അടുത്തിടെ പാര്‍ട്ടി പിളര്‍ന്നതടക്കമുള്ള പ്രതിസന്ധികളിലൂടെയാണ് ഇത്തവണത്തെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകേ തൃണമൂല്‍ പോയിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തൃണമൂല്‍ നേതാവാണ് മഹുവ.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുവേന്ദു മാത്രമാണ് തനിക്കായി പ്രചാരണത്തിന് വന്നതെന്നും മറ്റ് തൃണമൂല്‍ നേതാക്കള്‍ അവഗണിച്ചെന്നും മഹുവയുടെ അഭിമുഖത്തില്‍ പറയുന്നു. 2016ല്‍ കരിംപൂരില്‍ നിന്നാണ് മഹുവ നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചത്. ‘അന്ന് തൃണമൂലിലെ മുതിര്‍ന്ന നേതാക്കളാരും എനിക്കായി പ്രചാരണത്തിന് എത്തിയില്ല. എന്നാല്‍ തന്റെ ആദ്യ റാലി നയിച്ചത് സുവേന്ദു അധികാരിയായിരുന്നു,’ മഹുവ പറഞ്ഞു.

2020ലാണ് സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നത്. മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നായിരുന്നു സുവേന്ദു പാര്‍ട്ടി വിട്ടത്.

രണ്ട് രാഷ്ട്രീയ ക്യാമ്പുകളിലായതിനാല്‍ സുവേന്ദുവുമായി സംസാരിക്കുന്നത് കുറവാണെന്നും ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ മഹുവ പറഞ്ഞു. പാര്‍ട്ടി അതിര്‍ വരമ്പുകളെ മറികടക്കുന്നതാണ് വ്യക്തി ബന്ധങ്ങളെന്നും അവര്‍ പറഞ്ഞു.

ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും മഹുവ അഭിമുഖത്തില്‍ പറയുന്നു. ബി.ജെ.പി ശക്തമായ കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയാണെന്നും ഒരു വ്യക്തിയെ ആശ്രയിച്ച് നിലനില്‍ക്കുന്ന പാര്‍ട്ടിയല്ലെന്നും മഹുവ അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് കൃത്യമായ ഹിന്ദുത്വ പ്രത്യയ ശാസ്ത്രമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ലയനമുണ്ടാവില്ലെന്നും മഹുവ വ്യക്തമാക്കി. അത്തരം റിപ്പോര്‍ട്ടുകളില്‍ സത്യത്തിന്റെ അംശം ഒട്ടുമില്ലെന്നും അവര്‍ പറഞ്ഞു.

നേരത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അടുത്തിടെ പാര്‍ട്ടി വിട്ട വിമതരുടെ നടപടി ഭേദപ്പെട്ട നടപടിയാണെന്ന തരത്തില്‍ മഹുവ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് അതിനെതിരെ പ്രവര്‍ത്തിക്കുന്നതിലും ഭേദമാണ് സുവേന്ദു അധികാരിയെ പോലെ തുറന്നു പറഞ്ഞുകൊണ്ട് പാര്‍ട്ടി വിടുന്നത് എന്നായിരുന്നു പാര്‍ട്ടി വിട്ട വിമതരെക്കുറിച്ച് മഹുവ പറഞ്ഞത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ വിമത നീക്കങ്ങളും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും അടുത്ത കാലത്ത് വലിയ പ്രതിസന്ധിയാണ് പാര്‍ട്ടിയില്‍ സൃഷ്ടിച്ചത്. സംസ്ഥാനത്ത് അധികാരത്തിലേറിയ ബി.ജെ.പി തൃണമൂല്‍ നേതാക്കള്‍ക്കെതിരെ അന്വേഷണങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന സമീപനം സ്വീകരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മഹുവയുടെ പുതിയ അഭിമുഖവും പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

Content highlight: Mahua Moithra BBC Interview: Remarks About CM Suvendhu Adhikari

  




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related