India
ബി.ജെ.പി സമ്മര്‍ദം കാരണം സി.ജെ.പി യോഗത്തിന് വേദി നിഷേധിക്കപ്പെട്ടു; അവര്‍ യുവാക്കളെ ഭയക്കുന്നുവെന്ന് അഭിജിത് ദീപ്കെ
ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രവര്‍ത്തകരുടെ യോഗത്തിന് ദല്‍ഹിയില്‍ തങ്ങള്‍ക്ക് ഓഡിറ്റോറിയം ലഭിക്കാന്‍ പ്രയായസപ്പെട്ടെന്നും അതിന് കാരണം ബി.ജെ.പിയുടെ സമ്മര്‍ദമാണെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ. 10 ഓഡിറ്റോറിയങ്ങളെ തങ്ങള്‍ യോഗത്തിനായി സമീപിച്ചിരുന്നെന്നും എന്നാല്‍ അവരുടെ ഉടമകളെല്ലാം തങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ് അവ വിട്ടു തരാന്‍ വിസമ്മതിച്ചെന്നും ദീപ്കെ പറഞ്ഞു.
കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഓഡിറ്റോറിയം വിട്ടുനല്‍കരുതെന്നായിരുന്നു അവരോടെല്ലാം പറഞ്ഞത്. അത് പ്രശ്നമാകുമെന്ന് അവര്‍ക്ക് ഭീഷണിയുണ്ടായിരുന്നെന്നും ദീപ്കെ പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപ്കെ.
‘ഇന്ന് ഞങ്ങള്‍ ദല്‍ഹിയില്‍ ഞങ്ങളുടെ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തണമായിരുന്നു. അതിന് ഞങ്ങള്‍ക്ക് ഒരു ഹാള്‍ വേണമായിരുന്നു. എന്നാല്‍ ഒരു സ്ഥലത്തും ഞങ്ങള്‍ക്ക് ഹാള്‍ കിട്ടിയില്ല. മുകളില്‍നിന്ന് പ്രെഷറുണ്ടെന്ന് അവരെല്ലാം പറഞ്ഞു.
ഞങ്ങള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്കാര്‍ക്ക് ഹാള്‍ നല്‍കരുതെന്നാണ് അവരോടെല്ലാം പറഞ്ഞിട്ടുള്ളത്. 10 സ്ഥലത്ത് ഞങ്ങള്‍ പോയി നോക്കിയിരുന്നു. പത്തിടത്തുനിന്നും ഞങ്ങള്‍ കേട്ടത് ഒരേ കാര്യമായിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഹാള്‍ നല്കിയാല് തങ്ങള്‍ക്ക് പ്രശ്നമാവുമെന്ന് അവരെല്ലാം പറഞ്ഞു, ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു,’ ദീപ്കെ പറഞ്ഞു.
കുറെ അന്വേഷിച്ച ശേഷം തങ്ങള്‍ക്ക് ഓഡിറ്റോറിയം ലഭിച്ചെങ്കിലും അവരെയും ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും ദീപ്കെ പറഞ്ഞു. രാജ്യത്തെ യുവാക്കളെ ബി.ജെപി ഭയക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ദീപ്കെ ചൂണ്ടിക്കാട്ടി.
‘കുറേ കഷ്ടപ്പാടിനൊടുവില് ഞങ്ങള്‍ക്ക് ഈ ഹാള്‍ കിട്ടി. എന്നാല്‍ അതിന് ശേഷവും ആ ഹാളിന്റെ ഉടമകള്‍ ഭീഷണി നേരിട്ടു. കോക്രോച്ച് ജനതാ പാര്‍ട്ടിയെ ഇവിടെ യോഗം നടത്താന്‍ അനുവദിച്ചാല്‍ എല്ലാം തലകീഴായി മറിയുമെന്ന് അവരെ ഭീഷണിപ്പെടുത്തിയവര്‍ പറഞ്ഞു.
ഇതെല്ലാം ചെയ്തത് ബി.ജെ.പിയാണ്. ഈ രാജ്യത്തെ യുവാക്കളെ ബി.ജെ.പി ഭയപ്പെടുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അവര്‍ കരുതുന്നത് അവരുടെ വാക്കുകളും ചെയ്തികളും ഞങ്ങളെ ഭയപ്പെടുത്തുമെന്നാണ്. പക്ഷേ അവര്‍ക്ക് തെറ്റിപ്പോയി,’ ദീപ്കെ പറഞ്ഞു.
അതേസമയം, രാജ്യത്ത് പുതിയ പ്രചാരണ പരിപാടികള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച ജന്തര്‍ മന്തര്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ രണ്ടാം സീസണ് ഉടനുണ്ടാവുമെന്ന് അഭിജിത് ദീപ്കെ ഇന്ന് ദല്‍ഹിലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ജന്തര്‍ മന്തര്‍ സീസണ് ടു എന്നത് ദല്‍ഹി ജന്തര്‍ മന്തറില്‍ മാത്രമായി നടക്കുന്ന പ്രതിഷേധമായിരിക്കില്ലെന്ന് സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസും വ്യക്തമാക്കിയിരുന്നു.
സ്കൂള്‍ ഠീക്ക് കരോ (സ്കൂളുകള്‍ ശരിയാക്കൂ) എന്ന ഒരു ക്യാമ്പയിന് സി.ജെ.പി ഇന്നലെ (ഓഗസ്റ്റ് 11, ചൊവ്വ) പ്രഖ്യാപിച്ചിരുന്നു. ഈ സ്വാതന്ത്ര്യദിനത്തില്‍, ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനായി സി.ജെപി ‘സ്കൂള്‍ ഠീക് കരോ’ കാമ്പെയ്ന് ആരംഭിക്കുമെന്ന് ദീപ്കെ അറിയിച്ചിരുന്നു. രാജ്യത്തെ ജനങ്ങളെ കേള്‍ക്കാനായി രാജ്യവ്യാപക ലിസണിങ് ടൂറും സി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസമാണ് ലിസണിങ് ടൂര്‍ ആരംഭിക്കുക.
Content Highlight: CJP being refused venue for meeting due to BJP pressure: Dipke
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




