26
June, 2026

A News 365Times Venture

26
Friday
June, 2026

A News 365Times Venture

മയക്കുമരുന്ന് വരുന്നത് അദാനി തുറമുഖങ്ങള്‍ വഴി; അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പറ്റാത്തവരാണ് തൂഫാന്‍ കൊണ്ടുവരുന്നതെന്ന് കെ. സഹദേവന്‍

Date:



Kerala


മയക്കുമരുന്ന് വരുന്നത് അദാനി തുറമുഖങ്ങള്‍ വഴി; അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പറ്റാത്തവരാണ് തൂഫാന്‍ കൊണ്ടുവരുന്നതെന്ന് കെ. സഹദേവന്‍

കൊച്ചി: രാജ്യത്തേക്ക് മയക്കുമരുന്ന് കടന്നു വരുന്നത് ഗൗതം അദാനിയുടെ കീഴിലുള്ള തുറമുഖങ്ങള്‍ വഴിയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ. സഹദേവന്‍. രാജ്യത്തെ മയക്കുമരുന്ന് കച്ചവടത്തിന് കടിഞ്ഞാണിടാന്‍ അദാനിയുടെ തുറമുഖങ്ങള്‍ക്ക് മേല്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. സഹദേവന്റെ പ്രതികരണം. അദാനിക്കെതിരെ ഒരു നടപടിയുമെടുക്കാന്‍ കഴിയാത്തവരാണ് ഓപ്പറേഷന്‍ തൂഫാന്‍ കാണിച്ച് ലഹരി വസ്തുക്കള്‍ക്കെതിരായ യുദ്ധത്തിനിറങ്ങിയിരിക്കുന്നതെന്നും കെ. സഹദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നത് ഗൗതം അദാനിയുടെ കീഴിലുള്ള തുറമുഖങ്ങള്‍ വഴിയാണ്. അദാനി പോര്‍ട്ടുകള്‍ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ അളവ് സഹസ്ര കോടികളുടേതാണ്,’ കെ. സഹദേവന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘രാജ്യത്തെ മയക്കുമരുന്ന് കച്ചവടത്തിന് കടിഞ്ഞാണിടാന്‍ മേല്‍പ്പറഞ്ഞ തുറമുഖങ്ങള്‍ക്ക് മേല്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രം മതിയാകും. എന്നാല്‍ മോദി സര്‍ക്കാരിനെത്തന്നെ നിയന്ത്രിക്കുന്ന ഗൗതം അദാനിയെയോ അയാളുടെ തുറമുഖങ്ങളെയോ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്തവരാണ് ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള നാലാംകിട ഗിമ്മിക്കുകള്‍ കാട്ടി ലഹരി വസ്തുക്കള്‍ക്കെതിരായ യുദ്ധത്തിനിറങ്ങിയിരിക്കുന്നത്,’ കെ. സഹദേവന്‍ കുറിച്ചു.

ഇന്ത്യയില്‍ ഇതുവരെ പിടിക്കപ്പെട്ട, ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള, ഗുജറാത്തിലെ മുന്‍ഡ്ര പോര്‍ട്ടില്‍ വെച്ചായിരുന്നു. 20000 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് ഒറ്റ കണ്‍സൈന്‍മെന്റില്‍ മാത്രമായി പിടിക്കപ്പെട്ടതെന്നും കെ. സഹദേവന്‍ പറഞ്ഞു.

‘2020നും 24നും ഇടയില്‍ ഇന്ത്യയിലെ 19 പോര്‍ട്ടുകളില്‍ നിന്നായി 11,300 കോടി രൂപയ്ക്കുള്ള മയക്കുമരുന്നുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 65 ശതമാനവും ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്നായിരുന്നുവെന്നതുകൂടി ഓര്‍ക്കുക.

കഴിഞ്ഞ മാസം (2026 മെയ് 28ന്) മുന്‍ഡ്ര തുറമുഖത്തിനടുത്ത് നിന്ന് പിടികൂടിയ കൊക്കെയ്ന്‍ ഏതാണ്ട് 1150 കോടി വില വരുന്നതായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പറഞ്ഞതൊക്കെയും പിടികൂടപ്പെട്ട ലഹരിവസ്തുക്കളുടെ കാര്യമാണ്. അദാനി പോര്‍ട്ടുകള്‍ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ അളവ് സഹസ്ര കോടികളുടേതാണ്,’ കെ. സഹദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇതിന് പുറമെ ‘തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ മയക്കുമരുന്ന് വഴികള്‍’ എന്ന തലക്കെട്ടോട് കൂടി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും കെ. സഹദേവന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയില്‍ മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രധാനകവാടങ്ങളായി പ്രവര്‍ത്തിക്കുന്നത് ഗുജറാത്തിലെ അദാനി ഉടമസ്ഥതയിലുള്ള തുറമുഖങ്ങളാണ് എന്നത് വസ്തുതയാണെന്ന് ഈ പോസ്റ്റില്‍ പറയുന്നു.

