3
September, 2026

A News 365Times Venture

3
Thursday
September, 2026

A News 365Times Venture

ടി.കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും പറയുന്നത് ആധികാരികമായി എടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്ന് എം.വി ഗോവിന്ദന്‍

Date:

തിരുവനന്തപുരം: പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോല്‍വിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ ഉന്നയിച്ച വാദങ്ങളെ പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മണ്ഡലങ്ങളില്‍ ജനങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന പിണറായിയുടെ വാദത്തെ അംഗീകരിക്കുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോവിന്ദന്‍ പറഞ്ഞു.

ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ് ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ടി.കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും പറയുന്ന കാര്യങ്ങള്‍ ആധികാരികമായി എടുക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിണറായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തങ്ങളുടെ സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പിണറായിയുടെ പ്രസംഗമെന്നും എം.വി ഗോവിന്ദന്‍ അവകാശപ്പെടുന്നു.

‘ഒന്നര മണിക്കൂര്‍ നേരത്തെ പ്രസംഗമാണ്. ആ പ്രസംഗത്തിന്റെ ഏതെങ്കിലും ഒരു ഭാഗം കേട്ടിട്ട് അതാണ് ഇങ്ങനെയാണ് പറഞ്ഞത് എന്ന് പറയുന്നതില്‍ യാതൊരു കാര്യമില്ല. എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട്.

പിണറായി വിജയന്‍ അവിടെ നാല് യോഗത്തിലാണ് പങ്കെടുത്തത്. ഈ നാല് യോഗത്തിലും കൃത്യമായിട്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ആ വിശദീകരിച്ചത് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെയും അതുപോലെതന്നെ സംസ്ഥാന കമ്മിറ്റിയുടെയും എല്ലാം ധാരണ അടിസ്ഥാനപ്പെടുത്തിയിട്ടാണ്. സെന്‍ട്രല്‍ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും താഴെ പാര്‍ട്ടി മെമ്പര്‍മാര്‍ക്കിടയിലും അതുപോലെ പൊതുജനങ്ങള്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിട്ട് തന്നെയാണ്,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറയുന്നു.

‘ഞങ്ങളുടെ സംസ്ഥാന കമ്മിറ്റിയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും റിവ്യൂ റിപ്പോര്‍ട്ട് നിങ്ങളുടെ കയ്യിലില്ലേ. അത് വായിച്ചു നോക്കിയാല്‍ മതി. വീണ്ടും ഓരോന്നോരോന്നായിട്ട് വായിച്ചു നോക്കിയാല്‍ മതി. എല്ലാം അതിനകത്തുണ്ട്,’ എന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടി വിരുദ്ധമായ നിലപാട് സ്വീകരിച്ചവരാണ് കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും. ഈ രണ്ട് ആളുകളുടെയും നിലപാടിനെ ശക്തിയായിട്ട് വിമര്‍ശിച്ചുകൊണ്ട്, ജനങ്ങള്‍ക്ക് അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അത് മനസ്സിലാക്കാന്‍ ആയില്ല എന്നുള്ള ദൗര്‍ബല്യം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സഖാവ് പിണറായി സംസാരിച്ചത്. അതിന്റെ ഭാഗമായിട്ട് വേറെ കാര്യങ്ങള്‍ വിശദീകരിക്കേണ്ട കാര്യമില്ല,’ എന്നും ഗോവിന്ദന്‍ പറയുന്നു.

സി.പി.ഐ.എം റിപ്പോര്‍ട്ടിന്റെ മേലെ പറയാന്‍ ടി.കെ ഗോവിന്ദന്‍ ആരാണെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു. അദ്ദേഹം അവസരവാദിപരമായി വര്‍ഗ്ഗവഞ്ചനയുടെ ഭാഗമായിട്ടും ചതിയുടെ ഭാഗമായിട്ടും സി.പി.ഐ.എമ്മിന്റെ ജില്ല സെക്രട്ടറി അംഗം എന്നതില്‍ നിന്ന് മാറി യു.ഡി.എ.ഫിലേക്ക് പോയ ആളല്ലേ. കുഞ്ഞികൃഷ്ണനും അതുപോലെ തന്നെയല്ലേയെന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു.

