ലണ്ടന്‍: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ യു.കെ സന്ദര്‍ശനത്തിനെതിരെ രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കത്തെഴുതി. യു.കെയിലെ മത വിശ്വാസ സ്വാതന്ത്ര്യ പ്രതിനിധികളായ ഡേവിഡ് സ്മിത്ത്, ജിം ഷാനണ്‍ എന്നിവര്‍ക്കാണ് 21 സംഘടനകള്‍ കത്തെഴുതിയത്.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ യു.കെ സന്ദര്‍ശനം സര്‍ക്കാര്‍ ബഹിഷ്‌കരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിക്കുന്നു. ആര്‍.എസ്.എസ് അംഗങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.
സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, യു.കെ. ഇന്ത്യന്‍ മുസ് ലിം കൗണ്‍സില്‍, ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഇന്ത്യ ലേബര്‍ സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് കത്തയച്ചത്.
ബ്രിട്ടണില്‍ ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീഷണികള്‍ സജീവമായി നിലനില്‍ക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭാഗവതിന്റെ സന്ദര്‍ശനം യുകെയിലെ ആര്‍.എസ്.എസ് അനുബന്ധ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കും. യു.കെയിലെ ദുര്‍ബല സമൂഹങ്ങളെ ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിലാക്കാന്‍ ഇത് കാരണമാവുമെന്നും കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം
രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള ഇറ്റലിയിലെയും ജര്‍മ്മനിയിലെയും ഫാസിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും അവയെ മാതൃകയാക്കുകയും ചെയ്യുന്ന ഒരു സ്വേച്ഛാധിപത്യ, ആണധികാര, സൈനികവല്‍കൃത, കേഡര്‍ സംഘടനയാണ് ഇന്ത്യയുടെ രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍.എസ്.എസ്).
ഹിറ്റ്‌ലറുടെ ജൂതന്മാരോടുള്ള പെരുമാറ്റത്തെ ‘വംശീയ അഭിമാനത്തിന്റെ’ ഒരു മാതൃകയായും ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തില്‍ ഇന്ത്യ അനുകരിക്കേണ്ട കാര്യമായുമാണ് ആര്‍.എസ്.എസ് ആചാര്യനായ എം.എസ്. ഗോള്‍വാള്‍ക്കര്‍ (ആര്‍.എസ്.എസിന്റെ തലവന്‍ എന്ന നിലയില്‍ മോഹന്‍ ഭാഗവതിന്റെ മുന്‍ഗാമികളില്‍ ഒരാള്‍) കുപ്രസിദ്ധമായി വിശേഷിപ്പിച്ചത്.
RSS Workers | File Image
ഇന്ത്യന്‍ ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും മറ്റ് അഹിന്ദുക്കളെയും പുറത്താക്കുകയോ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യുകയോ അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയോ ചെയ്യുന്ന ഒരു ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് അന്നും ഇന്നും ആര്‍.എസ്.എസിന്റെ പ്രധാന ലക്ഷ്യം.
ആര്‍.എസ്.എസിനെ ‘ലോകത്തിലെ ഏറ്റവും വലിയ എ.ന്‍.ജിഒ’ എന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചപ്പോള്‍ അതിന്റെ സംഘ പരിവാറിനെ ഒരു ആഗോള ഡാറ്റാബേസ് ‘ചരിത്രത്തിലെ ഏറ്റവും വലിയ തീവ്ര വലതുപക്ഷ ശൃംഖല’ എന്ന് വിശേഷിപ്പിച്ചു.