‘ഇന്ത്യയില്‍ മയക്ക് മരുന്ന് ഉപഭോഗം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വന്‍തോതില്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2015 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് ഇന്ത്യക്കാരുടെ ഇടയിലെ മയക്കുമരുന്ന് ഉപഭോഗം ഇരട്ടിയിലധികമായിട്ടുണ്ട്,’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

തീവ്ര വലതുപക്ഷ രാഷ്ട്രീയം മയക്കുമരുന്നിനെ യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനായ നോര്‍മന്‍ ഓല 2016ല്‍ എഴുതിയ ‘Blitzed: Drugs in the Third Riech’ എന്ന പുസ്തകത്തില്‍ നാസികള്‍ ഏത് തരത്തിലാണ് മയക്കുമരുന്നിനെ ഉപയോഗിച്ചതെന്ന് പറയുന്നതായും കെ. സഹദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ധാര്‍മ്മിക വിശുദ്ധിയുടെ പ്രതീകമായി സ്വയം അവതരിപ്പിക്കുന്ന നാസി ഭരണകൂടം, തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനായി, മയക്കുമരുന്നുകളെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. കൊക്കെയ്‌നും ഓപ്പിയവും പോലുള്ള മയക്കുമരുന്നുകള്‍ക്കൊപ്പം തന്നെ ജര്‍മ്മന്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ മെത്താംഫെറ്റാമൈനുകള്‍ പോലുള്ള അത്യന്തം അപകടകാരികളായ മയക്കുമരുന്നുകള്‍ തയ്യാറാക്കിയതിന്റെ സാക്ഷ്യപത്രങ്ങള്‍ ഗ്രന്ഥകാരന്‍ നിരത്തുന്നു,’ കെ. സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘തീവ്ര വലതുപക്ഷ രാഷ്ട്രീയം കവര്‍ന്നെടുക്കാന്‍ പോകുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെത്തന്നെയായിരിക്കും,’ എന്ന് പറഞ്ഞാണ് കെ. സഹദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റുകളുടെ പൂര്‍ണ രൂപം

കേരളത്തില്‍ മയക്കുമരുന്നിനും ഇതര ലഹരി വസ്തുക്കള്‍ക്കും എതിരായി സര്‍ക്കാര്‍ മുന്‍കൈയ്യില്‍ നടക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ കാമ്പെയ്ന്‍ കാണാന്‍ നല്ല ചേലുണ്ട്. പോലീസ്-എക്സൈസ്, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന ഈ വ്യായാമത്തില്‍ നാട്ടിലെ ചെറുമീനുകളെ വലയിട്ട് പിടിക്കുന്നതും സര്‍ക്കാര്‍ വിലാസം സംഘടനകള്‍ ആര്‍പ്പുവിളിക്കുന്നതും ഒക്കെക്കാണുമ്പോള്‍ ആഭ്യന്തര വകുപ്പ് കര്‍മ്മനിരതരാണ് എന്ന തോന്നലുളവാക്കാന്‍ സാധിക്കുന്നുണ്ട്. അതിനപ്പുറം ഈ കലാപരിപാടികള്‍ കൊണ്ട് കാര്യമായ ഗുണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്.

കാരണം, കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നത് ഗൗതം അദാനിയുടെ കീഴിലുള്ള തുറമുഖങ്ങള്‍ വഴിയാണ്. ഇന്ത്യയില്‍ ഇതുവരെ പിടിക്കപ്പെട്ട, ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള, ഗുജറാത്തിലെ മുന്‍ഡ്ര പോര്‍ട്ടില്‍ വെച്ചായിരുന്നു. 20000 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് ഒറ്റ കണ്‍സൈന്‍മെന്റില്‍ മാത്രമായി പിടിക്കപ്പെട്ടത്.

2020നും 24നും ഇടയില്‍ ഇന്ത്യയിലെ 19 പോര്‍ട്ടുകളില്‍ നിന്നായി 11,300 കോടി രൂപയ്ക്കുള്ള മയക്കുമരുന്നുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 65%വും ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്നായിരുന്നുവെന്നതുകൂടി ഓര്‍ക്കുക.

