26
August, 2026

A News 365Times Venture

26
Wednesday
August, 2026

A News 365Times Venture

രാജ്യത്തെ മിസൈല്‍ സാങ്കേതിക വിദ്യകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനവുമായി പ്രതിരോധ മന്ത്രാലയം

Date:



India


രാജ്യത്തെ മിസൈല്‍ സാങ്കേതിക വിദ്യകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനവുമായി പ്രതിരോധ മന്ത്രാലയം

ന്യൂദല്‍ഹി: പൊതുമേഖലാ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത പരമ്പരാഗത മിസൈല്‍ സംവിധാനങ്ങളുടെ സാങ്കേതികവിദ്യകള്‍ രാജ്യത്തെ സ്വകാര്യ പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഡി.ആര്‍.ഡി.ഒയുടെ സാങ്കേതിക വിദ്യകള്‍ ആഭ്യന്തര ഉത്പാദനത്തിനായി ഇന്ത്യന്‍ പ്രതിരോധ വ്യവസായങ്ങള്‍ക്ക് കൈമാറുന്നതിന് അംഗീകാരം നല്‍കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.

രാജ്യത്തെ പ്രതിരോധ ആവാസവ്യവസ്ഥയില്‍ ആഭ്യന്തര വ്യവസായങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. മിസൈല്‍ സംവിധാനങ്ങളുടെ വികസനം രാജ്യത്തെ വ്യാവസായിക രംഗത്തേക്ക് വിജയകരമായി മാറ്റാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

നൂതന പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മ്മാണത്തിനുമായി ഇന്ത്യന്‍ വ്യവസായ രംഗത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഡി.ആര്‍.ഡി.ഒയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഏതൊക്കെ പ്രതിരോധ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയാണ് സ്വകാര്യ നിര്‍മാതാക്കള്‍ക്ക് കൈമാറുക എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. പുതിയ തീരുമാനത്തോടെ രാജ്യത്തെ തദ്ദേശീയ പ്രതിരോധ വികസന രംഗത്ത് വലിയ രീതിയില്‍ ഇടപെടാന്‍ സ്വകാര്യ നിര്‍മാതാക്കള്‍ക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വേണ്ട യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഇനി സാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകളില്‍ ഭൂരിഭാഗവും നിര്‍മിച്ചിരുന്നത് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (ബി.ഡി.എല്‍) ആയിരുന്നു. ഡി.ആര്‍.ഡി.ഒ ഗവേഷണവും വികസനവും പൂര്‍ത്തിയാക്കിയ ശേഷം നിര്‍മാതാക്കളെ ഏല്‍പിക്കുന്ന തരത്തിലായിരുന്നു ഇത്. പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഈ പരമ്പരാഗത രീതിയില്‍ നിന്നുള്ള മാറ്റത്തിന് കാരണമാവും.

വികസനവും നിര്‍മാണവും സ്വകാര്യ സ്ഥാപനത്തിന് ചെയ്യാവുന്ന തരത്തിലാവും പ്രതിരരോധ നിര്‍മാണത്തില്‍ പുതിയ തീരുമാന പ്രകാരം മാറ്റം വരുന്നത്. പ്രതിരോധ ഉപകരണങ്ങളുടെ വികസന സമയം മുതല്‍ തന്നെ ഇത് പ്രകാരം സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇടപെടാനും സാധിക്കും.

10നും 12നും ഇടക്ക് തന്ത്രപ്രധാനമായ മിസൈല്‍ പദ്ധതികള്‍ ഡി.ആര്‍.ഡി.ഒ ചില പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വികസനത്തിനും നിര്‍മാണത്തിനും കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ്, ഭാരത് ഫോര്‍ജ്, ഐസിഒഎംഎം ടെലി, സോളാര്‍ ഡിഫന്‍സ്, എയ്റോസ്പേസ് എന്നിവയെ പ്രതിരോധ വികസനവും നിര്‍മാണവും നടത്തുന്ന പങ്കാളികളായി പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രുദ്രം ആന്റി റേഡിയേഷന്‍ സീരിസ് പ്രതിരോധ ഉപകരണങ്ങളുടെ വികസന നിര്‍മാണ പങ്കാളികളാണ് അദാനി ഡിഫന്‍സ്.

മിസൈല്‍ ഉത്പാദനം സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കാന്‍ ഉദ്ദേശിക്കുന്നതായി ഈ വര്‍ഷം മെയില്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സൂചന നല്‍കിയിരുന്നു. ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറണമെന്നും അത്തരം നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നുമായിരുന്നു ഈ വര്‍ഷം മെയില്‍ ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ഒരു പരിപാടിയില്‍ സംസാരിക്കവെ രാജേഷ് കുമാര്‍ പറഞ്ഞത്.

Content Highlight: Centre opens conventional missile production to Indian industry




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related