World News
‘നിങ്ങള്‍ക്ക് ഭ്രാന്താണോ? ലെബനന്‍ മുഴുവനും നമുക്ക് അവകാശപ്പെട്ടത്’; സൈന്യം പിന്മാറരുതെന്ന് ഇസ്രഈലി മതമേലധ്യക്ഷന്‍
ടെല്‍ അവീവ്: ലെബനന്‍ ഇസ്രഈലിന്റെ ചരിത്രപരമായ പൈതൃകത്തിന്റെ ഭാഗമാണെന്നും അതിനാല്‍ അവിടെ നിന്നുള്ള സൈനിക പിന്മാറ്റത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇസ്രഈലി റബ്ബിയായ (മതമേലധ്യക്ഷന്‍) എലിയാഹു സിനി. ലെബനനിലെ ഇസ്രഈല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടര്‍ന്നും നിലനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേലി ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് (Shin Bet) ചീഫ് ഡേവിഡ് സിനിയുടെ അമ്മാവനാണ് എലിയാഹു സിനി.
തിങ്കളാഴ്ച നടന്ന പാര്‍ലമെന്ററി സമിതി യോഗത്തിലാണ് അദ്ദേഹം വിവാദപരമായ ഈ പരാമര്‍ശം നടത്തിയത്.
യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരോട്, ‘നിങ്ങള്‍ക്ക് എങ്ങനെയാണ് നമ്മുടെ പൂര്‍വികരുടെ പൈതൃകം ഉപേക്ഷിക്കാന്‍ സാധിക്കുന്നത്? ലെബനന്‍ മുഴുവന്‍ നമുക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ക്ക് ഭ്രാന്താണോ?’ എന്ന് അദ്ദേഹം ചോദിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലും ഇസ്രഈലി പത്രമായ ഹാരെറ്റ്സിന്റെ റിപ്പോര്‍ട്ടുകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രഈലും ലെബനനും തമ്മില്‍ ഒപ്പുവെച്ച പുതിയ സുരക്ഷാ കരാറിനെ ചൊല്ലി ഇസ്രഈലിനുള്ളില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റബ്ബിയുടെ ഈ പ്രതികരണം.
കരാര്‍ പ്രകാരം ലെബനനിലെ ചില നിര്‍ദിഷ്ട മേഖലകളില്‍ നിന്ന് ഇസ്രഈല്‍ സൈന്യം ഘട്ടം ഘട്ടമായി പിന്മാറേണ്ടതുണ്ട്. തുടര്‍ന്ന് ഈ പ്രദേശങ്ങളുടെ സുരക്ഷാ ചുമതല ലെബനന്‍ ഔദ്യോഗിക സൈന്യം ഏറ്റെടുക്കും. എന്നാല്‍ ഈ പിന്മാറ്റ നീക്കത്തെയാണ് റബ്ബി ചോദ്യം ചെയ്യുന്നത്.
ലെബനന്റെ പരമാധികാരത്തിന് മേലുള്ള ഈ കടന്നുകയറ്റവും അധിനിവേശവും ഇസ്രഈയല്‍ സൈന്യം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് റബ്ബി വാദിക്കുന്നത്.
ലെബനന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സ്രോതസ്സുകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, 2026 മാര്‍ച്ച് രണ്ടിന് ആരംഭിച്ച ഇസ്രഈലിന്റെ തീവ്ര സൈനിക നടപടികള്‍ ലെബനനില്‍ വന്‍ നാശനഷ്ടങ്ങളും മാനുഷിക പ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുദ്ധത്തില്‍ ഇതുവരെ 4,247 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 12,195-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ ഭവനരഹിതരായി ഒഴിഞ്ഞുപോവേണ്ടി വന്നു.
നിലവിലെ സൈനിക നീക്കത്തിലൂടെ ഇസ്രഈല്‍ സൈന്യം ലെബനന്‍ അതിര്‍ത്തിക്കുള്ളില്‍ പത്ത് കിലോമീറ്ററിലധികം ഉള്ളിലേക്ക് കടന്നുകയറിയിട്ടുണ്ട്.
Content Highlight: Israeli rabbi says Israeli troops should not withdraw from Lebanon
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




