26
June, 2026

A News 365Times Venture

26
Friday
June, 2026

A News 365Times Venture

ഏകീകൃത സിവില്‍ കോഡ്- കരട് തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ച് ഛത്തീസ്ഗഢും

Date:



national news


ഏകീകൃത സിവില്‍ കോഡ്: കരട് തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ച് ഛത്തീസ്ഗഢും

 

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കി മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഏകീകൃത സിവില്‍ കോഡിന്റെ കരട് രൂപരേഖ തയ്യാറാക്കാന്‍ അഞ്ചംഗ ഉന്നതതല സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.

കഴിഞ്ഞ ഏപ്രില്‍ 15നാണ് യൂണിഫോം സിവില്‍ കോഡിനുള്ള കരട് രൂപരേഖ തയ്യാറാക്കാന്‍ സമിതിയെ നിയമിക്കുമെന്ന് ഛത്തീസ്ഗഡ് മന്ത്രിസഭ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ജൂണ്‍ 25 വ്യാഴാഴ്ച പുറത്തിറങ്ങി.

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷ. നിലവില്‍ അയല്‍സംസ്ഥാനമായ മധ്യപ്രദേശിലും യു.സി.സി കരട് തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷ ജസ്റ്റിസ് ദേശായിയാണ്.

വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരായ ശത്രുഘ്‌നന്‍ സിങ്, എം.കെ. റാവത്ത്, മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ പവാര്‍, മുന്‍ പ്രിന്‍സിപ്പല്‍ ജ്യോതി റാണി സിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സംസ്ഥാനത്തെ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ പഠിക്കുകയും അവ ഏകീകരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുകയുമാണ് സമിതിയുടെ പ്രധാന ദൗത്യം.

വിവാഹം, വിവാഹമോചനം, ജീവനാംശം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമിതി പഠനവിധേയമാക്കും. പൊതുജനങ്ങള്‍, സാമൂഹിക സംഘടനകള്‍, നിയമവിദഗ്ധര്‍, മറ്റ് ഗുണഭോക്താക്കള്‍ എന്നിവരില്‍ നിന്ന് സമിതി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടും.

ഉത്തരാഖണ്ഡ് ഉള്‍പ്പെടെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയതോ അതിനായി നീക്കം നടത്തുന്നതോ ആയ മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകളും സമിതി പരിശോധിക്കും.

പഠനറിപ്പോര്‍ട്ട് തയ്യാറാക്കി ആവശ്യമായ നിയമനിര്‍മാണ-ഭരണനിര്‍വഹണ ശുപാര്‍ശകളോടെ സര്‍ക്കാരിന് സമര്‍പ്പിക്കും. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പിന്നീട് നിയമസഭയില്‍ അവതരിപ്പിക്കും.

വ്യക്തിനിയമങ്ങളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, നിയമങ്ങള്‍ ലളിതമാക്കുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് യു.സി.സി വഴി തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ അവകാശവാദം.

യു.സി.സി നടപ്പിലാക്കുന്നതോടെ എല്ലാ മതവിഭാഗങ്ങള്‍ക്കും ജാതിക്കാര്‍ക്കും ഒരുപോലെ ബാധകമായ സിവില്‍ നിയമങ്ങള്‍ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറയുന്നു.

നിലവില്‍ ഉത്തരാഖണ്ഡ് ആണ് രാജ്യത്ത് യു.സി.സി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം. ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളും ഈ ദിശയില്‍ ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണകാലം മുതല്‍ക്കേ സിവില്‍ കോഡ് നിലവിലുണ്ട്.

അതേസമയം, യു.സി.സി നടപ്പിലാക്കുന്നത് ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

തങ്ങള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുക എന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം. ചരിത്രത്തിലാദ്യമായി അധികാരത്തിലേറിയതിന് പിന്നാലെ ബംഗാളിലും ബി.ജെ.പി യു.സി.സി നടപടികളുമായി മുമ്പോട്ട് പോവുകയാണ്.

അടുത്ത ആഴ്ച ഇത് സംബന്ധിച്ച ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ സുവേന്ദു അധികാരി നയിക്കുന്ന സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ബില്‍ നിയമമായാല്‍, ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന സ്വതന്ത്ര ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറും.

രാജസ്ഥാനിലും ഇത്തരത്തില്‍ യു.സി.സി നടപടികള്‍ക്കായുള്ള കരട് നിയമം തയ്യാറാക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

Content Highlight: Chhattisgarh sets up 5-member panel to prepare Uniform Civil Code draft

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related