കഴിഞ്ഞ മാസം (2026 മെയ് 28ന്) മുന്‍ഡ്ര തുറമുഖത്തിനടുത്ത് നിന്ന് പിടികൂടിയ കൊക്കെയ്ന്‍ ഏതാണ്ട് 1150 കോടി വില വരുന്നതായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇപ്പറഞ്ഞതൊക്കെയും പിടികൂടപ്പെട്ട ലഹരിവസ്തുക്കളുടെ കാര്യമാണ്. അദാനി പോര്‍ട്ടുകള്‍ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ അളവ് സഹസ്ര കോടികളുടേതാണ്.

രാജ്യത്തെ മയക്കുമരുന്ന് കച്ചവടത്തിന് കടിഞ്ഞാണിടാന്‍ മേല്‍പ്പറഞ്ഞ തുറമുഖങ്ങള്‍ക്ക് മേല്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രം മതിയാകും. എന്നാല്‍ മോദി സര്‍ക്കാരിനെത്തന്നെ നിയന്ത്രിക്കുന്ന ഗൗതം അദാനിയെയോ അയാളുടെ തുറമുഖങ്ങളെയോ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്തവരാണ് ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള നാലാംകിട ഗിമ്മിക്കുകള്‍ കാട്ടി ലഹരി വസ്തുക്കള്‍ക്കെതിരായ യുദ്ധത്തിനിറങ്ങിയിരിക്കുന്നത്.

തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ മയക്കുമരുന്ന് വഴികള്‍: ചരിത്രം നമ്മോട് പറയുന്നത്

ഇന്ത്യയില്‍ മയക്ക് മരുന്ന് ഉപഭോഗം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വന്‍തോതില്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2015 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് ഇന്ത്യക്കാരുടെ ഇടയിലെ മയക്കുമരുന്ന് ഉപഭോഗം ഇരട്ടിയിലധികമായിട്ടുണ്ട്. ഏകദേശം 65ശതമാനത്തിലധികം വര്‍ധവ്! മയക്ക്മരുന്ന് ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം ഒട്ടും പിറകിലല്ല എന്നത് നമ്മെ കൂടുതല്‍ ആശങ്കാകുലരാക്കേണ്ടതാണ്.

ഇന്ത്യയില്‍ മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രധാനകവാടങ്ങളായി പ്രവര്‍ത്തിക്കുന്നത് ഗുജറാത്തിലെ അദാനി ഉടമസ്ഥതയിലുള്ള തുറമുഖങ്ങളാണ് എന്നതും വസ്തുതയാണ്. സഹസ്ര കോടികളുടെ മയക്കുമരുന്നുകളാണ് മുണ്ഡ്ര തുറമുഖത്തുനിന്ന് മാത്രം കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ പിടികൂടപ്പെട്ടത്. പിടികൂടാതെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്ന നിരോധിത മയക്കുമരുന്ന് ലക്ഷക്കണക്കിന് കോടികളുടേതാണ്.

കഴിഞ്ഞ ഒരു ദശകക്കാലയളവിലെ മയക്കുമരുന്ന് ഉപഭോഗത്തിലെ ഈ ഭയാനകമായ വര്‍ധനവ് യാദൃശ്ചികമായ ഒന്നാണെന്ന് നിങ്ങള്‍ കരുതുന്നുവോ? എങ്കില്‍ നിങ്ങള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമുണ്ട്. ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനായ നോര്‍മന്‍ ഓല (Norman Ohler) 2016ല്‍ എഴുതിയ ‘Blitzed: Drugs in the Third Riech’ എന്ന ഗ്രന്ഥം.

ഫാസിസ്റ്റ് വാഴ്ചയ്ക്കായ് മതത്തോടൊപ്പം മയക്കുമരുന്നും ഉപയോഗപ്പെടുത്തുന്നുതെങ്ങിനെയെന്ന് ഈ ഗ്രന്ഥം നിങ്ങള്‍ക്ക് വിശദീകരിച്ചുതരും. ഫാസിസ്റ്റ് ഭരണകൂടം സാമൂഹിക നിയന്ത്രണങ്ങള്‍ക്കായി മയക്കുമരുന്നിനെ ഒരു ഉപകരണമാക്കി മാറ്റുന്നതെങ്ങിനെയെന്ന് നോര്‍മന്‍ ഓല വളരെ വിശദമായിത്തന്നെ വളരെ ആകര്‍ഷകമായ ഭാഷയില്‍ വെളിപ്പെടുത്തുന്നുണ്ട് ഈ ഗ്രന്ഥത്തില്‍.

