25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

ഇറാന്റെ സാമ്പത്തിക ഉറവിടങ്ങള്‍ തടയല്‍; നാല് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും യു.എസ് ഉപരോധം

Date:



World


ഇറാന്റെ സാമ്പത്തിക ഉറവിടങ്ങള്‍ തടയല്‍; നാല് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും യു.എസ് ഉപരോധം

വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തതിന് ഇന്ത്യ ആസ്ഥാനമായ നാല് സ്ഥാപനങ്ങള്‍ക്കും അവയുടെ ഉടമസ്ഥര്‍ക്കും എതിരെ യു.എസ് ഉപരോധം ചുമത്തി. ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ട് യു.എസ് പ്രഖ്യാപിച്ച ഓപ്പറേഷന്‍ എക്കണോമിക് ഔട്ട്കാസ്റ്റ് എന്ന സാമ്പത്തിക നടപടിയുടെ ഭാഗമായാണ് ഉപരോധം.

ഇറാന്റെ എല്ലാ സാമ്പത്തിക ഉറവിടങ്ങളും തടയാന്‍ ലക്ഷ്യമിട്ടാണ് യു.എസ് പുതിയ സാമ്പത്തിക ഉപരോധ നടപടി പ്രഖ്യാപിച്ചത്. നാല് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അടക്കം 60 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും എതിരെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചത്.

പോര്‍ട്ടീസ് പാര്‍ട്ണേഴ്സ് എല്‍എല്‍പി എന്ന സ്ഥാപനമാണ് യു.എസ് ഉപരോധം ചുമത്തിയ ഇന്ത്യന്‍ കമ്പനികളിലൊന്ന്. ഈ സ്ഥാപനത്തിന്റെ പങ്കാളികളായ ഇന്ദ്രിസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി എന്നിവര്‍ക്കെതിരെയും യു.എസ് ഉപരോധം ചുമത്തി.

സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രാകൃതീസ് ഇന്‍ഫ്ര ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കും എതിരെ യു.എസ് ഉപരോധം ചുമത്തി. പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പ്രശാന്ത് ഗാര്‍ഗിനെതിരെയും യു.എസ്് ഉപരോധം പ്രഖ്യാപിച്ചു.

സദാശിവ ഓവര്‍സീസ് ഒന്നിലധികം കമ്പനികളില്‍ നിന്ന് 69 മില്യണ്‍ യുഎസ് ഡോളറോളം വിലയുള്ള ഇറാനിയന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായി യു.എസ് ട്രഷറി വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രാകൃതീസ് ഇന്‍ഫ്ര ഇംപെക്‌സ് എന്നീ സ്ഥാപനങ്ങള്‍ 25 മില്യണ്‍ യു.എസ് ഡോളറിന്റെ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്‌തെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പിപി സോഫ്റ്റ്ടെക്കും പ്രാകൃതീസ് ഇന്‍ഫ്രയും 25 മില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വീതം ഇറക്കുമതി ചെയ്തതായി പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്നലെയാണ് (ഓഗസ്റ്റ് 24, തിങ്കള്‍) യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് 60 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കുമെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അടക്കം എതിരായി എകണോമിക് ഡി ഡേ എന്ന പേരില്‍ സാമ്പത്തിക ഉപരോധ നടപടികള്‍ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്രഷറി സെക്രട്ടറിയും കഴിഞ്ഞ വാരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ യു.എസ് ട്രഷറി വകുപ്പ് ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്.

ഇറാനെതിരായ ഏറ്റവും വലിയ സാമ്പത്തിക ആക്രമണം എന്നായിരുന്നു ഉപരോധത്തെ യു.എസ് ട്രഷറി സെക്രട്ടറി നേരത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ പ്രധാന സാമ്പത്തിക ഉറവിടങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഉപരോധമെന്നാണ് യു.എസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കിയത്. ഇറാന്റെ വ്യോമയാന രംഗം, ഡിജിറ്റല്‍ ആസ്തികള്‍, സാങ്കേതിക വിദ്യ, ഷിപ്പിങ് രംഗം എന്നിവയെ ലക്ഷ്യംവച്ചും 60 വ്യക്തികളെയോ സ്ഥാപനങ്ങളെയോ കപ്പുലുകളെയോ ലക്ഷ്യം വച്ചുമാണ് ഉപരോധമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Content Highlight: Four India-based companies bear the brunt of US sanctions targeting Iran




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related