ആര്‍.എസ്.എസ് ലോകത്താകെ അക്രങ്ങള്‍ക്ക് പ്രചോദനമായിരുന്നു. ഉദാഹരണത്തിന്, 2011-ല്‍ ഒരു സമ്മര്‍ ക്യാമ്പില്‍ കൂട്ട വെടിവയ്പ്പ് നടത്തി 77 പേരെ കൊല്ലുകയും 323-ലധികം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നോര്‍വീജിയന്‍ നിയോ-നാസി ആന്‍ഡേഴ്‌സ് ബ്രെവിക് ആര്‍.എസ്.എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. ബ്രിട്ടനില്‍, ആര്‍.എസ്.എസിന്റെ വിദേശ വിഭാഗമായ ഹിന്ദു സ്വയംസേവക് സംഘം (എച്ച്.എസ്.എസ്) 2022-ലെ ലെസ്റ്റര്‍ കലാപത്തിനിടെ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ പങ്കാളികളായിരുന്നു.
അനധികൃത അര്‍ദ്ധ സൈനിക സംഘങ്ങളായ ബജ്‌റംഗ്ദള്‍, കുപ്രസിദ്ധമായ അക്രമാസക്തരായ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി, ഗോമാംസം കഴിക്കുകയോ പശുക്കളെ കൊല്ലുകയോ ചെയ്യുന്നതായി സംശയിക്കുന്നവരെ ആക്രമിച്ച് കൊല്ലുന്ന ‘ഗോ രക്ഷകര്‍‘, അതിന്റെ അനുബന്ധ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഹിന്ദു-മേധാവിത്വ ‘സംഘ പരിവാര’ത്തിന്റെ കേന്ദ്രമാണ് ആര്‍.എസ്.എസ്.
ആര്‍.എസ്.എസിന്റെ സുതാര്യമല്ലാത്ത അന്തര്‍ദേശീയ സംഘടനകളുടെ ശൃംഖല വഴി അവര്‍ ലോകത്താകെ പ്രവര്‍ത്തിക്കുന്നു. യു.കെയില്‍ നിന്ന് ചാരിറ്റി സംഭാവനകളുടെ മറവില്‍ അവര്‍ ഫണ്ട് ശേഖരിക്കുന്നത് തുടരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് അവര്‍ ഇത് ചെയ്യുന്നത്. ഈ ഫണ്ടുകള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടതായി അന്വേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ആര്‍.എസ്.എസും അതിന്റെ അനുബന്ധ സംഘടനകളും ഇന്ത്യയില്‍ നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ചുവടെ ചേര്‍ത്തിരിക്കുന്നവ ഉള്‍പ്പെടുന്നു:
- ഭൂരിഭാഗവും മുസ്‌ലിങ്ങളായ 2000 പേര്‍ കൊല്ലപ്പെടുകയും 200,000 പേര്‍ കുടിയിറക്കപ്പെടുകയും ചെയ്ത
ഗുജറാത്ത് വംശഹത്യയിലെ ആര്‍.എസ്.എസ് അനുബന്ധ സംഘടനകളുടെ പങ്കാളിത്തം. അക്രമത്തിന് ‘വംശീയ ഉന്മൂലനത്തിന്റെ എല്ലാ ലക്ഷണങ്ങളും’ ഉണ്ടായിരുന്നുവെന്നും പൊലീസിനെ തിരിച്ച് വിളിക്കുന്നതിലും തീവ്രവാദികളെ സംരക്ഷിക്കുന്നതിലും മോദി സജീവമായി ഇടപെട്ടെന്നും ബ്രിട്ടിഷ് ഹൈക്കമ്മീഷന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. - ആര്‍.എസ്.എസും അനുബന്ധ സംഘടനകളും വിദ്വേഷവും വിവേചനവും പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും, അടിച്ചമര്‍ത്തപ്പെട്ട ജാതിക്കാര്‍ക്കും മറ്റ് അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും നേരെ നേരിട്ട് അക്രമം നടത്തുകയും ചെയ്തതിന്റെ ഒരു ധാരാളം തെളിവുകള്‍.
- മുതിര്‍ന്ന ആര്‍.എസ്.എസ്/ബി.ജെ.പി നേതാക്കള്‍ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുകയും അവരുടെ ജീവിതം, സ്വാതന്ത്ര്യം, സമത്വം എന്നിവ നിഷേധിക്കുകയും അവരെ രണ്ടാം തരം പൗരന്മാരാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞ പതിറ്റാണ്ടില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ച വര്‍ദ്ധിച്ചുവരുന്ന ആരോപണങ്ങള്‍.
