30
July, 2026

A News 365Times Venture

30
Thursday
July, 2026

A News 365Times Venture

ഒരുമിച്ച് ശബ്ദമുയര്‍ത്തേണ്ട വിഷയം; ഐഷെ ഘോഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ്

Date:



India


ഒരുമിച്ച് ശബ്ദമുയര്‍ത്തേണ്ട വിഷയം; ഐഷെ ഘോഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ്

ന്യൂദല്‍ഹി: ജന്തര്‍ മന്ദര്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ദല്‍ഹി പൊലീസ് നീക്കത്തെ അപലപിച്ച് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു. ഐഷെ ഘോഷിന് താന്‍ പിന്തുണ അറിയിച്ചെന്നും അഹമ്മദ് സാജു അറിയിച്ചു.

‘ദല്‍ഹി ജെ.എന്‍.യു മുന്‍ യൂണിയന്‍ ചെയര്‍മാനും എസ്.എഫ്.ഐ ദേശീയ സെക്രട്ടറിയുമായ ഐഷെ ഘോഷുമായി ഫോണില്‍ സംസാരിക്കുകയും നമ്മുടെ എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു,’ അഹമ്മദ് സാജു ഫേസ്ബുക്കില്‍ കുറിച്ചു.

ഐഷെ ഘോഷിനോട് എം.എസ്.എഫ് ദേശീയ കമ്മിറ്റി പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥി പ്രതിഷേധം വിജയിച്ചതിന്റെ പകയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി നേതാക്കളെ ലക്ഷ്യമിടുന്നതിലേക്ക് കേന്ദ്ര സര്‍ക്കാരിനെ കൊണ്ടെത്തിച്ചതെന്നും അഹമ്മദ് സാജു ചൂണ്ടിക്കാട്ടി.

‘സി.ജെ.പിയുടെ സമരവിജയത്തിന് ശേഷം നരേന്ദ്രമോദി സര്‍ക്കാര്‍ വെപ്രാളത്തിലാണ്. ഈ രാജ്യത്ത് ബി.ജെ.പി ഭരണത്തില്‍ അപൂര്‍വമായി മാത്രം കണ്ട ഒരു സംഭവമാണ് നടന്നത്. ഒരു വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു

അധികാരത്തിന്റെ അജയ്യതയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കും അഹങ്കാരത്തിനും മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ഐക്യവും പ്രതിരോധവും വിജയിച്ചു. ആ വിജയത്തിന്റെ മുറിവാണ് ഇന്ന് ഫാസിസ്റ്റ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നത്.

ആ അസ്വസ്ഥതയുടെ പകയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി നേതാക്കളെ ലക്ഷ്യമിട്ടുള്ള വേട്ടയാടലായി മാറിയിരിക്കുന്നത്. ആ വേട്ടയാടലിന്റെ ഇരയാണ് പ്രിയ സുഹൃത്ത് ഐഷെ ഘോഷ്,’ അഹമ്മദ് സാജു കുറിച്ചു.

വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രത്തില്‍ ധൈര്യത്തിന്റെ പ്രതീകമായാണ് ഐഷെ ഘോഷിനെ രാജ്യം കണ്ടത്. അത്തരമൊരു നേതാവിനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വേട്ടയാടുന്നത് ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല, അത് ജനാധിപത്യത്തിനും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും എതിരായ ആക്രമണം കൂടിയാമെന്നും അഹമ്മദ് സാജു പുറഞ്ഞു.

ജെ.എന്‍.യുവിലെ മുഖംമൂടി ധരിച്ച സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിനിരയായിട്ടും പോരാട്ടവഴി ഉപേക്ഷിക്കാതെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കും പൊതുവിദ്യാഭ്യാസത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി ഉറച്ച ശബ്ദമായി അവര്‍ നിലകൊണ്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥി നേതാക്കളെ പ്രതികാരത്തിന്റെ പേരില്‍ വേട്ടയാടുകയല്ല, അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വം. വിദ്യാര്‍ത്ഥി സമരങ്ങളുടെ നായകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ചരിത്രത്തില്‍ ഒരിക്കലും വിജയിച്ചിട്ടില്ല. കാരണം അവരീ രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും അഹമ്മദ് സാജു കുറിച്ചു.

ഇത് രാഷ്ട്രീയ ഭിന്നതകളുടെ വിഷയമല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും, ഓരോ ജനാധിപത്യ വിശ്വാസിയും ഒരുമിച്ച് ശബ്ദമുയര്‍ത്തേണ്ട വിഷയമാണിതെന്നും അദ്ദേഹം വ്യക്തമനാക്കി.

ചൊവ്വാഴ്ച വൈകിട്ടോടെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തിയായിരുന്നു ദല്‍ഹി പൊലീസ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് വാഹനത്തിന് പകരം ഒരു സ്വകാര്യ വാഹനത്തിലെത്തിയ സംഘത്തില്‍ യൂണിഫോമിലുള്ള രണ്ട് പൊലീസുകാരും സിവില്‍ വേഷത്തിലുള്ള ഒരു ഉദ്യോഗസ്ഥയുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് നെയിം പ്ലേറ്റുമുണ്ടായിരുന്നില്ല.

സംഭവ സമയത്ത് എ.കെ.ജി ഭവനിലെത്തിയ ജോണ്‍ ബ്രിട്ടാസ് എം.പി ഇടപെട്ട് പൊലീസിനെ മടക്കി അയക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യണമെങ്കില്‍ ഔദ്യോഗിക വാഹനത്തിലും യൂണിഫോമിലും വരണമെന്ന് ബ്രിട്ടാസ് പൊലീസിനോട് പറയുകയും അവര്‍ മടങ്ങിപ്പോവുകയുമായിരുന്നു.

2021ലെ ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷെയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെ ഇന്നലെ (ബുധന്‍) ഐഷെ ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പിക്കുകയും ഐഷെക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Content Highlight: MSF National President Express Solidarity with SFI Leader Aishe Ghosh




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related