18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

നരേന്ദ്ര ദാഭോൽക്കർ വധക്കേസ്- മറ്റൊരു പ്രതിക്കും ജാമ്യം; ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

Date:



India


നരേന്ദ്ര ദാഭോൽക്കർ വധക്കേസ്: മറ്റൊരു പ്രതിക്കും ജാമ്യം; ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

മുംബൈ: സാമൂഹ്യ പ്രവർത്തകൻ ഡോ. നരേന്ദ്ര ദാഭോൽക്കർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സച്ചിൻ ആൻഡുരെയുടെ ശിക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച മരവിപ്പിച്ചു.

ശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിഗണനയിലുള്ള കാലയളവിൽ ആൻഡുരെയ്ക്ക് ജാമ്യവും അനുവദിച്ചു. ഇതോടെ അപ്പീൽ പരിഗണനയിലിരിക്കെ ജാമ്യം ലഭിക്കുന്ന കേസിലെ രണ്ടാമത്തെ പ്രതിയായി ആൻഡുരെ.

ജസ്റ്റിസുമാരായ സാരംഗ് കോട്ട്‌വാൾ, രഞ്ജിത്‌സിൻഹ ഭോൺസാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വലതുപക്ഷ പ്രവർത്തകനായ ആൻഡുരെ സമർപ്പിച്ച ഹരജി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ ശരദ് കലാസ്കറിനും നേരത്തെ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കലാസ്കറിന് 50,000 രൂപയുടെ ആൾജാമ്യത്തിലാണ് ജസ്റ്റിസ് അജയ് ഗഡ്കരി, ജസ്റ്റിസ് രഞ്ജിത് സിൻഹ ഭോൺസലെ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ വധക്കേസിലും വിചാരണ നേരിടുന്ന കലാസ്കറിന് ആ കേസിൽ നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

2013 ഓഗസ്റ്റ് 20ന് രാവിലെ പൂനെയിൽ നടക്കാനിറങ്ങിയ നരേന്ദ്ര ദാഭോൽക്കറെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് 2014ൽ അന്വേഷണം ഏറ്റെടുത്ത കേന്ദ്ര അന്വേഷണ ബ്യൂറോ (സി.ബി.ഐ) സച്ചിൻ ആൻഡുരെയും ശരദ് കലാസ്കറുമാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി (MANS) സ്ഥാപിച്ച ദാഭോൽക്കർ അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, മന്ത്രവാദം തുടങ്ങിയവക്കെതിരെ ശക്തമായി പ്രവർത്തിക്കുകയും അന്ധവിശ്വാസ വിരുദ്ധ നിയമത്തിനായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

ദാഭോൽക്കറുടെ കൊലപാതകത്തിന് പിന്നാലെ സമാന രീതിയിൽ മൂന്ന് യുക്തിവാദികളും സാമൂഹ്യ പ്രവർത്തകരും കൊല്ലപ്പെട്ടു.

2015 ഫെബ്രുവരിയിൽ കോൽഹാപുരിൽ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെയും, 2015 ഓഗസ്റ്റിൽ ധാർവാഡിൽ കന്നഡ ഭാഷാ പണ്ഡിതൻ എം.എം. കൽബുർഗിയും, 2017 സെപ്റ്റംബറിൽ ബെംഗളൂരുവിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷുമാണ് കൊല്ലപ്പെട്ടത്.

ദാഭോൽക്കറുടെ കുടുംബം ആൻഡുരെയുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ജാമ്യം അനുവദിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് കുടുംബം വാദിച്ചു.

ദാഭോൽക്കറിന് പുറമെ ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി എന്നിവരും സമാനമായ രീതിയിൽ കൊല്ലപ്പെട്ടതായി കുടുംബം ചൂണ്ടിക്കാട്ടി. ചില ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനായി ആസൂത്രിത ഗൂഢാലോചന നടന്നിരുന്നുവെന്നും കുടുംബം വാദിച്ചു.

പൂനെ കോടതിയുടെ വിധിക്ക് പിന്നാലെ ദാഭോൽക്കറുടെ മകൾ മുക്തയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ പ്രത്യേക കോടതി മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

അതേസമയം, ആൻഡുരെയും കലാസ്കറും തങ്ങൾക്ക് ലഭിച്ച ശിക്ഷ ചോദ്യം ചെയ്ത് മറ്റൊരു ക്രോസ് അപ്പീലും സമർപ്പിച്ചിട്ടുണ്ട്.

Content Highlight:Narendra Dabholkar Murder Case: Bail Granted to Another Convict; High Court Suspends Life Sentence.




ശ്രീലക്ഷ്മി പി.പി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related