ഛണ്ഡീഗര്‍: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌ക്കരണത്തിന്റെ ഭാഗമായി തയ്യറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് മുന്‍ എ.എ.പി നേതാവും ബി.ജെ.പി എം.പിയുമായ രാഘവ് ഛദ്ദ പുറത്ത്. എന്നാല്‍ പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി രാഷ്ട്രീയ പകപ്പോക്കല്‍ നടത്തുകയാണെന്നായിരുന്നു രാഘവ് ഛദ്ദയുടെ പ്രതികരണം.
‘പഞ്ചാബിലെ എ.എ.പി സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ പ്രതികാര രാഷ്ട്രീയം കരട് വോട്ടര്‍പട്ടികയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഞാന്‍ പഞ്ചാബില്‍ നിന്നുള്ള നിലവിലെ രാജ്യസഭാ എം.പിയാണ്. എന്റെ വോട്ടര്‍ ഐഡി പഞ്ചാബിലെ മൊഹാലിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. എന്നിട്ടും കരട് വോട്ടര്‍പട്ടികയില്‍ എന്റെ പേര് സ്ഥലം മാറിയത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്,’ ഛദ്ദ പറഞ്ഞു.
2022 ലായിരുന്നു എ.എ.പി സ്ഥാനാര്‍ത്ഥിയായി ഛദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം ആദ്യം ബി.ജെ.പിയിലേക്ക് പോവുകയായിരുന്നു.
ഇത് വെറുമൊറുമൊരു പിശകായി തോന്നുന്നില്ലെന്നും രാഷ്ട്രീയ പകപ്പോക്കലാണെന്നും ഛദ്ദ പറഞ്ഞു.
പഞ്ചാബ് സര്‍ക്കാരിലെ ഉദ്യോഗസ്ഥരാണ് തന്റെ പേര് വെട്ടിയതെന്നും അത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
‘പഞ്ചാബിലെ എ.എ.പി സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ പ്രതികാര രാഷ്ട്രീയം കരട് വോട്ടര്‍പട്ടികയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഞാന്‍ പഞ്ചാബില്‍ നിന്നുള്ള നിലവിലെ രാജ്യസഭാ എം.പിയാണ്, എന്റെ വോട്ടര്‍ ഐഡി പഞ്ചാബിലെ മൊഹാലിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. എന്നിട്ടും കരട് വോട്ടര്‍പട്ടികയില്‍ എന്റെ പേര് ‘സ്ഥലം മാറിയത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്,’ ചദ്ദ പറഞ്ഞു.
എന്നാല്‍ പിന്‍വാതിലൂടെ ദല്‍ഹിയില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിക്കുന്നത് കൈയ്യോടെ പിടികൂടിയതോടെ കുറ്റം മുഴുവന്‍ പാര്‍ട്ടിയുടെ തലയിലാക്കാന്‍ ശ്രമിക്കുകയാണെന്ന് എ.എ.പി തിരിച്ചടിച്ചു.
എസ്.ഐ.ആര്‍ പ്രക്രിയ കേന്ദ്ര സര്‍ക്കാരാണ് നടത്തുന്നതെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിലോ ഒഴിവാക്കുന്നതിലോ പഞ്ചാബ് സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും പാര്‍ട്ടി പറഞ്ഞു.
‘ പിന്‍വാതില്‍ വഴി ദല്‍ഹിയില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു പ്രമുഖ ദേശീയ ഇംഗ്ലീഷ് ദിനപത്രം രാഘവ് ചദ്ദയെ കയ്യോടെ പിടികൂടിയിരുന്നു. ഇപ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആം ആദ്മി പാര്‍ട്ടിയിലും പഞ്ചാബ് സര്‍ക്കാരിലും ചുമത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്,’ ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
ഛദ്ദ ദല്‍ഹിയിലാണ് താമസിക്കുന്നതെന്നും അതിനാല്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കിയതില്‍ പഞ്ചാബ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.
‘രാഘവ് ഛദ്ദ ജീവിക്കുന്നത് പഞ്ചാബിലല്ല, ദല്‍ഹിയിലാണെന്നത് പരസ്യമായ വസ്തുതയാണ്. അദ്ദേഹം ഇനി പഞ്ചാബില്‍ താമസിക്കുന്നില്ലെങ്കില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തുന്നതും മാറ്റുന്നതും അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്തമാണ്. പേര് നീക്കം ചെയ്തതിന് അദ്ദേഹത്തിന് എ.എ.പിയെയോ പഞ്ചാബ് സര്‍ക്കാരിനെയോ കുറ്റപ്പെടുത്താനാവില്ല,’ പാര്‍ട്ടി വ്യക്തമാക്കി.
മുന്‍കാല തീയതി വച്ച് ദല്‍ഹിയില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കാന്‍ ചദ്ദ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച എ.എ.പി അത്തരം പ്രക്രിയകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
പഞ്ചാബില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ പ്രക്രിയയ്ക്കിടെയാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്. കരട് പട്ടികയില്‍ നിന്ന് പുറത്തായ വോട്ടര്‍മാര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 12ന് പ്രസിദ്ധീകരിക്കും.
Content Highlight: Raghav Chadha terms removal from voter list an act of political vendetta; AAP hits back, stating the Centre—not the Punjab government—is conducting the revision.




