24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

ബംഗാളി സംസ്‌കാരം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല; ഇനി മുഗള്‍ വംശത്തിന്റെ പേരുള്ള റോഡുകളുണ്ടാവില്ല- സുവേന്ദു

Date:



India


ബംഗാളി സംസ്‌കാരം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല; ഇനി മുഗള്‍ വംശത്തിന്റെ പേരുള്ള റോഡുകളുണ്ടാവില്ല: സുവേന്ദു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇനി മുഗള്‍ വംശത്തിന്റെയോ പത്താന്റെയോ അടിച്ചമര്‍ത്തുന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെയോ പേരുള്ള റോഡുകളുണ്ടാവില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.

റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുകള്‍ പുനപരിശോധിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും റോഡുകള്‍ക്ക് പേരുനല്‍കുന്നതിനായി യഥാര്‍ത്ഥ ദേശ സ്‌നേഹികളുടെ പേരുകള്‍ മാത്രമേ പരിഗണിക്കൂവെന്നും സുവേന്ദു പറഞ്ഞു.

കൊല്‍ക്കത്തയിലെ ഒരു പ്രമുഖ റോഡിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ചരിത്രം തിരുത്തിയെഴുതുന്നു എന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പാര്‍ക്ക് സര്‍ക്കസ് പ്രദേശത്തുള്ള ‘സുഹ്റവര്‍ദി അവന്യൂ’ എന്ന പ്രധാന റോഡിന്റെ പേര് മാറ്റി ‘ഗോപാല്‍ മുഖര്‍ജി റോഡ്’ എന്ന് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുനര്‍നാമകരണം ചെയ്തതാണ് വിവാദമായത്.

റോഡിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വലിയ തര്‍ക്കങ്ങള്‍ നടന്നു. യഥാര്‍ത്ഥ പേരിന് പിന്നിലെ ചരിത്രപരമായ പശ്ചാത്തലം തിരുത്തപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി പറഞ്ഞു.

കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയുടെ ആദ്യ മുസ്‌ലിം വൈസ് ചാന്‍സലറും പ്രശസ്ത ഡോക്ടറുമായിരുന്ന സര്‍ ഹസന്‍ സുഹ്റവര്‍ദിയുടെ ഓര്‍മ്മയ്ക്കായി 1932-ല്‍ കല്‍ക്കട്ട ഇംപ്രൂവ്മെന്റ് ട്രസ്റ്റാണ് ഈ പേര് നല്‍കിയതെന്നും അതുമായി ബന്ധപ്പെട്ട രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സുവേന്ദു അധികാരി, കൊല്‍ക്കത്തയില്‍ ഇനി മുഗള്‍, പത്താന്‍ പേരുകള്‍ നിലനിര്‍ത്തില്ലെന്ന് വ്യക്തമാക്കി. റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുകള്‍ പരിശോധിക്കാന്‍ സ്വാമി പ്രദീപ്താനന്ദ (കാര്‍ത്തിക് മഹാരാജ്) അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്നും യഥാര്‍ത്ഥ രാജ്യസ്‌നേഹികളുടെ പേരുകള്‍ മാത്രമേ റോഡുകള്‍ക്ക് നല്‍കാന്‍ പരിഗണിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സിസ്റ്റര്‍ നിവേദിത ഒഴികെ മറ്റൊരു വിദേശിയുടെയും പേര് അവശേഷിക്കില്ല. എ.പി.ജെ. അബ്ദുള്‍ കലാമിനെപ്പോലെയുള്ള യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ ഉണ്ടെങ്കില്‍ ആ വിവരങ്ങള്‍ നല്‍കുക, സംസ്ഥാന സര്‍ക്കാര്‍ അവരെ ആദരിക്കും. ബംഗാളി സംസ്‌കാരത്തെയും അഭിമാനത്തെയും ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേര് മാറ്റത്തെ മുഖ്യമന്ത്രി അധികാരി സ്വാഗതം ചെയ്യുകയും ചരിത്രപരമായ തെറ്റ് തിരുത്തലാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ജയറാം രമേശ് എന്നിവരും സി.പി.ഐ.എമ്മും ബി.ജെ.പി സര്‍ക്കാരിനെതിരെ രംഗത്തുവന്നു. സര്‍ക്കാര്‍ ചരിത്രവസ്തുതകള്‍ അവഗണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. പ്രശസ്ത ഡോക്ടറായ സര്‍ ഹസന്‍ സുഹ്റവര്‍ദിയെയും, വിഭജിക്കപ്പെടാത്ത ബംഗാളിന്റെ അവസാന പ്രധാനമന്ത്രിയായിരുന്ന ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദിയെയും ബി.ജെ.പി നേതാക്കള്‍ മാറി മനസ്സിലാക്കിയതാണ് ഈ വിവാദങ്ങള്‍ക്ക് കാരണമെന്നും പ്രതിപക്ഷം പറഞ്ഞു.

Content Highlight: No one will be allowed to destroy Bengali culture; There will no longer be roads named after the Mughal dynasty in Bengal: Suvendu




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related