നാസി പാര്‍ട്ടിയുമായി ബന്ധമുള്ള ഐജി ഫാര്‍ബന്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഉത്പാദന സംവിധാനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ‘ഫോക്സ്ഡ്രോജ്’ (ജനകീയ മയക്കുമരുന്ന്) വീട്ടമ്മമാര്‍, ഫാക്ടറി തൊഴിലാളികള്‍, സൈനികര്‍ എന്നിവര്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി ഓല വെളിപ്പെടുത്തുന്നു. ചോദ്യം ചെയ്യപ്പെടാത്ത അധികാരം, ഭരണകൂട സ്തുതികള്‍ എന്നിവയ്ക്കുള്ള ഉപാധിയായി ഇവ ഉപയോഗിക്കപ്പെട്ടു.
വംശശുദ്ധി രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ കേവല അടിമകളായി ഈ മയക്കുമരുന്ന് ഉപഭോക്താക്കളെ നാസി ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരുന്നു.

പെര്‍വിറ്റിന്‍ (methamphetamine) ഗുളികകളുടെ രൂപത്തില്‍ സൈനികര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ട ഗുളികള്‍ ദശലക്ഷക്കണക്കിന് വരുമെന്ന് ഓല രേഖകള്‍ നിരത്തി വിശദീകരിക്കുന്നു. അതുപോലെത്തന്നെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ മയക്കുമരുന്ന് പരീക്ഷണങ്ങളെ, പ്രത്യേകിച്ച്, തടവുകാര്‍ക്ക് ഉത്തേജകങ്ങള്‍ നല്‍കിയിരുന്നതിനെക്കുറിച്ചും – ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പരീക്ഷണങ്ങള്‍ക്കായി മനുഷ്യജീവനെ എങ്ങനെയൊക്കെ ഉപയോഗിക്കാന്‍ ഭരണകൂടം സന്നദ്ധമാകുന്നു എന്നത് സംബന്ധിച്ച തെളിവുകളും ഈ ഗ്രന്ഥം നല്‍കുന്നു.

ആര്‍ക്കൈവല്‍ മെറ്റീരിയലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് നോര്‍മന്‍ ഓലയുടെ അന്വേഷണങ്ങള്‍ – പെര്‍വിറ്റിനു വേണ്ടിയുള്ള സൈനിക ഓര്‍ഡറുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പാദന കണക്കുകള്‍, ഹിറ്റ്ലറുടെ ഡോക്ടറായ മോറെലിന്റെ റെക്കോര്‍ഡുകള്‍ തുടങ്ങി നിരവധി രേഖകള്‍ ഗ്രന്ഥകാരന്‍ സൂക്ഷ്മമായി കണക്കിലെടുക്കുന്നുണ്ട്.

കൊക്കെയ്ന്‍, ഹെറോയിന്‍, ആംഫെറ്റാമൈനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ പവര്‍ഹൗസുകളെ അവഗണിച്ചുകൊണ്ടുള്ള നാസി ജര്‍മ്മനിയെ സംബന്ധിച്ചുള്ള ഏത് വിശകലനങ്ങളും അപൂര്‍ണ്ണമായിരിക്കുമെന്നാണ് ഈ ഗ്രന്ഥത്തിലൂടെ ഓല വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

ധാര്‍മ്മിക വിശുദ്ധിയുടെ പ്രതീകമായി സ്വയം അവതരിപ്പിക്കുന്ന നാസി ഭരണകൂടം, തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനായി, മയക്കുമരുന്നുകളെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.

കൊക്കെയ്‌നും ഓപ്പിയവും പോലുള്ള മയക്കുമരുന്നുകള്‍ക്കൊപ്പം തന്നെ ജര്‍മ്മന്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ മെത്താംഫെറ്റാമൈനുകള്‍ പോലുള്ള അത്യന്തം അപകടകാരികളായ മയക്കുമരുന്നുകള്‍ തയ്യാറാക്കിയതിന്റെ സാക്ഷ്യപത്രങ്ങള്‍ ഗ്രന്ഥകാരന്‍ നിരത്തുന്നു.

”മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ”ന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ചതിനെ നിങ്ങള്‍ക്ക് തള്ളുകയോ കൊള്ളുകയോ ആകാം. എന്നാല്‍ വംശശുദ്ധിയുടെ, വെറുപ്പിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് മയക്കുമരുന്ന് മതവംശശുദ്ധിവാദവും അധികാരവും ഉറപ്പിക്കാനുള്ള ഉപാധിയാണന്ന വസ്തുതയെ തള്ളിക്കളയാനാകില്ല തന്നെ…..

തീവ്ര വലതുപക്ഷ രാഷ്ട്രീയം കവര്‍ന്നെടുക്കാന്‍ പോകുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെത്തന്നെയായിരിക്കും.

Content highlight: K Sahadevan Facebook Post On Adani Ports and Drugs




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related