മോദി സർക്കാർ സ്വകാര്യവത്കരണത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒയുടെ കഴുത്ത് ഞെരിക്കുന്നു: ജയറാം രമേശ്
ന്യൂദൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള മോദി സർക്കാരിന്റെ തീവ്ര ശ്രമത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഐ.എസ്ആർ.ഓയുടെ പ്രവർത്തനങ്ങളെ ശ്വാസം മുട്ടിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ ബഹിരാകാശ പദ്ധതിയിൽ മോദി സർക്കാർ ‘ആക്രമണാത്മക സ്വകാര്യവത്കരണ അജണ്ട’ നടപ്പിലാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിൽ ഐ.എസ്.ആർ.ഒ.യുടെ ഭാവി പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആശങ്ക അറിയിച്ചു.
വിക്രം സാരാഭായി, സതീഷ് ധവാൻ, ബ്രഹ്മ പ്രകാശ്, യു.ആർ. റാവു, എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ദീർഘവീക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഐ.എസ്.ആർ.ഒ. ഈ നിലയിലേക്ക് വളർന്നത്. എന്നാൽ ഈ ശേഷികളെയും കഴിവുകളെയും തകർക്കുന്ന തീരുമാനങ്ങളാണ് നിലവിൽ ഉണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. 1969ൽ ഡോ.വിക്രം സാരാഭായിയുടെ നേതൃത്വത്തിലാണ് ഐ.എസ്.ആർ.ഒ. സ്ഥാപിതമായത്.
ആണവോർജ മേഖലയിലെന്നപോലെ ബഹിരാകാശ രംഗത്തും സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റോക്കറ്റ് വികസനത്തിലും നിർമാണത്തിലുമുള്ള ഐ.എസ്.ആർ.ഒ.യുടെ പങ്ക് കർശനമായി പരിമിതപ്പെടുത്തി, ഉപഗ്രഹ അനുബന്ധ ആസ്തികളിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനികൾക്ക് പൂർണമായി കൈമാറാൻ പദ്ധതിയിടുന്നു. തമിഴ്നാട്ടിൽ 1,000 കോടി രൂപ നിക്ഷേപത്തിൽ നിർമിക്കുന്ന രണ്ടാമത്തെ ബഹിരാകാശ നിലയം സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് നീക്കം. ഇതോടെ ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ ശ്രീഹരിക്കോട്ട ബഹിരാകാശ നിലയത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാകും.
സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹനം അർഹിക്കുന്നുണ്ടെങ്കിലും, അതിനായി ഐ.എസ്.ആർ.ഒ.യെ തളർത്തുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ 100 മുതൽ 120 വരെ പ്രധാന ഐ.എസ്.ആർ.ഒ. വിദഗ്ദ്ധരാണ് ജോലി ഉപേക്ഷിച്ചു പോയത്. 2018ൽ ബി.ജെ.പിയിൽ ചേർന്ന മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ ജി. മാധവൻ നായർ പോലും പുതിയ സ്വകാര്യവൽക്കരണ നീക്കത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ജീവിച്ചിരിക്കുന്ന മറ്റ് അഞ്ച് മുൻ ചെയർമാന്മാർ വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ബഹിരാകാശ മേഖലയിലെ നാഴികക്കല്ലുകളെ വികസനത്തിന്റെ ഉപകരണമായി കാണണമെന്നും അല്ലാതെ രാഷ്ട്രീയ ഉപകരണമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയം പതിറ്റാണ്ടുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾക്ക് രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും സംരക്ഷണത്തിൽ നിന്നും പൂർണ്ണമായ പ്രൊഫഷണൽ സ്വാതന്ത്ര്യം നൽകേണ്ടതുണ്ടെന്നും ജയറാം രമേശ് വ്യക്തമാക്കി.
Content Hightlight: Modi Govt Strangulating, Emasculating ISRO Through Aggressive Privatisation: Jairam Ramesh




