2
July, 2026

A News 365Times Venture

2
Thursday
July, 2026

A News 365Times Venture

ദേശാഭിമാനിക്ക് തെറ്റി, തിരുത്തിക്കോളും; വിഴിഞ്ഞം ഓഹരി വില്‍പന, 13,000 കോടി അദാനിയുടെ പോക്കറ്റിലേക്ക്- തോമസ് ഐസക്

Date:



Kerala News


ദേശാഭിമാനിക്ക് തെറ്റി, തിരുത്തിക്കോളും; വിഴിഞ്ഞം ഓഹരി വില്‍പന, 13,000 കോടി അദാനിയുടെ പോക്കറ്റിലേക്ക്: തോമസ് ഐസക്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് വില്‍ക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ചോദ്യങ്ങളുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്.

ഏകദേശം 13,000 കോടി രൂപയുടെ ഈ വന്‍കിട ഇടപാട് കേരള സര്‍ക്കാരിനെ അറിയിക്കാതെയും അനുമതി വാങ്ങാതെയുമാണ് അദാനി ഗ്രൂപ്പ് നടത്തിയതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

പദ്ധതിയുടെ സിംഹഭാഗം തുകയും പൊതുമേഖലയില്‍ നിന്ന് (സര്‍ക്കാര്‍ വിഹിതവും വയബിലിറ്റി ഗ്യാപ് ഫണ്ടും ചേര്‍ത്ത് 70 ശതമാനത്തിലധികം) വിനിയോഗിച്ചിട്ടും, വെറും 2497 കോടി രൂപ മാത്രം മുടക്കിയ അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരികള്‍ മറിച്ചുവില്‍ക്കുന്നതിലൂടെ 13,000 കോടി രൂപ സ്വന്തം പോക്കറ്റിലാക്കുകയാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.

കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, അദാനി ഗ്രൂപ്പ് എന്നിവര്‍ പദ്ധതിക്കായി ചെലവഴിച്ച തുകയടക്കം വിശദീകരിച്ചുകൊണ്ടാണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് കേരളത്തില്‍ നടത്തുന്ന പുതിയ നിക്ഷേപമാണെന്ന് മാധ്യമമായ ദേശാഭിമാനി പത്രം തെറ്റിദ്ധരിച്ചതാണെന്നും, യഥാര്‍ത്ഥത്തില്‍ ഇത് അദാനിയുടെ കൈകളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തുറമുഖത്തിന്റെ യഥാര്‍ത്ഥ ഉടമയായ കേരള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഓഹരികള്‍ കൈമാറാന്‍ അദാനിക്ക് നിയമപരമായി സാധിക്കൂ എന്ന് കരാറിലെ വ്യവസ്ഥകള്‍ (ക്ലോസ് 5(3)) വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിനെ പൂര്‍ണമായും മറയത്ത് ഇരുത്തി ഇത്തരമൊരു നീക്കം അദാനി നടത്തിയത് അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍ക്കാര്‍ സ്വന്തം പണം മുടക്കി തുറമുഖം നിര്‍മ്മിക്കുകയും, നടത്തിപ്പ് മാത്രം റവന്യൂ ഷെയര്‍ മോഡലില്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയും ചെയ്യുന്ന ‘ലാന്‍ഡ് ലോഡ് മോഡല്‍’ ആണ് വിഭാവനം ചെയ്തത്. എന്നാല്‍ അന്ന് കേന്ദ്രത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു.

പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ അദാനിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം നിര്‍മാണച്ചെലവിന്റെ 70 ശതമാനവും കേരളമാണ് വഹിക്കുന്നത്. അദാനി വെറും 30 ശതമാനം മാത്രം. 30 വര്‍ഷത്തിന് ശേഷമേ കേരളത്തിന് വരുമാന വിഹിതം കിട്ടൂ എന്നും, 40 വര്‍ഷത്തിന് ശേഷമേ പൂര്‍ണ ഉടമസ്ഥത ലഭിക്കൂ എന്നും വ്യവസ്ഥ ചെയ്തു. ഈ അഴിമതിക്കരാറിനെ സി.&എ.ജി പോലും അന്ന് ശരിവച്ചിരുന്നു. അദാനി മുടക്കിയ തുകയില്‍ ഭൂരിഭാഗവും യന്ത്രങ്ങളുടെ വില ഊതിവീര്‍പ്പിച്ചതാണെന്നും സി.&എ.ജി കണ്ടെത്തിയിരുന്നു.

ഈ ദ്രോഹക്കരാറിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തിരുന്നെങ്കിലും, നിയമപോരാട്ടങ്ങള്‍ കാരണം പദ്ധതി എന്നെന്നേക്കുമായി നഷ്ടപ്പെടാതിരിക്കാന്‍ 2016-ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ തുടരുകയായിരുന്നു. യു.ഡി.എഫിന്റെ അട്ടിമറി സമരങ്ങളെ നേരിട്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുകയും രണ്ടാം ഘട്ടത്തിനായുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ മംഗളൂരുവില്‍ വെച്ച് ചാര്‍ട്ടേഡ് വിമാനത്തില്‍ പോയി അദാനി കമ്പനി പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ കാര്യവും തോമസ് ഐസക് ഓര്‍മിപ്പിച്ചു. ഈ ഓഹരി കൈമാറ്റ വിഷയം അന്ന് അനൗദ്യോഗികമായി ചര്‍ച്ച ചെയ്തിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ‘സമുദ്ര മിഷന്‍’ വിദേശ കമ്പനികള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും കേരളത്തിന്റെ തീരപ്രദേശങ്ങളും തുറമുഖങ്ങളും കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് തോമസ് ഐസക് ആശങ്ക ഉന്നയിച്ചു.

കേരളത്തിന്റെ തന്ത്രപ്രധാനമായ തുറമുഖങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവ് വെക്കില്ലെന്ന് ഉറപ്പുപറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്ന ഈ ഓഹരി വില്‍പന വരാനിരിക്കുന്ന വലിയ സാമ്പത്തിക-സുതാര്യത പ്രശ്‌നങ്ങളുടെ തുടക്കം മാത്രമാണെന്നും മുന്‍ ധനമന്ത്രി മുന്നറിയിപ്പ് നല്‍കി.

 

Content Highlight: Vizhinjam share sale: Rs 13,000 crore goes to Adani’s pocket; Thomas Isaac strongly criticizes the government




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related