Kerala
മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്തതായി മലയാളം ചാനലുകള്‍; അതീവ ഗൗരവമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ചുകൊണ്ടുള്ള തങ്ങളുടെ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നതായി മലയാളം ടി.വി ചാനലുകള്‍. റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ടി.വി എന്നീ ചാനലുകളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നതായി പറഞ്ഞത്.
റിപ്പോര്‍ട്ടര്‍ ടി.വിയുടെ രണ്ട് വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായി എന്ന വാര്‍ത്തയുടെ പോസ്റ്ററും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലിങ്കും മെറ്റ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച വാര്‍ത്തയുടെ ലിങ്കുകളും പോസ്റ്ററുകളും നീക്കം ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വി പറയുന്നു.
‘ആര്‍.എസ്.എസ് വക്താവ് ടി.ജി മോഹന്‍ദാസിനെ തൊടാന്‍ സര്‍ക്കാരിന് പേടിയോ,’ എന്ന പോസ്റ്ററാണ് തങ്ങളുടെ മെറ്റ അക്കൗണ്ടില്‍ നിന്ന് ആദ്യം നീക്കം ചെയ്യപ്പെട്ടതെന്ന് കൈരളി ടി.വി പറഞ്ഞു. ‘ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിക്കുന്നത് തുടരണം’ എന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ട വാര്‍ത്തയുടെ പോസ്റ്ററും നീക്കം ചെയ്യപ്പെട്ടതായി കൈരളി റിപ്പോര്‍ട്ട് ചെയ്തു.
‘പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി അധിക്ഷേപിച്ചതായി കോണ്‍ഗ്രസ് അനുഭാവിയായ വീട്ടമ്മ,’ എന്ന കാര്‍ഡും മെറ്റ നീക്കിയതായി ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള കൈരളിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്ന സംഭവത്തെ ജോണ്‍ ബ്രിട്ടാസ് എം.പി അപലപിച്ചതിനെ കുറിച്ചുള്ള വാര്‍ത്തയുടെ പോസ്റ്റര്‍ കൈരളി അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്നു. ആ കാര്‍ഡും മെറ്റ നീക്കം ചെയ്തതായി ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കൈരളി അറിയിച്ചു.
ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാത്ത തരത്തിലാണ് ഈ പോസ്റ്റുകള്‍ വിലക്കിയതെന്നാണ് വിവരം. ചാനലുകള്‍ക്ക് പുറമെ മറ്റ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ പോസ്റ്റുകളും ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പോസ്റ്ററുകള്‍ നീക്കം ചെയ്തതിനെക്കുറിച്ച് മെറ്റ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും ടി.വി. ചാനലുകള്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഇന്റര്‍മീഡിയറി ഗൈഡ് ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍ പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മെറ്റയുടെ സന്ദേശത്തില്‍ പറയുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്തകളുടെ കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിനെക്കുറിച്ചുള്ള കാര്‍ഡ് ആണ് ഇത്തരത്തില്‍ ആദ്യം നീക്കം ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയും ലഹരിക്കേസ് പ്രതികളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ എല്‍.ഡി.എഫ് അനുകൂല പ്രൊഫൈലുകളും പങ്കുവച്ചിരുന്നു. ഇവയും നീക്കം ചെയ്യപ്പെട്ടതായാണ് വിവരം.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതിനെ പ്രതിപക്ഷ എം.പി ജോണ്‍ ബ്രിട്ടാസ് അപലപിച്ചു. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും രാജ്യത്തെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ നിയന്ത്രിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ഐ.ടി നിയമങ്ങളിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങളെ നേരിടാന്‍ പറ്റാതാവുമ്പോള്‍ അവ ഇല്ലാതാക്കന്‍ ഭരണകൂടം സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ ഭരണകൂടത്തിന് ആരും അധികാരം നല്‍കിയിട്ടില്ല. സര്‍ക്കാരല്ല മാധ്യമങ്ങളുടെ തീരുമാനിക്കേണ്ടത്. കേന്ദ്ര നയങ്ങളെ വിമര്‍ശിക്കുന്ന വാര്‍ത്തകളെ പോലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകളും നിയന്ത്രിക്കപ്പെടുന്നു. മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടികള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
Content highlight: Reports of Social Media Restrictions For Facebook and Instagram Posts Criticizing Kerala CM VD Satheesan
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