- ഇന്ത്യയിലെയും യു.കെയിലെയും ആര്‍.എസ്.എസ് അനുബന്ധ സംഘടനകള്‍ സമീപ വര്‍ഷങ്ങളില്‍ യു.കെയില്‍ വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുകയും, ഭിന്നത വിതയ്ക്കുകയും, ബ്രിട്ടനിലെ വിശ്വാസ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
- ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകള്‍ ആഗോളതലത്തില്‍ സജീവമായ അന്തര്‍ദേശീയ അടിച്ചമര്‍ത്തലില്‍ ഏര്‍പ്പെടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിമര്‍ശകര്‍, അക്കാദമിക് വിദഗ്ധര്‍, പ്രവാസി സമൂഹങ്ങളിലെ വിയോജിപ്പുള്ള ശബ്ദമുയര്‍ത്തുന്നവര്‍ എന്നിവരെ ലക്ഷ്യം വച്ച് ഭീഷണി പ്രചാരണങ്ങള്‍ നടത്താന്‍ അവരുടെ പ്രാദേശിക ശൃംഖലകളെ ഉപയോഗിക്കുന്നു. ഇക്കാര്യം നടക്കുന്നുണ്ടെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് അംഗീകരിച്ചതാണ്.
- ‘വ്യവസ്ഥാപിതവും, തുടര്‍ച്ചയായതും, അതിരുകടന്നതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നതിനാലും അവയെ വെച്ചുപൊറുപ്പിക്കുന്നതിനാലും,’ ഇന്ത്യയെ പ്രത്യേക ആശങ്കാകുലമായ രാജ്യമായി (സി.പി.സി) നിര്‍വചിക്കാന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി യു.എസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ആര്‍.എസ്.എസിനും അതിന്റെ നേതൃത്വത്തിനുമെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ചില ഭയാനകമായ തെളിവുകളെ അടിസ്ഥാനമാക്കി യു.എസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.’മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളായതിനാലും അവയെ വെച്ചുപൊറുപ്പിച്ചതിനാലും’ അവര്‍ക്കെതിരെ യാത്രാ വിലക്കും പ്രവേശന വിലക്കും ചുമത്താനും ആസ്തികള്‍ മരവിപ്പിക്കാനും അടക്കമായിരുന്നു ശുപാര്‍ശ.
RSS Workers | File Image
യു.എസും കാനഡയും ഉള്‍പ്പെടുന്ന ഒരു വിദേശ പര്യടനത്തിന്റെ മൂന്നാം ഘട്ടമായതാണ് മിസ്റ്റര്‍ ഭഗവതിന്റെ ബ്രിട്ടനിലേക്കുള്ള സന്ദര്‍ശനം. യു.കെയിലെ അയാളുടെ സഖ്യകക്ഷികളുടെ പിന്തുണയോടെയുള്ള പ്രകോപനപരമായ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമാണിത്. ബ്രിട്ടിഷ് സര്‍ക്കാര്‍ അയാള്‍ക്ക് ഈ അവസരം അനുവദിക്കരുത്.
പ്രാദേശിക ബഹുസ്വര ഘടനയെ പിരിമുറുക്കത്തിലാക്കിക്കൊണ്ടും, പൊതു ഇടങ്ങളെ ധ്രുവീകരിച്ചുകൊണ്ടും, വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിക്കൊണ്ടും ബ്രിട്ടണിലെ അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നതിനായുള്ള സംഘര്‍ഷങ്ങള്‍ അനുവദിക്കരുത്.
