29
June, 2026

A News 365Times Venture

29
Monday
June, 2026

A News 365Times Venture

പ്രതിഷേധങ്ങള്‍ക്ക് നിരോധനം, നൂറുകണക്കിന് ആളുകള്‍ തടവില്‍; നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി തുര്‍ക്കിയില്‍ കടുത്ത നിയന്ത്രണം

Date:

പ്രതിഷേധങ്ങള്‍ക്ക് നിരോധനം, നൂറുകണക്കിന് ആളുകള്‍ തടവില്‍; നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി തുര്‍ക്കിയില്‍ കടുത്ത നിയന്ത്രണം

 

അങ്കാറ: വരാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി പൊതു പ്രതിഷേധങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയും നൂറുകണക്കിന് ആളുകളെ തടങ്കലിലാക്കുകയും ചെയ്ത് തുര്‍ക്കി ഗവണ്‍മെന്റ്.

ജൂലൈ 7, 8 തീയതികളില്‍ അങ്കാറയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി, ജൂണ്‍ 22-ന് അങ്കാറ ഗവര്‍ണറേറ്റ് 13 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കാനും ഭീകരവാദ ഭീഷണികള്‍ തടയാനും പൊതുസമാധാനം നിലനിര്‍ത്താനുമാണ് ഈ സുരക്ഷാ നടപടികളെന്നാണ് ഔദ്യോഗിക വിശദീകരണം.

സുരക്ഷാ നടപടികളുടെ ഭാഗമായി അങ്കാറ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദേശപ്രകാരം നൂറിലധികം ആളുകളെ കസ്റ്റഡിയിലെടുത്തു. ഇതില്‍ 225 പേരെ കസ്റ്റഡിയിലെടുത്തതില്‍ 178 പേരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇടതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരും ഉള്‍പ്പെടുന്നു.

സാമൂഹിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു വലിയ നിര തന്നെ തടങ്കലിലാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ അക്കാദമിക് വിദഗ്ധയായ എമല്‍ മെമിസ്, എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ യില്‍ഡിസ് ടാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ നെവ്‌സത് ഓസര്‍, അഭിഭാഷകരായ സെമ്ര ഡെമിര്‍, കുര്‍സത്ത് ബഫ്ര എന്നിവരും ഉള്‍പ്പെടുന്നു.

പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കും സിവില്‍ സ്വാതന്ത്ര്യങ്ങള്‍ക്കും മേലുള്ള അമിതമായ കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാനും തുര്‍ക്കി ഗവണ്‍മെന്റ് വിചാരണയ്ക്ക് മുന്‍പുള്ള തടങ്കല്‍ നടപടികള്‍ ആയുധമാക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചു.

തുര്‍ക്കിയുടെ ഈ നടപടികള്‍ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തിന്മേലുള്ള ‘അമിതമായ കടന്നുകയറ്റം’ ആണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. തുര്‍ക്കിയുടെ ഈ നിലപാട് അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നതെന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ആരോപണം.

ഭീകരവാദ ഭീഷണികളെ നേരിടാനാണ് ഈ നടപടികളെന്ന് അധികൃതര്‍ വാദിക്കുമ്പോള്‍, ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഉറപ്പിച്ചു പറയുന്നു. രാജ്യത്തെ ദേശീയ സുരക്ഷാ താത്പര്യങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളും തമ്മിലുള്ള ശക്തമായ വിയോജിപ്പിലേക്കാണ് ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.

ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തുര്‍ക്കിയിലെ പല സ്വതന്ത്ര മാധ്യമങ്ങള്‍ക്കും നാറ്റോ അനുമതി നിഷേധിച്ചത് വലിയ വിവാദമായിട്ടുണ്ട്. കുംഹുറിയെറ്റ്, സോസ്‌കു, ടി-24, മീഡിയസ്‌കോപ്പ് തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഉച്ചകോടി കവര്‍ ചെയ്യാനുള്ള അനുമതി ലഭിച്ചില്ല. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത ആഘാതമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി.

1952 മുതല്‍ നാറ്റോയില്‍ അംഗമായ തുര്‍ക്കിക്ക് ഈ സഖ്യത്തില്‍ വലിയ സൈനിക പ്രാധാന്യമുണ്ട്. എന്നാല്‍ അമേരിക്കയുടെ ആധിപത്യത്തെ എതിര്‍ക്കുന്ന ഇടതുപക്ഷ-ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ഉച്ചകോടിക്കെതിരെ വലിയ പ്രതിഷേധത്തിലാണ്.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയും ഈ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള 32 അംഗരാജ്യങ്ങളിലെ പ്രമുഖ നേതാക്കള്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.

 

Content highlight: Human rights groups criticize Turkey’s protest ban ahead of NATO summit

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ചരിത്രകാരന്‍മാര്‍ ഇന്ത്യയെ 2014ന് മുമ്പും ശേഷവും എന്നിങ്ങനെ വിഭജിക്കും: അമിത് ഷാ

ഗാന്ധിനഗര്‍: ഭാവിയിലെ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ വളര്‍ച്ചയെ 2014ന് മുമ്പും അതിനുശേഷവും എന്നിങ്ങനെ...