Kerala
അപ്രഖ്യാപിത അടിയന്തരവാസ്ഥയോ; സംസ്ഥാന സര്‍ക്കാര്‍ പിന്‍വാതിലിലൂടെ മാധ്യമ സ്വാതന്ത്ര്യത്തില്‍ കടന്ന് കയറുന്നു: പി. രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിക്കുന്ന വാര്‍ത്തകളുടെ പോസ്റ്റുകള്‍ മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിലക്കുന്നതില്‍ പ്രതിഷേധമറിയിച്ച് സി.പി.ഐ.എം നേതാവ് പി. രാജീവ്. കേന്ദ്രത്തിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ദുരുപയോഗം ചെയ്ത്, തങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും ജനശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ അപ്രഖ്യാപിത അടിയന്തരവാസ്ഥയാണോ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
‘കേന്ദ്ര സര്‍ക്കാരിന്റെ The Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021 ദുരുപയോഗം ചെയ്ത്, തങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും ജനശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെറ്റ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും വിമര്‍ശിക്കുന്ന പോസ്റ്റുകളും, മാധ്യമങ്ങള്‍ നല്‍കുന്ന സര്‍ക്കാരിനെതിരായ വാര്‍ത്തകളും ഇന്ത്യയില്‍ കാണാന്‍ സാധിക്കാത്ത രീതിയില്‍ വന്‍തോതില്‍ ജിയോ-ബ്ലോക്ക് ചെയ്യിക്കുകയാണ്,’ രാജീവ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ന്യൂസ് എന്നീ മലയാളം ചാനലുകളുടെ അടക്കമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കമാണ് ഇത്തരത്തില്‍ മെറ്റ നീക്കം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം 2021 പ്രകാരമാണ് പോസ്റ്റുകള്‍ വിലക്കുന്നതെന്ന് ഈ ടി.വി ചാനലുകള്‍ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി, പോസ്റ്റുകള്‍ വിലക്കിയതിനെക്കുറിച്ച് മെറ്റ നല്‍കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവച്ചിരുന്നു. ഇന്ത്യയില്‍ ദൃശ്യമാകാത്ത തരത്തില്‍ ഈ പോസ്റ്റുകള്‍ക്ക് പ്രാദേശിക വിലക്കാണ് മെറ്റ ഏര്‍പ്പെടുത്തിയത്.
വ്യാജവാര്‍ത്തകളും രാജ്യസുരക്ഷയെ ബാധിക്കുന്നതോ, വിദ്വേഷപ്രചാരണത്തിലൂടെ ക്രമസമാധാന തകര്‍ച്ചയുണ്ടാക്കുന്നതോ ആയ പോസ്റ്റുകളും വിലക്കാനാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ അത്തരത്തിലുള്ള പോസ്റ്റുകളല്ല ഇപ്പോള്‍ കേരളത്തില്‍ സമൂഹ മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യപ്പെടുന്നതെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ വായടപ്പിക്കാനായി നീക്കം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാജ്യസുരക്ഷയെ ബാധിക്കുന്നവ, വ്യാജവാര്‍ത്തകള്‍, വിദ്വേഷപ്രചാരണത്തിലൂടെ ക്രമസമാധാന തകര്‍ച്ചയുണ്ടാക്കുന്നവ തുടങ്ങിയ പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ കേരളത്തില്‍ സംഭവിക്കുന്നത് എന്താണ്?
വ്യാജവാര്‍ത്തയോ ക്രമസമാധാന പ്രശ്‌നമോ ഉണ്ടാക്കാത്ത, സര്‍ക്കാരിന്റെ അഴിമതികളെയും ഭരണപരാജയങ്ങളെയും വിമര്‍ശിക്കുന്ന മാധ്യമവാര്‍ത്തകളും സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായങ്ങളുമാണ് വായടപ്പിക്കാന്‍ വേണ്ടി നീക്കം ചെയ്യിക്കുന്നത്,’ രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മാധ്യമങ്ങളെ നേരിട്ട് നിരോധിക്കാതെ, അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തടഞ്ഞുകൊണ്ട് പിന്‍വാതിലിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാജീവ് പറഞ്ഞു. മോദി സര്‍ക്കാരിനെ ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യം ചെയ്യുന്നതെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിനെ മോദി സര്‍ക്കാര്‍ എത്ര കരുതലോടെയാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കുകയാണെന്നും രാജീവ് പറഞ്ഞു.
‘മോദി സര്‍ക്കാരിനെ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ശരിയാണെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനെ എത്ര കരുതലോടെയാണ് മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നത് വ്യക്തം,’ രാജീവ് കുറിച്ചു.
ജനാധിപത്യത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെയും മാധ്യമങ്ങളുടെയും മൗലികാവകാശമാണ്. വിമര്‍ശിക്കുന്ന വാര്‍ത്തകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്.
ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങളില്‍ നിന്ന് ഉണ്ടാവണമെന്നും രാജീവ് പറഞ്ഞു.
Content Highlight: P Rajeev Criticize Curbing of Social Media Posts Criticizing Kerala CM VD Satheesan
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




