World News
ഖേദപ്രകടനം പോരാ, നടപടി വേണം; ബേൺഹാമിന്റെ തുറന്നുപറച്ചിലിൽ ലേബർ പാർട്ടിക്കുമേൽ സമ്മർദം ശക്തമാക്കി ഫലസ്തീൻ അനുകൂല സംഘടനകൾ
ലണ്ടൻ: ഗസയിലെ ഇസ്രഈൽ സൈനിക നടപടികളോടുള്ള ലേബർ പാർട്ടിയുടെ സമീപനത്തിൽ മുതിർന്ന നേതാവ് ആൻഡി ബേൺഹാം ഖേദം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ഫലസ്തീൻ അനുകൂല സംഘടനകളും ലേബർ പാർട്ടി എം.പിമാരും.
എന്നാൽ വെറും ഖേദപ്രകടനം കൊണ്ട് മാത്രം കാര്യമില്ലെന്നും, ഗസ വിഷയത്തിൽ ലേബർ പാർട്ടി നേതൃത്വം ഇനി ‘നിശ്ചിത നടപടികളിലേക്ക്’ കടക്കണമെന്നും വിവിധ ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.
ഗസയിലെ നിലപാടുകളിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ബേൺഹാമിന്റെ തുറന്നുപറച്ചിലിനോട് പ്രതികരിക്കുകയായിരുന്നു സംഘടനകൾ.
യു.കെയിലെ ഏറ്റവും വലിയ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ഫലസ്തീൻ സോളിഡാരിറ്റി ക്യാമ്പയിൻ (പി.എസ്.സി), ആൻഡി ബേൺഹാമിന് അയച്ച കത്തിൽ ലേബർ പാർട്ടി അടിയന്തരമായി സ്വീകരിക്കേണ്ട നാല് പ്രധാന നടപടികളെക്കുറിച്ച് വ്യക്തമാക്കുന്നു.
വംശഹത്യ അംഗീകരിക്കുക എന്നതാണ് ഇതിലെ പ്രഥമവും പ്രധാനവുമായ ആവശ്യം. ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തുകയാണെന്ന യു.എൻ കമ്മീഷന്റെയും മനുഷ്യാവകാശ സംഘടനകളുടെയും കണ്ടെത്തലുകൾ ലേബർ പാർട്ടി ഔദ്യോഗികമായി അംഗീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ഇസ്രഈലിന് മേൽ പൂർണമായ ആയുധ ഉപരോധം ഏർപ്പെടുത്താൻ പാർട്ടി തയ്യാറാകണം, അനധികൃത ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും, അത്തരം അധിനിവേശങ്ങൾക്ക് സഹായകരമാകുന്ന മറ്റ് ഇടപാടുകളും നിരോധിക്കണമെന്നും ഫലസ്തീൻ സൊളിഡാരിറ്റി ആവശ്യപ്പെടുന്നുണ്ട്.
പ്രതിഷേധിക്കാനുള്ള അവകാശമുണ്ടാകണമെന്നും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ആന്റി ടെറർ (ഭീകരവിരുദ്ധ) നിയമങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവർ നാലാമതായി മുമ്പോട്ട് വെക്കുന്ന ആവശ്യം.
ബേൺഹാമിന്റെ പ്രസ്താവനയെ സുപ്രധാനമായ ഒരു ആദ്യ ചുവടുവെപ്പായി ലേബർ എം.പിമാരായ ക്ലൈവ് ലൂയിസ്, രൂപ ഹഖ് എന്നിവരും ലേബർ മുസ്‌ലിം നെറ്റ്‌വർക്കും സ്വാഗതം ചെയ്തിട്ടുണ്ട്.
യു.കെയുടെ അടുത്ത പ്രധാനമന്ത്രിയാവാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ പ്രധാനിയായ ആൻഡി ബേൺഹാം കഴിഞ്ഞ ദിവസമാണ് ഗസ വിഷയത്തിലെ ലേബർ പാർട്ടിയുടെ നിലപാടിൽ പരസ്യമായി ക്ഷമാപണം നടത്തിയത്.
ഗസയിലെ വംശഹത്യയോടുള്ള പാർട്ടിയുടെ സമീപനം ശരിയായിരുന്നില്ലെന്നും വെടിനിർത്തൽ ആവശ്യപ്പെടുന്നതിൽ യു.കെ വളരെ വൈകിപ്പോയെന്നും അദ്ദേഹം തുറന്നുസമ്മതിച്ചിരുന്നു.
ഗസയിലെ ജനങ്ങളുടെ ദുരിതം ‘നമ്മുടെ കൂട്ടായ മനസ്സാക്ഷിക്കേറ്റ മുറിവാണെന്നായിരുന്നു’ അദ്ദേഹത്തിന്റെ വിശേഷണം.
ഇസ്രഈലി കുടിയേറ്റക്കാർക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതും അത്തരം കേന്ദ്രങ്ങളുമായുള്ള വ്യാപാരം നിരോധിക്കുന്നതും ലേബർ പാർട്ടി പരിഗണിക്കുമെന്ന് ബേൺഹാം ഉറപ്പുനൽകിയിട്ടുമുണ്ട്.
Content Highlight: An expression of regret is not enough; action is required. Pro-Palestine groups have intensified pressure on the Labour Party following Burnham’s candid remarks.
ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