ബ്രിട്ടണില്‍ ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീഷണികള്‍ യഥാര്‍ത്ഥവും സജീവമായും നിരന്തരമായും നിലനില്‍ക്കുന്നവയുമാണ്. മിസ്റ്റര്‍ ഭാഗവതിന്റെ സന്ദര്‍ശനം യു.കെയിലെ ആര്‍.എസ്.എസ് അനുബന്ധ സംഘടനകള്‍ വിദ്വേഷ പ്രസംഗം പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യന്‍ പ്രവാസികളെ കൂടുതല്‍ ധ്രുവീകരിക്കുന്നതിനെയും രാജ്യത്താകെയുള്ള ദുര്‍ബല സമൂഹങ്ങള്‍ക്ക് ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കും.
ഇത് ബ്രിട്ടീഷ് നിവാസികള്‍ക്ക് പെട്ടെന്നള്ള പൊതു സുരക്ഷാ അപകടങ്ങളുണ്ടാകാന്‍ കാരണമാവും. അത് അവരുടെ അവകാശങ്ങള്‍ക്കും സമൂഹ ഐക്യത്തിനും ഭീഷണിയാണ്.
ലോകത്താകെയുള്ള മത വിശ്വാസ സ്വാതന്ത്ര്യ സംരക്ഷകര്‍ എന്ന നിലയില്‍, ആര്‍.എസ്.എസിനെ പരസ്യമായി അപലപിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ ആര്‍.എസ്.എസ് അംഗങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും മേല്‍ യു.കെ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു.
ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനും ഞങ്ങളുടെ ആശങ്കകള്‍ നേരിട്ട് നിങ്ങളെ അറിയിക്കുന്നതിനുമായി എത്രയും വേഗം നിങ്ങളെയോ നിങ്ങളുടെ ഉദ്യോഗസ്ഥരെയോ കാണാനുള്ള അവസരത്തിനായും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
അടിയന്തര പൊതുജന ആശങ്കയുള്ള ഈ വിഷയത്തില്‍ നിങ്ങളുടെ സമയോചിതമായ പ്രതികരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒപ്പുവെച്ചവര്‍: സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, യു.കെ ഇന്ത്യന്‍ മുസ്‌ലിം കൗണ്‍സില്‍, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് യു.കെ, പെരിയാര്‍ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍, ഇന്ത്യ ലേബര്‍ സോളിഡാരിറ്റി (യു.കെ), സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പെയ്ന്‍, ദളിത് സോളിഡാരിറ്റി നെറ്റ്വര്‍ക്ക് (ഡി.എസ്.എന്‍-യു.കെ), മുസ്‌ലിം എന്‍ഗേജ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് (എം.ഇ.എന്‍.ഡി), ബര്‍മിംഗ്ഹാം ബ്ലാക്ക് സിസ്റ്റേഴ്സ്, ഇന്റര്‍നാഷനല്‍ സോളിഡാരിറ്റി ഫോര്‍ അക്കാദമിക് ഫ്രീഡം ഇന്‍ ഇന്ത്യ (ഇന്‍സാഫ് ഇന്ത്യ), ജോയിന്റ് കമ്മിറ്റി ടു സ്റ്റോപ് റിപ്രഷന്‍ ഇന്‍ ഇന്ത്യ (ജെ.സി.എസ്.ആര്‍.ഐ), മൈനോരിറ്റി റൈറ്റ്‌സ് ഗ്രൂപ്പ്, ബ്ലാക്ക് ആന്റ് ബ്രൗണ്‍ റെയിന്‍ബോ, മില്ല്യണ്‍ വിമണ്‍ റൈസ്, സ്‌ട്രൈവ് യുകെ, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ജി.ബി), നിജ്ജോര്‍ മനുഷ്, സൗത്ത് ഏഷ്യന്‍ ലിബറേഷന്‍ മൂവ്‌മെന്റ്, ഡോയ്കായ്റ്റ് കളക്ടീവ്, പൊഴില്‍ തമിഴ് വിമണ്‍സ് ഓര്‍ഗനൈസേഷന്‍, ഇന്‍ഡസ് ലെഗസി.
Content Highlight: UK government: boycott Mohan Bhagwat’s visit, condemn and sanction the RSS!- Letter of Diaspora Organisations




