World
ഹോര്‍മുസിലെ താത്ക്കാലിക കപ്പല്‍ പാത: ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്
തെഹ്റാന്: ഹോര്‍മുസില്‍ പുതിയ താത്കാലിക കപ്പല്‍ പാതയുടെ കാര്യത്തില്‍ ഇറാനും ഒമാനും ധാരണയിലെത്തി. കപ്പല്‍ പാതയുടെ കാര്യത്തില്‍ ഒമാനുമായി ധാരണയിലെത്തിയെങ്കിലും ജൂണില്‍ ഒപ്പുവെച്ച ഇടക്കാല കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് തുറന്ന് കൊടുക്കൂ എന്നും ഇറാന് ഉപ പ്രധാനമന്ത്രി കാസിം ഘാരിബാബാദി പറഞ്ഞു.
ഇറാന്റെയും ഒമാന്റെയും നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഹോര്‍മുസിലെ ഗതാഗതം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഇറാനും ഒമാനും കഴിഞ്ഞ കുറേ ആഴ്ചകളായി പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഹോര്‍മുസിലെ പുതിയ കപ്പല്‍ പാതയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി ഘാരിബാബാദി ഇറാന് ദേശീയ ടെലിവിഷനില്‍ സംസാരിക്കവെ പറഞ്ഞു. പുതിയ പാതയിലൂടെയുള്ള പ്രവേശനം നമ്മുടെ പ്രാദേശിക ജലപാതയിലൂടെയായിരിക്കും. കൂടാതെ പുറത്തേക്കുള്ള പാതയുടെ ഒരു ഭാഗം ഇറാന്റെ പ്രാദേശിക ജലപാതയിലൂടെയും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താത്കാലിക ഗതാഗത ഇടനാഴിക്ക് 11.3 കിലോമീറ്റര്‍ വീതിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒമാനുമായി ധാരണയായ ഗതാഗത പാത ഒരു താല്‍ക്കാലിക പാതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് വിഷയത്തില്‍ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. താല്‍ക്കാലിക ഗതാഗത ഇടനാഴിയെക്കുറിച്ചും കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്ന പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്തതായും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇടനാഴി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ബുസൈദി തല്‍ പറഞ്ഞു. ‘കടലിടുക്കിന്റെ ഭാവി മാനേജ്മെന്റും സ്ഥിരമായ ഒരു പരിഹാരവും യഥാസമയം ഉണ്ടാകും’ എന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ എല്ലാം നീക്കം ചെയ്യുകയോ തകര്‍ക്കുകയോ ചെയ്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ‘പുതിയ മൈനുകള്‍ സ്ഥാപിക്കുന്ന കപ്പലുകളെയും ബോട്ടുകളെയും ഉടന്‍ നശിപ്പിക്കുമെന്ന് ഇറാനെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യല്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ യു.എസും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇറാന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടഞ്ഞത്. എന്നാല്‍ ജൂണ്‍ 17-ന് യു.എസുമായി ഒരു ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചതിനെത്തുടര്‍ന്ന് വാണിജ്യ കപ്പലുകള്‍ക്ക് ഹോര്‍മുസ് തുറന്നുകൊടുക്കാന്‍ ഇറാന് തയ്യാറായിരുന്നു. 60 ദിവസത്തേക്ക് കടലിടുക്ക് തുറന്ന് കൊടുക്കാനായിരുന്നു ധാരണാ പത്രത്തിലെ വ്യവസ്ഥ.
ലബനനിലെ ഇസ്രഈല്‍ ആക്രമണം അടക്കം എല്ലാ പോര്‍മുഖങ്ങളിലെയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും ധാരണാ പത്രത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതടക്കമുള്ള ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ യു.എസ് ലംഘിച്ചതിനെ തുടര്‍ന്ന് ഹോര്‍മുസ് വീണ്ടും അടക്കുകയാണെന്ന് ഇറാന് വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.
Content Highlight: Iran, Oman agree on new temporary route in Hormuz
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




