26
August, 2026

A News 365Times Venture

26
Wednesday
August, 2026

A News 365Times Venture

രാജ്യത്തിലാദ്യം; കേന്ദ്രത്തിന്റെ ഇ-20 ഇന്ധന നയത്തിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം പാസാക്കി

Date:



national news


രാജ്യത്തിലാദ്യം; കേന്ദ്രത്തിന്റെ ഇ-20 ഇന്ധന നയത്തിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം പാസാക്കി

 

ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധിത ഇ20 എഥനോള്‍ മിശ്രിത ഇന്ധന നയത്തിനെതിരെ പഞ്ചാബ് നിയമസഭ ഔദ്യോഗികമായി പ്രമേയം പാസാക്കി. നിയമസഭാ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ സഭയില്‍ ഈ പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും.

രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഇ-20 പെട്രോള്‍ വിതരണം ഉടന്‍ നിര്‍ത്തിവെക്കണമെന്ന് സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇ-20 ഇന്ധനം ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിനുകള്‍ക്കും മറ്റ് ഭാഗങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ വരുത്തുമെന്നും ഇത് ദശലക്ഷക്കണക്കിന് വാഹന ഉടമകളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണ പെട്രോളോ എഥനോള്‍ കലര്‍ന്ന ഇ20 പെട്രോളോ ഉപയോഗിക്കേണ്ടത് ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കണം. അനുയോജ്യത ഉറപ്പാക്കാത്ത വാഹന ഉടമകളെ നേരിട്ടോ അല്ലാതെയോ ഇ-20 ഇന്ധനം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു.

ഇ20 ഇന്ധനത്തിന് സാധാരണ പെട്രോളിനേക്കാള്‍ ഊര്‍ജ്ജക്ഷമതയും മൈലേജും കുറവാണ്. അതിനാല്‍ മൈലേജ് കുറഞ്ഞ ഇന്ധനത്തിന് സാധാരണ പെട്രോളിന്റെ അതേ തുക ഈടാക്കാതെ, അതിനനുസരിച്ച് ചില്ലറ വില്‍പ്പന വില കുറച്ചു നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ചീമ ഉന്നയിച്ചു.

നേരത്തെ 2030ഓടെ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഇ-20 നയം തിടുക്കത്തില്‍ അതിനുമുമ്പേ അടിച്ചേല്‍പ്പിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ചോദിച്ചു.

വാഹന എഞ്ചിനീയര്‍മാര്‍, പെട്രോളിയം വിദഗ്ദ്ധര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, ഉപഭോക്തൃ സംഘടനകള്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരടങ്ങിയ ഒരു സ്വതന്ത്ര സമിതി രൂപീകരിച്ച് ഇ-20 ഇന്ധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് (വാഹന അനുയോജ്യത, മൈലേജ്, പരിപാലനച്ചെലവ്, സാമ്പത്തിക-പരിസ്ഥിതി ആഘാതങ്ങള്‍) വിശദമായ പഠനം നടത്തണം.

വരും വര്‍ഷങ്ങളില്‍ പെട്രോളില്‍ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയര്‍ത്താനും, ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രമേയ ചര്‍ച്ചയില്‍ പരാമര്‍ശമുയര്‍ന്നു.

പ്രമേയ ചര്‍ച്ചയ്ക്കിടെ, സഭയിലുള്ള ചിലര്‍ എഥനോള്‍ നിര്‍മാണ ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ധനമന്ത്രിയുടെ വിമര്‍ശനത്തിന് കോണ്‍ഗ്രസ് എം.എല്‍.എയും വ്യവസായിയുമായ റാണാ ഗുര്‍ജിത് സിങ് മറുപടി നല്‍കി.

താന്‍ കര്‍ഷകരില്‍ നിന്ന് മക്കച്ചോളം (Maize) ശേഖരിച്ച് എഥനോള്‍ ഉണ്ടാക്കുന്ന വ്യവസായിയാണെന്നും കര്‍ഷകര്‍ക്ക് ഇത് ലാഭകരമാണെന്നും, സര്‍ക്കാര്‍ എഥനോള്‍ ഉത്പാദനം നിര്‍ത്തിയാല്‍ താന്‍ മറ്റൊരു ബിസിനസ്സിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.

‘ലോക്കല്‍ സര്‍ക്കിള്‍’ എന്ന സിവിക് അവേര്‍നെസ് ഗ്രൂപ്പ് 45,000-ത്തോളം വാഹനങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇ-20 ഇന്ധനം മൈലേജിനെ ബാധിക്കുകയും വാഹനങ്ങള്‍ക്ക് തകരാറുണ്ടാക്കുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ പറഞ്ഞു.

പ്രധാനമന്ത്രിയും നിതിന്‍ ഗഡ്കരിയും തമ്മില്‍ നല്ല ബന്ധത്തിലല്ലാത്തതിനാല്‍, ഗഡ്കരിയുടെ മകന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ വേണ്ടിയല്ല ഇ20 പെട്രോള്‍ നയം കേന്ദ്രം നടപ്പിലാക്കുന്നതെന്ന് ഭഗവന്ത് മന്‍ സഭയില്‍ പരിഹാസരൂപേണ ആരോപിച്ചു.

പിന്നീട്, ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് അഞ്ച് ബില്യണ്‍ ലിറ്റര്‍ എഥനോള്‍ ഇറക്കുമതി ചെയ്യാനുള്ള സമ്മര്‍ദമാണ് ഈ നയത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: The Punjab Legislative Assembly passed a resolution against the E20 fuel policy.

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related