ടി.കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും പറയുന്നത് ആധികാരികമായി ഏറ്റെടുക്കേണ്ട പല കാര്യവും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉണ്ടോ. ഞങ്ങള്‍ക്കില്ല. കൃത്യമായ കാര്യങ്ങള്‍ അവിടെ വിശദീകരിച്ചിട്ടുണ്ട്. വിശദീകരിക്കാന്‍ എന്തൊക്കെയാണോ തീരുമാനിച്ചത് അതൊക്കെ വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘പയ്യന്നൂര്‍ പോലെ ഏറ്റവും കൂടുതല്‍ വോട്ടിന് ജയിക്കുന്ന മണ്ഡലത്തില്‍ പാര്‍ട്ടി വോട്ട് പോലും മാറി ചെയ്തിട്ടുണ്ട് എന്നുള്ള കാര്യമാണ് പിണറായി വിശദീകരിച്ചത്. അത നേരത്തെ പറഞ്ഞതാണ്. അതിലൊന്നും ഒരുതരത്തിലുള്ള പുതിയ കാര്യവുമില്ല. എല്ലാം പഴയ കാര്യം തന്നെയാണ്.

ആ ഒന്നര മണിക്കൂര്‍ നേരത്തെ വിശദീകരണത്തിന്റെ ആദ്യഭാഗം മുഴുവന്‍ നിങ്ങള്‍ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യം കൂടി ചൂണ്ടികാണിച്ചുകൊണ്ടാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അതിലൊന്നും ഒരു സംശയവുമില്ല,’ ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. പ്രധാനമായിട്ടും തെറ്റിദ്ധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കെതിരെ ജനം വോട്ട് ചെയ്യാന്‍ ഒരു കാരണവും ഈ മണ്ഡലങ്ങളില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അക്കാര്യത്തില്‍ താന്‍ കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പറഞ്ഞതില്‍ നില്‍ക്കുകയാണന്ന് എം.വി ഗോവിന്ദന്‍ മറുപടി നല്‍കി. അതിന് അപ്പുറം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയം തെറ്റിയെന്ന് പാര്‍ട്ടി തന്നെ പറയുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് ആ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ അവകാശമില്ലേ എന്ന ചോദ്യത്തിന് അങ്ങനെ അവകാശമില്ലെന്നും ഗോവിന്ദന്‍ മറുപടി നല്‍കി. ‘പാര്‍ട്ടി സഖാക്കള്‍ക്ക് അങ്ങനെയുള്ള ഒരു അവകാശം അവര്‍ ഉപയോഗിക്കുന്നില്ലല്ലോ. സ്വാഭാവികമായിട്ടും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായിട്ട് നില്‍ക്കേണ്ടുന്ന സ്ഥാനത്ത് അതല്ലാതെ നിലപാട് സ്വീകരിച്ചതിനെ വിമര്‍ശനാത്മകമായിട്ട് പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ,’ എം.വി ഗോവിന്ദന്‍ പറഞ്ഞു.

ജനം തെറ്റിധരിക്കപ്പട്ടു എന്നത് ശരിയാണ്. എല്‍.ഡി.എഫ് തോറ്റ 102 മണ്ഡലങ്ങളില്‍ മാത്രമല്ല അതില്‍ കൂടുതല്‍ മണ്ഡലങ്ങളിലും ജനം തെറ്റിധരിച്ചിട്ടുണ്ടാവുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മറുപടി നല്‍കി. ആ മണ്ഡലങ്ങളില്‍ ജനം തെറ്റിധരിക്കപ്പെട്ടിട്ടും പാര്‍ട്ടി ജയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

തങ്ങള്‍ തിരുത്തല്‍ പ്രക്രിയ നടത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ദുര്‍ബലത മനസ്സിലാക്കി ഫലപ്രദമായി കാര്യങ്ങള്‍ മുന്നോട്ടേക്ക് നീയിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണല്ലോ എക്‌സ്റ്റേര്‍ണല്‍ സ്റ്റേറ്റ് കമ്മിറ്റിയും അതിന്റെ ഭാഗമായിട്ടുള്ള രേഖയും. ആ രേഖ വീണ്ടും സംസ്ഥാന കമ്മിറ്റി ഒക്കെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Content Highlight: MV Govindan Supports Pinarayi Vijayans Remarks on Payyannur and Thalipparamba Defeat

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related